Thursday, February 14, 2019

Thursday, February 14, 2019 0

മൌന നൊമ്പരം-2

രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന നാടകം  "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന്  പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു.  പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ  വാചകം ആണിത്.  പോസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു വെള്ള കടലാസില്‍ സ്കെച്ച് പേന കൊണ്ടു എഴുതി വച്ചിരിക്കുന്നു!

രാഷ്ട്രീയ നിറത്തിന്റെ പേരില്‍ ഭിന്നിച്ചു പലപല പേരില്‍ നാടകം കളിക്കുന്ന കലാസമിതികളില്‍ അവസരം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന  നാടകം ആണിത്.  പലരും യൂപി സ്കൂളില്‍ പഠിക്കുന്നവര്‍ .

നാടക റിഹേര്‍സലും പിരിവും തകൃതിയായി നടക്കുന്നു. ഇടമൂട് ഏരിയ മുഴുവന്‍ അടക്കി പിരിച്ചു.  അതിനിടെ ബോംബേയില്‍ (ഇന്നത്തെ മുംബായ് ) ഉള്ള ഒരാള്‍ നാട്ടില്‍ വന്നു.  പിരിവുകാര്‍ അവിടെയും ചെന്നു .  സന്തോഷത്തോടെ അയാള്‍ പിടക്കുന്ന രണ്ടു രൂപയുടെ നോട്ട് എടുത്തു കൊടുത്തു.. പിരിവുകാരുടെ കണ്ണ് തള്ളിപ്പോയി!  കാരണം അതുവരെ മറ്റുള്ളവരില്‍ നിന്നും കിട്ടിയത് അമ്പത് പൈസയും കൂടിയാല്‍ ഒരു രൂപയും ആയിരുന്നു. അങ്ങനെ ആകെ പിരിവ്  അറുപതു രൂപ.  നാടക ദിവസം അടുക്കാറായി.  സ്റ്റേജ് നു വേണ്ടി കര്‍ട്ടന്‍ ബുക്ക്  ചെയ്തു - രൂപാ ഇരുപതു അതിനായി.  ഓര്‍സ്ട്ര  എന്ന് പറയാന്‍ ഒന്നും ഇല്ല.  നാട്ടില്‍ ഒരു തബലക്കാരന്‍ ഉണ്ട് . അവരുടെ മകനും തബല അറിയാം .  എന്നാല്‍ അയാളെ വിളിക്കാം. അങ്ങനെ തബല സുനിയുടെ അടുത്ത് ചെന്നു.  മുപ്പതു രൂപയില്‍ അഞ്ചു പൈസ കുറക്കാന്‍ അയാള്‍ തയ്യാറായില്ല.  ഇരുപതും മുപ്പതും - അമ്പത് , ആകെ പിരിഞ്ഞത് അറുപതു രൂപ.  ഇനി ബാക്കി പത്തു രൂപാ കൊണ്ടു  വേണം ബാക്കി ചിലവുകള്‍ നിര്‍വഹിക്കാന്‍ !  അങ്ങനെ മനസ്സില്ലാ മനസ്സോടെ മുപ്പതു രൂപയ്ക്ക് തബല ബുക്ക് ചെയ്തു - തബല സുനിയേ മനസ്സില്‍ പ്രാകി കൊണ്ടു!

ഒരു ഭാഗത്ത്‌ റിഹേര്‍സല്‍ തകൃതിയായ് നടക്കുന്നു.  ഇതിനിടെ പ്രധാന നടനായ പ്രമോദിന്റെ അമ്മ  സംവിധായകനോട് ഒരു പരാതി പറഞ്ഞു.   എന്നാലും എന്റെ വിനോദേ  .. എന്റെ മോന് ഇത്രയും ഡയലോഗ് എന്തിനാണ് കൊടുത്തത്.  അത് മുഴുവന്‍ എങ്ങിനെയാണ് അവന്‍ പഠിക്കുക .  കുറച്ചു ഡയലോഗ് എന്തായാലും കുറക്കണം.  എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ എന്ന് സംവിധായകനും പറഞ്ഞു.   അഞ്ചു മിനിറ്റ് കൊണ്ടു എഴുതി, അഞ്ചു പേരെ വച്ച്,  കേവലം അഞ്ചു മിനിട്ട് നേരം ഉള്ള നാടകത്തിന്റെ ഡയലോഗിനെ കുറിച്ചായിരുന്നു ഈ പരാതി !

ഒടുക്കം നാടകം നടക്കേണ്ട ദിവസം ആയപ്പോഴേക്കും സംവിധായകന്റെ ശബ്ദം അടഞ്ഞു.  കാരണം രണ്ടു വരി ഡയലോഗ് പോലും ശരിയായി പഠിക്കാതെ , ഇന്നലെ പറഞ്ഞു കൊടുത്തത് ഇന്ന് ഓര്‍ക്കാതെ ഒക്കെ ആണ് പല നടന്മാരും വന്നിരുന്നത്.  ചുക്ക് കാപ്പിയും കുടിച്ചു തന്റെ  ശബ്ദം ശരിയായാവണേ എന്ന് പ്രാര്‍ഥിക്കാനേ പാവം സംവിധായകന് കഴിഞ്ഞുള്ളൂ.

നാടകം തുടങ്ങാറായി , അതിനുമുന്‍പ്‌ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ അവിടുള്ള സഹോദരിമാര്‍ ഒക്കെ ചേര്‍ന്ന്  ഡാന്‍സ് അവതരിപ്പിച്ചു , കൂടാതെ ഹരിയുടെ വക ഒരു പാട്ടും!  അങ്ങനെ  പരിപാടി കൊഴുത്ത്  വരുന്നു.

സീമ നാടകം കാണാന്‍ നേരത്തെ വന്നു, പക്ഷെ മുന്‍ നിരയില്‍ ഒന്നും ഇരിക്കാന്‍ പ്പോയില്ല. അവള്‍ ആരെയോ കാത്തിരിപ്പാണ്.  സൈഡില്‍ ഒതുങ്ങി നിന്ന് ദേവേട്ടന്റെ വരവും കാത്തു അവള്‍ നിന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു .  അതാ ദേവേട്ടന്‍ .... അവള്‍ ദൂരത്തു നിന്ന് തന്നെ അയാളെ കണ്ടു - ദേവനും .   ദേവന്‍ അവളെ ആന്ഗ്യം കാണിച്ചു അടുത്തുള്ള മാവിന്‍ ചുവട്ടിലേക്ക്‌ വിളിച്ചു.  അവള്‍ വിളി കേട്ടു.

"ദേവേട്ടന്‍ വൈകിയല്ലോ ? ഞാന്‍ എത്ര നേരം ആയെന്നോ കാത്തു നില്‍ക്കുന്നെ "  അവള്‍ പരിഭവപ്പെട്ടു.

"എടീ , ബാലേട്ടന്റെ കണ്ണ് വെട്ടിച്ചുവേണ്ടേ വരാന്‍ , എട്ടന് അല്ലേലും ഇപ്പോള്‍ ചില സംശയം ഒക്കെ തോന്നി തുടങ്ങി യിട്ടുണ്ട്.  ചിലപ്പോള്‍ ബാലേട്ടനും നാടകം കാണാന്‍ വരും "

"ഈ ദേവേട്ടന്‍ എന്നും ഇങ്ങിനെയാ..... ഇങ്ങനെ ഏട്ടനെ പേടിച്ചു നടക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. "

"എടീ നിനക്കറിയില്ല.... ഏട്ടന്‍ എങ്ങിനെയാ എന്നെ വളര്‍ത്തിയതെന്നു . എനിക്കെന്റെ അച്ഛന്റെ സ്ഥാനത്താണ് ഏട്ടന്‍ ."

"എന്ന് വെച്ച് നമ്മുടെ കാര്യം ഏട്ടനോട് പറയണ്ടേ .... ഇങ്ങനെ എത്രനാള്‍ ഒളിച്ചു നടക്കും ... ഇപ്പോഴാണെങ്കില്‍  ദേവേട്ടന് ജോലിയും കിട്ടിയില്ലേ ?   അത് പോട്ടെ എന്നാണു ജോലിക്ക് ജോയിന്‍ ചെയ്യണ്ടത് ?"

"നാളെ ,  ഏതായാല്ലും കുറച്ചു കാലം കൂടി നമുക്കിങ്ങനെ കഴിയാം.... സന്ദര്‍ഭം വരുമ്പോള്‍ ഞാന്‍ തന്നെ എല്ലാം ഏട്ടനോട് പറയും, പക്ഷെ ഏട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ ? "

"സമ്മതിച്ചില്ലെങ്കില്‍ ?  ഇല്ലെങ്കില്‍ ഒളിചോടണം ... അല്ല പിന്നെ "

"അതോക്കെ നമുക്ക് പിന്നീട് ആലോചിക്കാം " ദേ ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്  .  നീ പോയി സ്ത്രീകളുടെ സൈഡില്‍ പോയി ഇരിക്കൂ... നാടകം കഴിഞ്ഞിട്ട് നമുക്ക് കാണാം.  അല്ലേല്‍ വേണ്ട... നാളെ ഞാന്‍ അമ്പലത്തില്‍  പോകുന്നുണ്ട് ... രാവിലെ.... നീ അവിടെ വാ. "

"ഓ .. ഒരി പേടി തൊണ്ടാന്‍ !  ആണായാല്‍ ഇത്തിരീ ധൈര്യം ഒക്കെ വേണം ... ഞാന്‍ പോയെക്കാമേ .... "

"കൂട്ടുകാരെ നിങ്ങള്‍ക്കു നന്ദി" തകൃതിയായി നടക്കുന്നു.  തബല സുനി ആവശ്യത്തിനും അനാവശ്യത്തിനും തബല കൊട്ടിക്കൊണ്ടേയിരുന്നു.   മുപ്പതു രൂപയുടെ കൊട്ട് കൊട്ടിയല്ലേ പറ്റൂ.. അല്ലേല്‍ കമ്മിറ്റിക്കാര് കൈവെക്കും!

കുഞ്ഞമ്മാവന്‍ (സന്തോഷ്‌) എല്ലാവരെയും അനുഗ്രഹിക്കുന്നതോടെ നാടകം പര്യവസാനിച്ചു.  പരിപാടി വിചാരിച്ചതിലും ഘംഭീരമായി ... കുറെ കഷണം വയറുകള്‍ കൂട്ടിച്ചേര്‍ത്തു കറന്റു കണ്ണക്ഷന്‍  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യുറ്റ് ആയി വയറെല്ലാം കത്തി നശിച്ചതൊഴിച്ചു !  ഒടുവില്‍ മുന്‍‌കൂര്‍ കരുതിയിരുന്ന റാന്തല്‍ വെളിച്ചത്തില്‍ നാടകം ശുഭകരമായി നടന്നു.                                                               _._

ഡിന്നര്‍ ... ഡിന്നര്‍ .... കാന്റീന്‍ ജീവനക്കാരന്‍ രാത്രി ഭക്ഷണവുമായി എത്തി.  അയാളുടെ ശബ്ദം കേട്ട് ബാലാന്‍ കഥ പറയല്‍ നിറുത്തി ഒന്ന്  ദീര്‍ഖശ്വാസം വലിച്ചു. "പഴയകാലം ഓര്‍ക്കുമ്പോള്‍ , ചെറുതും വലുതും ആയ ഓരോ സംഭവങ്ങള്‍ .... എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു.  അതൊക്കെ പോട്ടെ എന്താ നിങ്ങളുടെ പേര് " ബാലന്‍ സഹയാത്രികനോട് ചോദിച്ചു. "

എല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകുകയായിരുന്ന  സഹയാത്രികന്‍ പറഞ്ഞു .... "ചന്ദ്രന്‍ , ഞാന്‍ ആലപ്പുഴയില്‍ നിന്നാണ്.   നിങ്ങളുടെ നാടിനെ ക്കുറിച്ച് കേള്‍ക്കാന്‍ നല്ല രസം ഉണ്ട്.  അപ്പോള്‍ ദേവന്‍ ചേട്ടന്റെ അനിയന്‍ ആണ്.   ബാക്കി കൂടെ കേള്‍ക്കാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.  പറയൂ കേള്‍ക്കട്ടെ ...."

(തുടരും)

വിനോദ് ചിറയില്‍ 

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, April 11, 2018

Wednesday, April 11, 2018 0

നോക്കുകൂലി !!!


വളരെ പഴക്കമുള്ള ഒരാൽമരം. വിളക്ക് വച്ച് പൂജിക്കുന്ന ഒരു ചെറു കാവ് തന്നെയാണിത്. നേരം രാവിലെ പത്തു മണിയായിക്കാണും. കാണാൻ വിരൂപരല്ലാത്ത രണ്ടുപേർ ആ കാവിനടുത്തെത്തി.

ഒരാണും ... ഒരു പെണ്ണും !

പെണ്ണ് നമ്രശിരസ്കയായി കത്തുന്ന വിളക്കിനു മുൻപിൽ കൈകൂപ്പി നിന്നു.
ആണ് കയ്യിൽ കരുതിയിരുന്ന മാലകളിൽ ഒരെണ്ണം അവളുടെ കയ്യിൽ കൊടുത്തു. പിന്നെ പരസ്പരം മാലകൾ കഴുത്തിലണിയിച്ചു. അവളുടെ കൈപിടിച്ച് അവൻ ആൽമരത്തിനു ചുറ്റും മൂന്നു തവണ പ്രദിക്ഷണം വച്ചു. അവൻ അവളുടെ കൈവിടാതെ പറഞ്ഞു ... പോകാം.

അവർ യാത്രയാകാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നൊരു കനത്ത ശബ്ദം.....
നിൽക്കൂ...... !

അവൻ തിരിഞ്ഞു നോക്കി ചോദിച്ചു.... എന്താ ....?

അവളെ അങ്ങ് വിട്ടിട്ടു താൻ പോയ്‌ക്കോളൂ

 എന്തിനാ .... ???

അയാൾ മീശമുകളിലോട്ടു പിരിച്ചു കൊണ്ടു പറഞ്ഞു.......

നോക്കുകൂലി !!!
.........................
വിനോദ്

Wednesday, April 11, 2018 0

എൻറെ ഇന്നലെകൾ


 
നഷ്ടപ്പെട്ടുപോയ പണസഞ്ചി
ആലിൻ ചുവട്ടിലെ മണ്ണിലോ,
വിയർപ്പുതുള്ളിയുടെ വിലയിലോ,
വീണ്ടെടുത്തുവെന്നു വരാം.

എന്നാൽ നഷ്ടപ്പെട്ടുപോയ
ഇന്നലെകൾക്കുവേണ്ടി ഞാൻ
തിരയേണ്ടതെവിടെയാണ്?
കുന്നിൻപുറത്തെസന്ധ്യകളിലോ,
കാറ്റത്തടർന്നുവീണ
കരിയിലക്കൂട്ടങ്ങൾക്കിടയിലോ,
അതോ എൻറെ മോഹത്തിൻറെ
വറ്റാത്ത ഉറവുജലത്തിനിടയിലോ

___________
ഹിത

Tuesday, February 13, 2018

Tuesday, February 13, 2018 0

പുതുമകളുമായ് തുമ്പപ്പൂ


നീണ്ട ഇടവേളയ്ക്കു ശേഷം തുമ്പപ്പൂ വീണ്ടും വരികയാണ്.പുതിയ മാറ്റങ്ങളോടെ നിങ്ങൾക്ക് തുമ്പപ്പൂവിനെ വരവേൽക്ക൦.പുതിയ എഴുത്തു കാരെ സ്വാഗതം ചെയ്യുന്നു.കഥയ്ക്കും കവിതയ്ക്കും മത്സരങ്ങൾ സംഘടിപ്പിക്കാനും എഡിറ്റോറിയൽ ടീം തീരുമാനിച്ചതായി ഈ അവസരത്തിൽ അറിയിക്കുന്നു.കാത്തിരിക്കുക.....ടീം തുമ്പപ്പൂ 

Saturday, May 06, 2017

Saturday, May 06, 2017 1

സഞ്ചാരി

 പുനർ അവതരണം

ദൂരെ താറിന്‍റെ നെറുകയില്‍ സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു.  ഉഷ്ണത്തിന്റെ കാഠിന്യം മാറി താറിൽ തണുപ്പ് കോച്ചുന്നത് അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍ മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വല്ലാണ്ടെ വരിയാന്‍ തുടങ്ങിയിരുന്നു.... തോള്‍ സഞ്ചിയില്‍ ഒരു കമ്പിളി ഉണ്ടായിരുന്നു ........ സുനിത ബോംബയ്ന്നു കൊണ്ടുവന്നതാ, അവളിതു തരുമ്പോ പ്രത്യേകം പറഞ്ഞിരുന്നു അച്ഛന്‍ ശരീരം ശ്രദ്ധിക്കണം, തണുപ്പ് വല്ലാണ്ടെ കൂടിട്ടുണ്ട് ..... ശരീരം തന്നെ അനുസരിക്കുന്നില്ല എന്ന ബോധ്യം നന്നേ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതിന്‍റെതായ വയ്യായ്ക ഒന്നും കാണിച്ചില്ല.... കഴിഞ്ഞ ഒരാഴ്ചാ മുന്‍പാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌ ...... പാലക്കാട്ട് നിന്നും മധുരക്ക് ...  അവിടെ നിന്നും ട്രെയിനില്‍ പിന്നീട്.... വൈഗയില്‍ കുളിച്ച മീനാക്ഷിയെയും തൊഴുതു, ആയിരം കാല്‍ മണ്ഡപത്തില്‍ നിന്നും മുത്ത്‌ സ്വാമി ദീക്ഷിതര്‍ തന്ന ഭസ്മവും നെറ്റിയില്‍ അണിഞ്ഞു യാത്ര തുടങ്ങിയ... തന്‍ന്‍റെ തുടക്കം അയാള്‍ ആലോചിച്ചു ... പക്ഷെ അയാളുടെ ആലോചനകളെ അജ്മീര്‍ കവര്‍ന്നു, ആരവല്ലിയില്‍ മരുമഞ്ഞു പെയ്യുന്നുണ്ടായിരുന്നു, അതിനിടയിലൂടെ ചില നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു...ഒരു  പക്ഷെ അത് ചൌഹാന്‍മാരരാകാം, മുഗളന്‍മാരകാം, തങ്ങള്‍ തീര്‍ത്തു പോയ പട്ടണത്തിന്‍റെ സൌന്ദര്യം നോക്കി കാണുന്നതാവും... തന്‍റെ വാള്‍ക്മാനില്‍നിന്നും ഒഴുകുന്ന   ഗുല്‍സാറിന്‍റെ  നേര്‍ത്ത സംഗീതത്തോടൊപ്പം  അന്നത്തെ രാത്രി കണ്ണടച്ച്... ഒപ്പം ഒട്ടകങ്ങളും ബാണ തന്‍റെ ഓളങ്ങള്‍ കൊണ്ട് താരാട്ടു തീര്‍ത്തു... അകലെ വില്വാദ്രി നാഥന്‍റെ പാദങ്ങള്‍ തൊട്ടു നിളയും ഒഴുകിയിരുന്നു, ദര്‍ഗകളില്‍ നിന്ന് ഭാന്ഗിന്‍റെ ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്... അത്തര്‍ കുപ്പികള്‍ നിറഞ്ഞ തെരുവോരങ്ങള്‍,... ഒരിക്കല്‍ സുനില്‍ നു ഇതുപോലെ ഒരണ്ണം ദില്ലി ന്നു കൊണ്ടന്നു കൊടുത്തിട്ടുണ്ട്‌ അതവന്‍ ഒരു മാസത്തോളം കോളേജില്‍ പൂശി കൊണ്ട് പോയിരുന്നു.... അതിനു പകരമായ് അവന്‍ എനിക്കൊരു ബാറ്റയുടെ ചെരിപ്പും വാങ്ങി തന്നു ഇന്നും കാലിലുണ്ട്.... ചെരുപ്പ് തെഞ്ഞിരിക്കുന്നതായി അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്....ധര്‍ഗകളില്‍ നിന്നും സാംബ്രാണി പുക ഉയരുന്നുണ്ടായിരുന്നു........      
അജ്മീറിനെ പിന്തള്ളി കൊണ്ട് ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ തീവണ്ടി പാഞ്ഞുഅപ്പോഴും  അസ്തമയ മായിരുന്നു സൂര്യന്‍ പടിഞ്ഞാറു താണ്കൊണ്ടിരുന്നു...... കണ്ണ് തുറക്കാന്‍ വയ്ക്കുന്നില്ല ശരീരമാസകലം കോച്ചി പിടിക്കുന്നു,  ഗംഗ ഒഴുകുന്നുണ്ട്..... ദേവിയായി  ഋഗ്വേദത്തിന്‍റെ താളുകളില്‍ നിന്നും ഉത്ഭവിച്ച വാരണാസിയിലുടെ,, അന്തിയോളം അധ്വാനിച്ചു ജീവിതത്തിന്‍റെ സായാഹ്നം  അഗ്നിയില്‍ വിശ്രമിക്കുന്ന കുറെ പേര്‍, സ്വാതികഭാവികള്‍, അങ്ങനെ കുറെ പേര്‍ ശ്രിഷ്ടി, സ്ഥിതി, സംഹാരം അങ്ങനെ എല്ലാം  പരമശിവന്‍റെ ശൂലമുനയില്‍ സുരക്ഷിതമാണ് ഇവിടം ......... അയാളെ അത് വല്ലാതെ ആകര്‍ഷിച്ചിരുന്നു ഒരുകൂട്ടം വിറകില്‍ മാത്രം തീരുന്ന കുറെ മനുഷ്യര്‍ ജീവിക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്നു, ആഗ്രഹങ്ങള്‍ വളര്‍ത്തുന്നു, നേട്ടങ്ങള്‍ക്ക്‌ വേണ്ടി പോരടിക്കുന്നു,, സുനില്‍ എന്നും മരണന്താരത്തെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട് എനിക്കത് പലപ്പോഴും അവനോടു പറയന്‍ തോന്നിട്ടുണ്ട് പക്ഷെ, ശരിക്കുമുള്ള ഉത്തരം എനിക്കറിയില്ല കാരണം ഞാന്‍ മരണത്തെ അറിഞ്ഞിട്ടില്ല.. മരണത്തിന്‍റെ അവശിഷ്ടം മാത്രേ കണ്ടിട്ടുള്ളു..... മേനോന്‍ ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത് എന്താ മിസ്റ്റര്‍.സുരേന്ദ്രന്‍ നേരം ഒരുപാടായി നമുക്ക് മുറിയില്‍ പോവണ്ടേ .... അയാള്‍ടെ തടിച്ച പുരികം ഒന്ന് ച്ചുളിച്ചുകൊണ്ട് ചോദിച്ചു , മേനോന്‍.... മധുരമുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ് പക്ഷെ.... പരിചയപെട്ടത് രാമേശ്വരത്ത് നിന്നായിരുന്നു, ഓര്‍ക്കാന്‍ മാത്രം സാഹചര്യങ്ങള്‍ ഒന്നു ഉണ്ടായിട്ടില്ല ഞങ്ങള്‍ തമ്മില്‍ , രണ്ടാളും വേറെ വേറെ കോച്ചില്‍ ആയതോണ്ട് പ്രത്യേകിച്ചും .. പക്ഷെ നടുക്കുന്നതിടിയില്‍ അയാള്‍ എന്നോട് പറഞ്ഞു നാളെ നമ്മടെ വണ്ടി സെകെന്ധരബാധില്‍ ഇതും നമ്മടെ യാത്രയുടെ അവസാന നഗരം...പുതിയ പുതിയ പട്ടണങ്ങള്‍ കാണാന്‍ കൊതിയായിരുന്നു അയാള്‍ക്ക്, വഴിയില്‍ കാണുന്നതെല്ലാം അദ്ദേഹം എഴുതി വയ്ക്കുന്നുണ്ടായിരുന്നു വാരാണസിയില്‍ നിന്നും രാത്രി 9;00 മണിക്കുതന്നെ ട്രെയിന്‍ യാത്ര തുടങ്ങി ... ശരീരത്തിന് വല്ലാത്ത ഭാരം തോന്നിയിരുന്നു ബര്‍ത്ത്ഇല്‍ കിടന്നതും ഉറക്കം വന്നു.... 10:00മണിക്ക് വണ്ടി സെക്കെന്ധരബാധില്‍ എത്തി റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു ട്രാവല്‍ ഏജന്‍സിയുടെ വണ്ടി എത്തി, എന്‍റെ ഒപ്പമുള്ള സകല വയോധിക സഞ്ചാരികളെയും കൂട്ടി വണ്ടി റൂമിലേക്ക്‌ പാഞ്ഞു.... കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു ഒരു നിമിഷത്തേക്ക് മാത്രം... അതിനു ശേഷം കണ്ടത് ഹുസൈന്‍ സാഗറില്‍ വെള്ളം ആകാശത്തേക്ക് തുപ്പുന്ന കോണ്‍ക്രീറ്റ് മത്സ്യങ്ങളെ ആണ്.. മുറിയില്‍ എത്തിയപ്പോഴും ഇരുട്ട് കണ്ണില്‍ കയറുന്നുണ്ടായിരുന്നു 12:30നു ഊണ് കഴിഞ്ഞു എല്ലാരും റെഡി ആയിരിക്കാന്‍ ഓപ്പറേറ്റര്‍ പറഞ്ഞു.. ഞാന്‍ ആ കട്ടിലില്‍ കിടന്നു മുകളില്‍ പരല്‍ മത്സ്യത്തെ പോലെ കുറെ രൂപങ്ങള്‍ എനിക്ക് മുന്നില്‍ പ്രത്യക്ഷപെട്ടു.. കുറെ കഴിഞ്ഞപ്പോള്‍ മേനോന്‍ അടുത്ത് വന്നിരുന്നു മിസ്റ്റര്‍ സുരേന്ദ്രന്‍ വരുന്നില്ലേ, നവാബ് ടൌണ്‍ കാണാന്‍ ഇവിടെ ചാര്‍മിനാര്‍ ഉണ്ട് അതിന്‍റെ വീഥികളില്‍ അതരുക്കുപ്പികളുടെ സൌരഭ്യത്തിനിടയില്‍,, പര്‍ദ്ദ അണിഞ്ഞ സുന്ദരികളെ കാണാം അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും പകരം ഒന്ന് ചിരിച്ചു ... സുരേന്ദ്രന്‍... നമ്മടെ ഒക്കെ ശരീരത്തിന് വയസ്സയടോ പക്ഷെ മനസ്സിന് ഒരിക്കലും പ്രയമാവാന്‍ അനുവദിക്കരുത്.. അയാള്‍ അതും പറഞ്ഞ് എന്റെ ചുമലില്‍ തട്ടി... അതല്ല മേനോന്‍ ഞാന്‍ .. എനിക്ക് ചെറിയൊരു പനി പോലെ ഒരു ടാബ് കഴിച്ചു കിടക്കട്ടെ ഇല്ലെങ്ങില്‍ അതങ്ങ് കേറി ഭരിക്കും ... അയാള്‍ ഒരു കുപ്പി വെള്ളം എന്റെ കട്ടിലിനരികില്‍ കൊണ്ടുവന്നു വച്ചു ... ഒകെ സുരേന്ദ്രന്‍ നിങ്ങള്‍ റസ്റ്റ്‌ ചെയ്യ് ... ടേക്ക് കെയര്‍ ... എന്‍റെ കണ്ണുകള്‍ എന്നെ തളര്‍ത്തി അത് അടഞ്ഞു കൊണ്ടിരുന്നു ശരീരം എനിക്കൊരു ഭാരമായി തോന്നാന്‍ തുടങ്ങി വീണ്ടും ഇരുള്‍ വീണുകൊണ്ടിരുന്നു ......          പൊതുവേ അച്ഛന്‍ യാത്ര കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊണ്ടുവരും മക്കള്‍ വളര്‍ന്നു മുതിര്ന്നവരായെങ്ങിലും അച്ഛന്‍ തന്‍റെ പതിവ് തെറ്റിക്കില്ലയിരുന്നു ഇന്നലെ അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത് അച്ഛന്‍ 5 തിയതി വരുംന്ന്.. എനിക്ക് ശനി യും ഞായറും ലീവ് ആയതിനാല്‍ അച്ഛന്റെ സമ്മാനം നേരിട്ട് വാങ്ങാമല്ലോ എന്നാ സന്തോഷവും ഉണ്ടായിരുന്നു.... വെള്ളിയഴ്ചാ ഉച്ചക്ക് തന്നെ ക്ലാസ്സില്‍ നിന്നും ഇറങ്ങി വിട്ടിലേക്ക്‌ പോയീ... വീടിനു ചുറ്റും ഒരു തരം മൂകത... മാനം കറുത്ത്നിന്നു... അമ്മയുടെ കണ്ണീര്‍ മാര്‍ബിള്‍ നിലത്തു കിടന്നു തിളങ്ങുന്നുണ്ടായിരുന്നു .... അച്ഛന് വയ്യ ഇടുങ്ങിയ സ്വരത്തില്‍ അമ്മ പറഞ്ഞു വീട്ടില്‍ തലങ്ങും വിലങ്ങും ഫോണ്‍ ബെല്ലുകള്‍ നിര്‍ത്താതെ ശബ്ദിച്ചു .... ഹൈദരാബാദില്‍ കിടക്കുന്ന അച്ഛനെയും കൂട്ടി ഉടനെ തന്നെ നാട്ടില്‍ എത്തണം രാവിലെ 7;30ന്‍റെ ഇന്‍ഡിഗോ ഐറില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു .... പുലര്‍ന്നു കൊണ്ടിരുന്നു പുറത്ത് കട്ടിലില്‍ മയങ്ങി കിടക്കുകയായിരുന്ന എന്നെ ഫോണ്‍ ബെല്‍ ഉണര്‍ത്തി ..... hello, iam calling from hyderabad...is this mr.surendran's house...അയാള്‍ ഒരു ദൂതന്‍ ആയിരുന്നു.... കുറച്ചു സമയത്തേക്ക്  എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല വാക്കുകള്‍ കൂട്ടി യോജിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു ...  അച്ഛന്‍ ഇനിയില്ല പുലര്‍ച്ചെ വന്നൊരു ഹൃദയത്തിന്‍റെ താളപ്പിഴാ ... ചുവന്ന ആംബുലന്‍സ്ന്‍റെ ശീതികരിച്ച പെട്ടിയില്‍ അച്ഛന്‍ എത്തി സമയം രാത്രി ഒരു മണി .... അമ്മ പറഞ്ഞു അച്ഛന്‍ 5 തിയതി എത്തുമെന്ന്.. അച്ഛന്റെ തണുത്ത ഉറഞ്ഞ ശരീരം എന്റെ കയ്യിലേക്ക് വച്ചപ്പോള്‍ ഞാന്‍ മനസിലാക്കി മരണത്തെ ഞാന്‍ അടുത്തറിഞ്ഞിരിക്കുന്നു  അതിന്‍റെ സ്വാദീനം ക്രുരമാണ് പക്ഷെ സത്യവും... ഒടുവില്‍ തീനാളങ്ങള്‍ക്ക് അച്ഛനെ വിട്ടു കൊടുത്തു........... നിളാ തീരം ആയിരുന്നു അച്ഛനെ ഏറെ സ്വാധീനിച്ച സ്ഥലം ... ഒരുപിടി ആത്മാക്കളുടെ പുണ്യ പാവങ്ങള്‍ ഏറ്റു വാങ്ങിയ നിളയിലേക്ക് അച്ഛനെ സമര്‍പ്പിച്ചു തിരിച്ചു മടങ്ങുമ്പോള്‍ ബലിപിണ്ടത്തിനു ചുറ്റും ബലി കാക്കകള്‍ വട്ടം കറങ്ങിയിരുന്നു അച്ഛന്‍ നിളയുടെ മണല്‍ തിട്ടയില്‍ ഇരിക്കുന്നുണ്ടായിരുന്നു ദൂരെ നിളയുടെ നെറുകയില്‍ അന്തിസൂര്യന്‍ ചോപ്പ് മാച്ചു തുടങ്ങിയിരുന്നു അച്ഛന് ഏറെ ഇഷ്ടമുള്ള കാഴ്ച.............................. ഒരു നിമിഷത്തേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി അച്ഛന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് നൂലുപോല്‍ ഒഴുകുന്ന പുഴയുടെ മണല്‍ തിട്ടിലൂടെ നടന്നു ..... ദൂരെ... പക്ഷികള്‍ കൂടണയുന്നുണ്ടായിരുന്നു.

പ്രസാദ് ശശി

Advertise