Friday, June 26, 2015

Friday, June 26, 2015 5

ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ ...


കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ 
മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ 
പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം 
കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ 
നനയാതെ നീയെന്നെ 
നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി .....

കാലൊച്ച നിലച്ച മണ്ണിൽ കാതരമാം 
നിൻ ഹൃദയസ്വരം മാത്രം ഞാൻ കേട്ടു .....
എന്നെ നിന്നിലേക്കടുപ്പിച്ചതാര്  ??
കാൽചിലമ്പൊച്ച കേൾപ്പിക്കാതെ 
പോയ കാലമോ ??
നിൻ മനസ്സിൻ നൈർമ്മല്യമൊ  ??
നിൻ ചൊടിയിലെന്നും ഞാൻ കണ്ട മന്ദസ്മിതമോ ??

ഞാൻ നിന്റെ കുടല്ക്കീഴിലായ് ....
നീയെന്നെ ചേർത്തണക്കവേ 
മഴത്തുള്ളികൾ മഞ്ഞുപോലായ്  ....
നിന്റെ നെഞ്ചിലെ ചൂടിൽ 
മയക്കിക്കിടത്തിയ കാലമെന്നെ 
എവിടെയോ എത്തിച്ചെങ്കിലും 
മഴത്തുള്ളികൾ നിർത്താതെ പെയ്യുന്നു ....
ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ .....


ദീപ ഉല്ലാസ് 
അലൈൻ 

Thursday, June 04, 2015

Thursday, June 04, 2015 1

ഏതു ജന്മ പുണ്യമോ ?



ഒരുപാടുനേരമായ് സന്ദർശകമുറിയിൽ 

മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു ...
പൊൻവെയിൽ പുറത്തു ജീവിതം പോലെ ;
അലിഞ്ഞില്ലാതാവുന്നതും ....
കൂടും തേടി കിളിക്കൂട്ടം ;
പറന്നു പോകുന്നതും ...
നിമിഷങ്ങൾ നമുക്കന്യമാകുന്നതും ... 
നെഞ്ചിടിപ്പിന്റെ താളം മുറുകുന്നതും  ...
തൊണ്ടയിലെവിടെയോ എകാന്തരോദനം ; 
പിടയുന്നതും നമ്മളറിയുന്നു ....

എന്നും പൌർണ്ണമി വിടരാൻ ...
യാഗാഗ്നി തന്നിലെ ചന്ദനമായ് മാറാൻ ...
സുന്ദരവാസന്തത്തിലെ മന്ദസമീരനാവാൻ ... 
സ്വപ്നരേണുക്കൾ സ്വന്തമാക്കാൻ  ...
കൊതിച്ചവർ നമ്മൾ !
എന്നിട്ടുമേതോ സമാന്തരരേഖ 
പോലെയകന്നവർ നമ്മൾ !

സന്ധ്യയെന്നോ കാഞ്ചനരൂപങ്ങൾ ; 
വലിച്ചെറിഞ്ഞ് ഇരുളിലഭയം തേടിയതും ... 
ബന്ധങ്ങളുടെ തീവ്രതയിൽ ;
നീയെനിക്കന്യമായതും ....
നമുക്ക് മാത്രമറിയാവുന്ന നന്മതേടി ; 
ഇരുധ്രുവങ്ങളിൽ നാമലഞ്ഞതും ...
പരിസമാപ്തി തന്നോലങ്ങളിൽ ;
നമ്മെയിവിടെയെത്തിച്ചതും ;
ഏതു ജന്മപുണ്യമോ ?

ദീപാ ഉല്ലാസ് 
അലൈൻ