Monday, April 29, 2013

Monday, April 29, 2013 2

ഓര്‍മ്മയിലെ വാപി

വിസ്മൃതി തുമ്പില്‍ കിടന്നീ വെറും ഞാനിന്നെന്റെ
വിഭ്രമ ചിത്തത്തിന്റെ വെണ്ണീറില്‍പ്പരതുന്നു
അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നഗ്നിയില്‍ ലയിച്ചൊരീ -
ശുദ്ധമാം മന:സ്സാക്ഷി കുത്തുന്നൊരോര്‍മ്മയായി

എത്തുന്ന ദേശത്തിന്നും കത്തുന്ന ചിന്താദീപ്ത -
മുത്തുംഗ ഹൃദന്തത്തില്‍ പടര്‍ത്താന്‍ പണിപ്പെട്ടു
വൃത്താന്ത വിദഗ്ദ്ധരായ് വിദ്യതീണ്ടാത്തോരായി
വിഡ്ഢിത്തം കേള്‍വിക്കാരായ് വിദ്വാന്മാരായി മാറി

വിപ്ളവം വിതയ്ക്കുവാന്‍ വിത്തുമായിറങ്ങിയോന്‍
വിത്തിനും വിളവിനുമിടയില്‍ പതിരായ് പോയ്‌
കണക്കില്ലാതെ വിത്ത് വിതച്ച പാടത്തെല്ലാം
പതിരായ് പുന്നെല്ലില്ല-പരമാര്‍ത്ഥമാം  സത്യം !

വിത്തിനോ പുന്നെല്ലിനോ വേണ്ടിയായിരുന്നില്ല
വിശ്വാസമര്‍പ്പിച്ചോര്‍ക്ക്  താങ്ങായ് തണലേകാന്‍
'വാപി' തന്‍ മണ്ണിന്‍ നിന്നും കാറ്റേറ്റ ദളങ്ങളില്‍
വാസ്തു ശില്പ ഭംഗിതന്‍ ലാസ്യത നിഴലിച്ചു .

പഠിക്കാന്‍ ശ്രമിച്ചു ഞാന്‍ പണിപ്പെട്ടാനെങ്കിലും
പഠിപ്പിച്ചപ്പോഴോന്നും പഠിക്കാത്ത പാഠങ്ങള്‍
പാഠങ്ങള്‍ ശീലങ്ങളായ് ജീവിതക്രമമായി
പാലിച്ച്ചോരുന്മയായ്തീര്‍ന്നിതന്‍ ജീവിതത്തില്‍

ഗാന്ധിതന്‍ പേരില്‍ത്തന്നെ പുകള്‍ പെറ്റൊരീനാട്ടില്‍
നാട്ടാരിലോരാളായിക്കഴിഞ്ഞു  നിങ്ങള്‍ക്കൊപ്പം
ഓര്‍മ്മയില്‍ തിരിയായ് കണിയായ് സാന്നിദ്ധ്യമായ്
മാമക ഹൃദന്തത്തിന്‍ മാസ്മര പ്രണയമായ്

എത്രയോ ദിനാന്തങ്ങള്‍  ആ പ്രിയ 'ദമണി' ന്‍റെ
സ്വപ്നഭൂമിയില്‍ നമ്മള്‍ ഉന്മാദനൃത്തം ചെയ്തു
ശബ്ദ സൌന്ദര്യങ്ങള്‍തന്‍ - തപ്തവീചികള്‍ തീര്‍ത്ത്
മുക്താനുരാഗത്തിന്റെ തേനൂറും തീര്‍ത്ഥമായി

സ്വപ്നഭൂമികളില്‍ സ്വപ്നാടകരാകുമ്പോഴും
ചുറ്റിലും ഋതുക്കളില്‍ സത്യങ്ങള്‍ ഗര്‍ജ്ജിക്കുന്നു
നീതിയും നിയമവും വാഴുന്നോര്‍ക്കായി മാത്രം
നീക്കിവെക്കുവാനായി തന്ത്രങ്ങള്‍ മെനയുന്നു.

സ്വാര്‍ത്ഥത നമുക്കൊക്കെ ജീവിതം പേറിത്തന്ന
ജീവന കലയുടെ സത്യാര്‍ത്ഥ പാഠങ്ങളായ്
പക്ഷേ ..... നാം മറക്കുന്നു ധാര്‍ഷ്ട്യവും അഹന്തയും
ദുഷ്ടലാക്കോടെ നന്നായ് ചിരിച്ചു മദിക്കുന്നു

ജാതിഭ്രാന്തന്മാരായി - മതഭ്രാന്തന്മാരായി
മാനവകുലത്തിന്റെ മഹിഷാസുരന്മാരായ്
അന്ധവിശ്വാസത്തിന്റെ മൊത്തവില്‍പ്പനക്കാരായ്  
വന്ധ്യവത്ക്കരിക്കുവാന്‍ കാത്തു കാത്തിരിക്കുന്നു

സത്യമാം പ്രപഞ്ചത്തില്‍ തുച്ചമീ ജീവിതത്തില്‍
നിത്യസ്നേഹികളായിട്ടൊന്നിച്ചു - പുലരുവാന്‍
നിങ്ങള്‍ക്ക് കഴിയട്ടെ , എല്ലാര്‍ക്കും സാധിക്കട്ടെ
നന്മക്കായ് പുലരട്ടെ , നാളത്തെ പ്രഭാതങ്ങള്‍ .


ചന്ദ്രന്‍ പള്ളിക്കുന്നേല്‍ 
Facebook:  https://www.facebook.com/chandran.pallikunnel

Thursday, April 25, 2013

Thursday, April 25, 2013 0

ഭൂമി കുലുക്കം

ക്ഷോഭിച്ചിടും ഭൂമിദേവി പോടുന്നെനെ
ഇളക്കി ഇട്ടതാ മനുഷ്യ ജന്മത്തെയും
ഇളകി വീഴുമാ ഭിത്തിക്കിടയിലും
ഞെരിഞ്ഞമാര്ന്നോരീ മര്ത്യജന്മങ്ങളും
കഥയറിയാതെ കാലിട്ടടിക്കുമീ
പയ്തലും ഞെരിഞ്ഞമാര്നിതൂഴിയില്

ഉദരത്തിൽ ഊഴവും കാത്തിരുന്ന
ഉണ്ണികൾ പോലും അമര്നടിഞ്ഞു
തളര്ന്നുരങ്ങുമീ കൃഷിവലന്ടെമേല്
അടര്ന്നുവീനിതാ കടുത്ത ഭാരങ്ങളും
അലിഞ്ഞടിന്ജോരാ അവയവങ്ങള്
അടര്ത്തി മറ്റുന്നിതാ കാലന്കാഴുകന്മാര്
കരഞ്ഞു തീര്ക്കുവാന്‍ കണ്ണുനീരില്ലാതെ
കലങ്ങിച്ചുമാന്നോരാ അമ്മതന്‍ കണ്ണുകള്

എന്ടെ എല്ലാമെന്നു ആർത്തുവിളിച്ചവർക്ക്
ഒന്നുമില്ലതയ ആ നിമിഷങ്ങളും
ചാരൂകസേരയിൽ ചാഞ്ഞുറങ്ങീ ചിലർ
മനതാരതിൽ  കോട്ടപടുത്തുയർത്തി

വിനോദ് നമ്പ്യാർ 

Friday, April 19, 2013

Friday, April 19, 2013 0

ഗൌരിക്കായി...

ഓ...... നീയായിരുന്നല്ലെ ഇന്നലെ രാവിലെന്‍ -
പൂമുഖത്തെ വാതിലില്‍ നോക്കിയിട്ടോടിപ്പോയോള്‍ -
ഞാനറിയും നിന്നെ കണ്ടിട്ടുണ്ടൊരുപാട് -
വാനരക്കൂട്ടുകാര്‍ക്ക് ശാസ്ത്രത്തെക്കാട്ടിയവള്‍ -
മരത്തിന്‍ കൊമ്പില്‍നിന്നും ചാടുന്ന കുരങ്ങാ നീ -
മരത്തെ കെട്ടിപ്പിടിച്ചുറങ്ങാന്‍ പഠിക്കണം
ഉച്ചിയില്‍ ചില്ലിക്കൊമ്പില്‍ കൂടുകെട്ടിയ കുഞ്ഞി-
പ്പക്ഷിതന്‍ കുടുംബത്തെ പോറ്റി നീ വളര്‍ത്തണം .
പാവങ്ങളാണാപ്പക്ഷിക്കമിതാക്കളെന്നുള്ളില്‍
പാലിച്ചു പുലര്‍ത്തിയോരുണ്മയെ നമിക്കുക.

നീളമുള്ള നിന്‍ വാലും സൂഷ്മതയുള്ള കണ്ണും
വാനരചരിത്രത്തില്‍ രാമസങ്കല്‍പ്പങ്ങള്‍ തീര്‍ത്തു .
നിങ്ങളെപ്പഠിപ്പിക്കാന്‍ പറ്റിയൊരാളെത്തന്നെ -
നിങ്ങള്‍ക്കായെത്തിച്ചതില്‍ സംതൃപ്തരാക നിങ്ങള്‍ .  
ഇവളാരാണെന്നു നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെ-
വാനരാം നിങ്ങള്‍ക്കാകെ നാണക്കേടാകും സത്യം .
പാണ്ടിതന്‍ നാട്ടില്‍ നിന്നും അഭ്യാസം ശീലിച്ചവള്‍ 
പാതിരാ വണ്ടിയില്‍ത്തന്നെ കേരളത്തിലുമെത്തി 
സസ്യത്തിന്‍ വിഷയത്തില്‍ ഐച്ചിക ബിരുദവും 
സസ്യശാസ്ത്രത്തിന്‍ സത്തായ് വാനര ടീച്ചറായി.
മരവും ഇലയും പിന്നവര്‍തന്‍ കായും പൂവും 
പ്രകൃതി ക്കനുസരിച്ചിന്നാട്ടില്‍ വിളയിച്ചോര്‍ 
അവരാണീനാടിന്റെ പരിവര്‍ത്തനത്തിന് 
അറിവിന്‍ സംസ്കാരത്തിന്‍ തിരിയെ തെളിച്ചവര്‍ .

ഇത്രയൊക്കെ പഠിച്ചിട്ടും ഈ സര്‍ക്കാര്‍ സ്കൂളിനുള്ളില്‍ 
പൊട്ടന്മാരെ പ്പടിപ്പിക്കാനനല്ലോ വിധി  കഷ്ടം 
ഞാനറിയുന്നു നിന്നെ കണ്ടിട്ടോരുപാട്
വാനരക്കൂട്ടുകാര്‍ക്ക്  ബോട്ടണി പഠിപ്പിച്ചപ്പോള്‍
അച്ഛനമ്മമാരുടെ വാത്സല്യ നിഷേധത്തെ
പൊട്ടിയാണെങ്കില്‍ക്കൂടി "ഗൌരി" യായ് മാറ്റിയവര്‍ -
അപ്പേരിന്നടിസ്ഥാനമെന്താണെന്നറിയാത്തോള്‍
അപ്പാണ്ടി ദേശത്തുനിന്നൊത്തിരിയറിഞ്ഞവള്‍ .
സത്യമായ് പ്രണയിച്ചോള്‍ , സത്യമായ് രമിച്ചവള്‍ -
സത്യമാം പ്രണയത്തെ കൂട്ടിലിട്ടടച്ചവള്‍ .
അറിയാന്‍ ശ്രമിക്കാതെ പഠിക്കാന്‍ക്കൂട്ടാക്കാതെ
അറിവുള്ള സ്നേഹത്തെ അവഹേളിച്ചു നിര്‍ത്തി.
ആര്‍ദ്രമാം നോവായ്‌ മാറി മനസ്സില്‍ അകക്കാമ്പില്‍
ആശയറ്ററിയാതെ നിര്‍ന്നിമേഷയായിന്നു .
ആ നല്ല തറവാട്ടിലൈശ്യര്യ  സന്താനം പോല്‍
ആരിലും അറിയാതെ നൊമ്പരമാകുന്നവള്‍ .
ആ വടിവാകാരത്തിന്‍ ഭാവഗീതങ്ങള്‍ക്കൊപ്പം
ആനന്തച്ചുവടുവെചാഹ്ളാദം  കൊടുത്തവള്‍
ഇത്തരമൊരു "ഗൌരി" ടീച്ചര്‍ക്കായ് സുഹൃത്തുക്കള്‍
എത്രയോ നവം നവം കഥകള്‍ ചമയ്ക്കുന്നു.
അക്കൂട്ടത്തില്‍ ഞാനും മിത്രമായ്‌ സഖാവായി -
എത്രയോ ജന്മത്തിന്റെ പുണ്യമായ് തീര്‍ന്നു ഞങ്ങള്‍ .

പഠിപ്പിച്ചവളെന്നെ ടീച്ചറായ് സുഹൃത്തായി -
പ്പരശുമഴുവില്‍ നൂറ്റെടുത്ത സംസ്കാരത്തെ
ഖിന്നയായ് അവള്‍ പിന്നെ തന്നെത്താന്‍ പഴിച്ചിട്ട്
വന്ന പാതയില്‍ തീര്‍ത്ത നന്ദികേടുകള്‍ ഓര്‍ത്തു.
അർത്ഥമുള്ള കാര്യങ്ങൾക്കത്രമേൽ വിലയേകാൻ
അല്പമാം ജ്ഞാനത്തിന്റെ സേതുബന്ധനം തീർത്തു .
എത്രമേൽ ചിന്തിച്ചിട്ടും എത്തുവാൻ കഴിയാത്ത
സത്യസന്ധമായുള്ള പ്രണയം നശിച്ചല്ലോ ?

അത്താണിയായിട്ടുള്ളതൊക്കെയും പ്രയോഗിക്കാൻ
അപ്പാവംക്കൂട്ടുകാരിക്കുപദേശം ഞാൻ മൂളി .
സങ്കടക്കടലിന്റെ ആഴത്തിൽ അവൾ ചെന്ന്
സന്തോഷം പരതുന്ന പിഞ്ചുകുട്ടിയായ് മാറി .
സത്യത്തിൽ എനിക്കെന്റെ കണ്ണുകൾ നിറഞ്ഞുപോയ് -
സത്യസന്തമാം സ്നേഹം ദുഃഖങ്ങളാകുന്നെന്നും.
എൻറെയീ കൂട്ടുകാരിക്കെന്നും തൻ ജീവിതത്തിൽ
സംതൃപ്തലോകം സ്വപ്നം കാട്ടിക്കൊടുക്കാൻ കഴിയട്ടെ .
സ്നേഹിക്കാൻ എല്ലാവർക്കും കഴിയുമെങ്കിൽക്കൂടി
സ്നേഹത്തെ സംരക്ഷിപ്പോർ തുച്ചമേ ലോകത്തുള്ളൂ !
ഇനിയും നൂറാവർത്തി വരണം സന്ധ്യകളിൽ
പൂമുഖത്തറയ്ക്കാതെ നടുമുറ്റത്തെത്തണം .
അവിടെ ഞാനുണ്ടാകും കുരങ്ങിൻ പിതാവായി
എനിക്കും കഴിയണം പഠിക്കാൻ നിന്നെ ഗൌരി .
  
ചന്ദ്രന്‍ പള്ളിക്കുന്നേല്‍ 
Facebook:  https://www.facebook.com/chandran.pallikunnel

Tuesday, April 09, 2013

Tuesday, April 09, 2013 1

നാടൻ മുട്ടക്കറി

പുഴുങ്ങിയ മുട്ട - രണ്ടെണ്ണം
ചുവന്നുള്ളി (നന്നായി അരിഞ്ഞത് ) - മൂന്നെണ്ണം (ഇടത്തരം)
ഇഞ്ചി   (അരിഞ്ഞത്) - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്) - ഒരു ടീ സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - അര കപ്പ്‌
വെള്ളം -  ആവശ്യത്തിന്
പാചക എണ്ണ
ഉപ്പു - ആവശ്യത്തിന്

മസാല
കാശ്മീരി മുളക് പൊടി  - 2 ടീ സ്പൂണ്‍
മല്ലി പൊടി - 2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി -  1 / 2 ടീ സ്പൂണ്‍
ഗരം മസാല - 1 / 2 ടീ സ്പൂണ്‍




പാചകം ചെയ്യുന്ന രീതി 

മസാലകള്‍ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കി വെക്കുക.
എണ്ണ ചൂടാക്കി അതില്‍ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക.  ഉള്ളി ഒരു പത്തു - പതിനഞ്ചു മിനിറ്റ് നേരം നല്ല തവിട്ടു നിറം വരുന്നത് വരെ ഇളക്കുക(ഇടയ്ക്ക് ഇത്തിരി ഉപ്പു ചേര്‍ക്കാം).  
തീ കുറച്ച്,  മസാല പേസ്റ്റ് ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക .
ഇതില്‍ തയ്യാറാക്കി വെച്ച തേങ്ങാപ്പാലും വെള്ളവും ചേര്‍ക്കുക.  നന്നായി ഇളക്കി കുറച്ചു നേരം വേവിക്കുക.  ഉപ്പിന്റെ അളവു നോക്കി ആവശ്യത്തിനു  ചേര്‍ക്കുക.
നടുവേ മുറിച്ച പുഴുങ്ങിയ മുട്ട ചേര്‍ത്ത് ചെറുതായി ഇളക്കുക.  പാത്രം അടച്ചു വെച്ച് രണ്ടു മിനിറ്റ് നേരം വേവിക്കുക.
അരിഞ്ഞു വെച്ച മല്ലിയില ചേര്‍ത്ത് കറി  വാങ്ങി വെയ്ക്കാം.

എങ്ങനെയുണ്ട് മുട്ട ക്കറി ? നിങ്ങളിലും ഒരു പാചകക്കാരന്‍ അല്ലെങ്കില്‍ ഒരു പാചകക്കാരി ഒളിഞ്ഞിരിക്കുന്നുണ്ട്.  പിന്നെന്താണ് താമസം - അതൊരു കുറിപ്പായി ഞങ്ങള്‍ക്ക് അയച്ചു തരിക. അയക്കേണ്ട വിലാസം  chirayil.vinod@gmail.com

Sunday, April 07, 2013

Sunday, April 07, 2013 4

ഒന്നുകില്‍ ...


കൊടുംവേനലില്‍ , കലാലയങ്ങളില്‍ 
വിരഹമഴ പെയ്യുന്നു . 
മഴയില്‍ ഓട്ടോഗ്രാഫുകള്‍ കിളിര്‍ക്കുന്നു . 
പുഷ്പിണികളാകുന്നു. 

എന്റെ മുന്നില്‍ നിവര്‍ത്തിവെച്ച 
നിന്റെയീ പുഷ്പദലത്തില്‍
ഞാനെന്തെഴുതുമെന്റെ കൂട്ടുകാരി ,
മിഴിക്കോണുകളിലീറനിറ്റി
നീയരുകില്‍ നില്‍ക്കുമ്പോള്‍ ?
നീയിപ്പോള്‍ -
ആകാശം നഷ്ടപ്പെടുന്ന കിളി,
മരത്തില്‍ നിന്നടരുന്ന ഇല,
അമ്മയെപ്പിരിയുന്ന കുഞ്ഞിന്റെ നോവ്‌ . 
ഇതില്‍ ഞാനെന്തെഴുതിയാലും 
അതില്‍ വേര്‍പാടിന്റെ ചന്ദനത്തിരിപുകയും 
മരണത്തിന്റെ മെഴുകുതിരിവെളിച്ചവും പടരും.

എന്നിരുന്നാലും കൂട്ടുകാരീ ,
എഴുതാതിരിക്കാനുമാവില്ലല്ലോ ?
അതുകൊണ്ടെഴുതുന്നു :
"ഓര്‍ക്കണം , മറക്കാതിരിക്കാന്‍ .
അല്ലെങ്കില്‍ -
മറക്കണം ; ഓര്‍ക്കാതിരിക്കാന്‍ .... "
മറിച്ചായാല്‍ , നിന്റെ ഓര്‍മ്മകളുടെ പള്ളിക്കാട്ടില്‍ 
നീയെനിക്കു കിനാവുകള്‍ കൊണ്ടു തീര്‍ത്ത 
ഒരു ഖബര്‍ തരിക . 
ശിരസ്സിലൊരു മീസാന്‍ കല്ല്‌ വെയ്ക്കുക . 
നെഞ്ചിലൊരു ചെമ്പരത്തിച്ചെടി നടുക.
എനിക്കുമേല്‍ വളരുന്ന ചെമ്പരുത്തിച്ചെടിയില്‍
ഞാന്‍ ഓര്‍മ്മകളുടെ വേദനയിറ്റുന്ന
ചെമ്പരത്തിപ്പൂക്കള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും . 
കാരണം, ഒരാളുടെ ഓര്‍മ്മകളില്‍ 
ഒരാള്‍ മരിച്ചാല്‍ ,
ജീവിച്ചിരിക്കെ അയാള്‍ 
മരിച്ചവരുടെ ഗണത്തില്‍പ്പെടും -
വറ്റിയ പുഴക്കരയില്‍ 
ഉപേക്ഷിക്കപ്പെട്ട തോണിയെപ്പോലെ. 

---  o  ---

തോമസ്‌ പി.കൊടിയന്‍ 

കൊടിയന്‍ വീട് ,  ആയക്കാട് 
തൃക്കാരിയൂര്‍ പീ.ഓ., കോതമംഗലം -686692
Ph: 09946430050
Email: thomaspkodiyan@gmail.com