Thursday, June 04, 2015

ഏതു ജന്മ പുണ്യമോ ?



ഒരുപാടുനേരമായ് സന്ദർശകമുറിയിൽ 

മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു ...
പൊൻവെയിൽ പുറത്തു ജീവിതം പോലെ ;
അലിഞ്ഞില്ലാതാവുന്നതും ....
കൂടും തേടി കിളിക്കൂട്ടം ;
പറന്നു പോകുന്നതും ...
നിമിഷങ്ങൾ നമുക്കന്യമാകുന്നതും ... 
നെഞ്ചിടിപ്പിന്റെ താളം മുറുകുന്നതും  ...
തൊണ്ടയിലെവിടെയോ എകാന്തരോദനം ; 
പിടയുന്നതും നമ്മളറിയുന്നു ....

എന്നും പൌർണ്ണമി വിടരാൻ ...
യാഗാഗ്നി തന്നിലെ ചന്ദനമായ് മാറാൻ ...
സുന്ദരവാസന്തത്തിലെ മന്ദസമീരനാവാൻ ... 
സ്വപ്നരേണുക്കൾ സ്വന്തമാക്കാൻ  ...
കൊതിച്ചവർ നമ്മൾ !
എന്നിട്ടുമേതോ സമാന്തരരേഖ 
പോലെയകന്നവർ നമ്മൾ !

സന്ധ്യയെന്നോ കാഞ്ചനരൂപങ്ങൾ ; 
വലിച്ചെറിഞ്ഞ് ഇരുളിലഭയം തേടിയതും ... 
ബന്ധങ്ങളുടെ തീവ്രതയിൽ ;
നീയെനിക്കന്യമായതും ....
നമുക്ക് മാത്രമറിയാവുന്ന നന്മതേടി ; 
ഇരുധ്രുവങ്ങളിൽ നാമലഞ്ഞതും ...
പരിസമാപ്തി തന്നോലങ്ങളിൽ ;
നമ്മെയിവിടെയെത്തിച്ചതും ;
ഏതു ജന്മപുണ്യമോ ?

ദീപാ ഉല്ലാസ് 
അലൈൻ 


1 comment:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.