Friday, September 11, 2015

Friday, September 11, 2015 1

മണ്മറഞ്ഞ നന്മകൾ

മണ്മറഞ്ഞാനല്ല കാലവും പാടവും

നെന്മണികൾ കളിയാടിയോരെൻ ഗ്രാമശോഭയും

നെൽച്ചെടിത്തുമ്പിലെ മഞ്ഞിൻ കണങ്ങളെ
ഒപ്പിയെടുത്തൊരെൻ ബാല്യവുമോർമയായ്

ചേറുണങ്ങാത്തൊരാ പാടവരമ്പിലൂ-
ടെത്രയോ നാൾ ഞങ്ങളോടിക്കളിച്ചതും

തോർത്തുമായ് തടയണകൾ തേടിനടന്നതും
പരൽമീൻ പിടിച്ചതും ആർപ്പുവിളിച്ചതും

കാർത്തിക നാളിലെ സന്ധ്യക്കു പാടത്തു-
ദീപം തെളിച്ചതും 'ഹരിഹോരി'* വിളിച്ചതും

തൂവെള്ളക്കൊറ്റികൾ ധ്യാനത്തിലിരുന്നതും
പ്രാവുകൾ മോദേന കുറുകിപ്പറന്നതും

കൊയ്ത്തുകഴിഞ്ഞൊരാ പാടത്തു പുരകെട്ടി
കാളിയൂട്ടും പറണേറ്റും നടന്നതും....

ഓർമകൾ മാത്രമായാനല്ല നാളുകൾ
പഴമയുടെ മണമുള്ള,നിറമുള്ള ഓർമകൾ


**************************************************************
മലയാണ്മ തമിഴുമായതിരുകൾ തിരിച്ചതും
നെയ്യാറിൻ കൈവഴികൾ കൊട്ടിയടച്ചതും

ശ്രീവാഴുംകോടിനെ വെട്ടിമുറി'ച്ച-
ശ്രീകര'മാക്കിയ ജാതികൾ സാക്ഷിയായ്....

ഇവരെന്റെ ഭാഷയെ കൊത്തിനുറുക്കുന്നു
അവരെന്റെ മണ്ണിന്റെ ജീവനും കവരുന്നു

പാടങ്ങളെല്ലാം കവർന്നെടുത്തവരെന്റെ-
നാടിന്റെ ഓജസ്സും മെല്ലെ മെല്ലെ

നാട്ടിൻപുറത്തിന്റെ നന്മകൾ വീണ്ടുമീ-
നാട്ടിലേയ്ക്കെത്തുവാൻ കാത്തിരിക്കുന്നു ഞാൻ.. ...

രാധാകൃഷ്ണൻ കൊല്ലങ്കോട് 

Email : r.krishnan.email@gmail.com

(* ഹരി ഓം ഹരി ലോപിച്ചതാവാം)

Thursday, July 30, 2015

Thursday, July 30, 2015 1

ശ്രേഷ്ടമീ ഭാഷ



അമ്മ മടിശ്ശീല തൂക്കി നോക്കി 
അമ്മയെ സ്നേഹിക്കും മക്കൾക്കിന്നു 
അമ്മ മലയാളം ശ്രേഷ്ടമായി 
അമ്മടിശ്ശീലയിൽ കോടിയില്ലേ !


നന്ദകുമാർ വള്ളിക്കാവ് 

Saturday, July 11, 2015

Saturday, July 11, 2015 0

നനവ്‌



കിട്ടുന്ന നോട്ടിൻ നനവറിഞ്ഞീടണം  
വിലയേറുമല്ലോ വിയർപ്പിന്റേതെങ്കിൽ 
കണ്ണീർകണത്തിനു വിലയില്ല തെല്ലും 
ചോരയാണെങ്കിൽ വിലങ്ങിൻ വിലയത് 


നന്ദകുമാർ വള്ളിക്കാവ് 
(മൊബൈൽ - 09495710130)

Thursday, July 09, 2015

Thursday, July 09, 2015 0

നമുക്കൊന്നു കൂടാം

രചന - നന്ദകുമാർ വള്ളിക്കാവ്  (09495710130)



വായനശാലയിൽ "യോഗം" വിളിക്കുകിൽ 
ഹാജരാകുന്നവർ തുച്ചം 
മറ്റേതോ ശാലയിൽ പോകുന്നു ഏറെയും 
ആ "ശാല" യാണത്രേ മെച്ചം !

സെക്രട്ടറിക്കൊരു ബുദ്ധിയുദിച്ചത്രേ  
വാക്കൊന്നു മാറ്റിപ്പറയാൻ 
`നാളത്തെ സന്ധ്യയ്ക്ക് വായനശാലയിൽ 
നാമൊത്തു ചേർന്നോന്നു "കൂടാം" '

അന്തിക്കു  വന്നെത്തിയേറെ സഹൃദയർ 
കൂട്ടിനു കൂട്ടരും കൂടി 
വാക്കിന്റെ ശക്തിയറിഞ്ഞ സെക്രട്ടറി 
ചൊന്നുപോൽ  :"ശ്രേഷ്ടമെൻ ഭാഷ"


നന്ദകുമാർ വള്ളിക്കാവ് 

Friday, June 26, 2015

Friday, June 26, 2015 5

ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ ...


കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ 
മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ 
പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം 
കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ 
നനയാതെ നീയെന്നെ 
നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി .....

കാലൊച്ച നിലച്ച മണ്ണിൽ കാതരമാം 
നിൻ ഹൃദയസ്വരം മാത്രം ഞാൻ കേട്ടു .....
എന്നെ നിന്നിലേക്കടുപ്പിച്ചതാര്  ??
കാൽചിലമ്പൊച്ച കേൾപ്പിക്കാതെ 
പോയ കാലമോ ??
നിൻ മനസ്സിൻ നൈർമ്മല്യമൊ  ??
നിൻ ചൊടിയിലെന്നും ഞാൻ കണ്ട മന്ദസ്മിതമോ ??

ഞാൻ നിന്റെ കുടല്ക്കീഴിലായ് ....
നീയെന്നെ ചേർത്തണക്കവേ 
മഴത്തുള്ളികൾ മഞ്ഞുപോലായ്  ....
നിന്റെ നെഞ്ചിലെ ചൂടിൽ 
മയക്കിക്കിടത്തിയ കാലമെന്നെ 
എവിടെയോ എത്തിച്ചെങ്കിലും 
മഴത്തുള്ളികൾ നിർത്താതെ പെയ്യുന്നു ....
ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ .....


ദീപ ഉല്ലാസ് 
അലൈൻ