Friday, August 31, 2012

ഒരു ഹൈടെക് ദുരന്തം

മാസങ്ങളായുള്ള കാത്തിരുപ്പായിരുന്നു എന്റേത് .   എല്ലായ്പ്പോഴും മുന്നില്‍ ലാപ്ടോപ് തുറന്നു വച്ചിരിക്കും. അതിന്റെ നീല സ്ക്രീനില്‍ കണ്ണും നട്ടായിരുന്നു എന്റെ ഇരിപ്പ് .  ഫെയ്സ്ബുക്കിലെ അക്കൗണ്ട്‌ കാടുപിടിച്ച് കിടന്നു.   സുഹൃത്തുക്കളുടെ റിക്വസ്റ്റും, ലൈക്കുമൊന്നും നോക്കാന്‍ മനസ്സുണ്ടായിരുന്നില്ല .  എന്റെ പ്രൊഫൈലിലെ ചിത്രത്തിന് അങ്ങിങ്ങായി നരച്ച താടി രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  എന്റെ പേജ് നിറം മങ്ങി വര്‍ഷങ്ങളായി മോടികൂട്ടാത്ത പഴയ വീട് പോലെ തോന്നിച്ചു.  അവയില്‍ മാറി മറയുന്ന വിമര്‍ശനങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും ,
ചിത്രീകരണങ്ങള്‍ക്കുമൊന്നും  എന്നെ ആസ്വദിപ്പിക്കാനേ കഴിഞ്ഞില്ല. എന്റെ കണ്ണുകളെന്നും ചാറ്റ് കോളത്തിലെ അവളുടെ പേരിനു നേരെയായിരുന്നു. അവളെനിക്കയക്കാറുള്ള സന്ദേശങ്ങളിലേക്കായിരുന്നു . പക്ഷെ ഒരിക്കല്‍ പോലും അവളെ എനിക്ക് ഓണ്‍ലൈനില്‍ കാണാനായില്ല .  വീണ്ടും വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കി ഞാന്‍ എന്നെ ശപിച്ചു കൊണ്ടേയിരുന്നു .

"ദൈവത്തിനു ഇഷ്ടമില്ലാത്തവര്‍ക്കാണോ അകാലത്തില്‍ വൈധവ്യം നല്‍കുന്നത് ?"  ഫെയ്സിബുക്കിലെ ചാറ്റ് ബോക്സിലെ അവളുടെ ചോദ്യം ഒരു നിമിഷ ത്തെക്കെന്നെ നിശബ്ദനാക്കി . മറുപടി എന്ത് പറയണമെന്ന് ഒരു പിടിയുമില്ല.  ഇനി എന്റെ ഊഴമാണ്.  എന്റെ കോളത്തിലൂടെ അവളിലേക്ക്‌  പറന്നെത്തുന്ന ഉത്തരങ്ങള്‍ക്കു വേണ്ടി കണ്ണ് തുറിച്ചു നോക്കിയിരിക്കുകയാവും അവള്‍ .  സത്യമല്ലേ, അവളുടെ ചോദ്യം .  എത്രെയോ ഉദാഹരണങ്ങള്‍ വീട്ടിലും നാട്ടിലും നിറഞ്ഞു കിടക്കുന്നു .  ഒരു ജീവനെപ്പോലും നോവിക്കാന്‍ ആഗ്രഹിക്കാത്ത , ദിവസവും അമ്പലത്തില്‍ നിവേദ്യവുമായി പൂജക്ക്‌ പോകുമായിരുന്ന രമണി ചേച്ചി അകാലത്തില്‍ ആയിരുന്നു വൈധവ്യം പേറിയത്.   എന്റെ ഗ്രാമത്തിലെ ഒരു നല്ല സ്ത്രീ ആയിരുന്നു അവര്‍ .  ആഖോഷമായിരുന്നു വിവാഹം.  ജാതകങ്ങള്‍ കൂട്ടിച്ചേര്‍ത്ത കണിയാര്‍ പറഞ്ഞത് ഇത്രയും ലക്ഷണമൊത്ത ജാതക ചേര്‍ച്ച അയാളുടെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ്.  പാതിവഴിയില്‍ രണ്ടു കുഞ്ഞുങ്ങളെയും , രമണി ചേച്ചി യെയും വിട്ടു അയാളങ്ങു പോയി. ആത്മഹത്യയായിരുന്നു !    നാവും നീട്ടി, കണ്ണ് തുറിച്ചു തൂങ്ങിയാടിയ അയാളുടെ രൂപം കുഞ്ഞുന്നാളില്‍ കണ്ടതാണെങ്കിലും ഇന്നും മുന്നിലുണ്ട്.  പുനര്‍വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചു, വളര്‍ത്തി, വിവാഹം നടത്തി.  എന്ത് ത്യാഗമായിരുന്നു അത്.  ജീവിതം അവര്‍ക്ക് വെറും ശ്യൂന്യത മാത്രം ആയിരിക്കില്ലേ നല്‍കിയത്.   എന്ത് കൊണ്ടായിരിക്കണം ദൈവത്തിനു അവരോടു ഇത്രയും അരിശം തോന്നിയത് ?  ജീവിതം മനസ്സിലാവാത്ത ഒരു സമസ്യയാണെന്ന് തോന്നുന്നത് ഇങ്ങനെയൊക്കെയാണ്.

ചാറ്റ് കോളത്തില്‍ ചോദ്യചിഹ്നങ്ങള്‍ നിറയുന്നു.  അവയുടെ ദൈര്‍ഖ്യത്തിനും  കൃത്യമായ സമയത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ട്.  ചിലപ്പോള്‍ ഒരു ദീര്‍ഖനിശ്വാസത്തിന്റെ, കൈവേഗതയുടെ,   എന്ത് വേഗത്തിലായിരുന്നു നമ്മുടെ സന്ദേശങ്ങളുടെ കൈമാറലുകള്‍ .  ഒരിക്കലും നീണ്ട നിശബ്ദതയ്ക്ക്  സ്ഥാനമുണ്ടായിരുന്നില്ല.  കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കൈക്കളിയായിരുന്നു.    ടൈപ് അറിയാത്ത ഞാന്‍ കീബോര്‍ഡില്‍ വിരലുകള്‍ പായിച്ചത് മനസ്സിനൊപ്പമായിരുന്നു.   ഉള്ളില്‍നിന്നും സ്ക്രീനിലേക്ക് ഇറങ്ങി വരുന്ന അക്ഷരങ്ങള്‍ എല്ലാം സാന്ത്വനവും  സ്നേഹവും കുതിര്‍ന്നവയായിരുന്നു.  അതിനൊരിക്കല്‍  അവളിങ്ങനെ മറുപടി എഴുതി.

"നീയെനിക്കെന്തു സമാധാനം ആണെന്നോ ,  നിന്റെ വാക്കുകള്‍ക്കു എന്തു മാന്ത്രികതയാണെന്നോ ... ഒരു മജീഷ്യനെപ്പോലെ  അവയെന്നെ മാനത്തെക്കുയര്‍ത്തുന്നു,  ഭാരമില്ലാത്ത പഞ്ഞിക്കെട്ടുപോലെ പൊങ്ങിപൊങ്ങിയങ്ങിനെ ".

ഏതോ സിനിമയുടെ വാചകങ്ങള്‍ക്ക്  കടപ്പാടുണ്ടെന്നു എഴുതിയ എന്റെ മറുപടിക്ക് ചാറ്റിലെ  മുഖ സൂചകങ്ങള്‍ നിരന്നു നിന്ന് കോപ്രായങ്ങള്‍ കാണിച്ചു.   ശരീരമില്ലാത്ത ഭാവങ്ങളുടെ മുഖങ്ങള്‍ അന്നൊരുപാട് ചിരിച്ചു.   മറുതലക്കല്‍ അവളുടെ ചിരി ഞാനും കണ്ടു.   പാതി പല്ലുകള്‍ പുറത്തുകാട്ടിയുള്ള അവളുടെ ചിരി വീഡിയോ ചാറ്റിലൂടെ എനിക്കെന്നും ഹരമായിരുന്നു.  എല്ലാ വെള്ളിയാഴ്ച്ചകളും ഞങ്ങള്‍ക്ക് പെരുന്നാള്‍ ആയിരുന്നു.   അബുദാബിയിലെ ഫ്ലാറ്റിന്റെ ബാല്ക്കണിയിലിരിക്കുന്ന  എന്നെ സ്നേഹസന്ദേശങ്ങള്‍ കൊണ്ടു അവള്‍ എന്നും ഊട്ടിയിരുന്നു.  ആ വാക്കുകള്‍ കുളിര്‍മഴയായി ഉതിര്‍ന്നു വീണു,  ഞാനതില്‍ കുളിച്ചു ഈറനണിഞ്ഞു ദൂരേക്ക്‌ നോക്കി നില്‍ക്കുമായിരുന്നു.   കണ്ണെത്താത്ത ദൂരേക്ക് ... ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു.    അവിടെ ഫ്ലാറ്റും മുറിയുമില്ല, വലിയ വലിയ കെട്ടിടങ്ങളില്ല.  ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീന്‍ ചിലപ്പോള്‍ പൂന്തോട്ടമായി , കടല്‍പ്പരപ്പായി , നീണ്ടു കിടക്കുന്ന പരവതനിരകളായി, തെങ്ങിന്‍ തോപ്പുകളായി, മരുഭൂമിയായി , മരുപ്പച്ചയായി, വെള്ളച്ചാട്ടമായി അതിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.   മരുഭൂമിയുടെ പൊടിക്കാറ്റേറ്റ്  തളര്‍ന്നു.  മുഖത്ത് അടര്‍ന്നു വീണ വിയര്‍പ്പു കണങ്ങള്‍ തുടച്ചു പരസ്പരം വാരിപ്പുണര്‍ന്നു.  ഹായ് എന്നാ വാക്കിന്റെ വലിപ്പം അറിഞ്ഞവരായിരുന്നു ഞങ്ങള്‍ .   അലസമായ രാത്രികളില്‍ ആ വാക്കിലായിരുന്നു തുടക്കം.  പിന്നെ ആ വാക്കുകള്‍ക്കു വേണ്ടി കാത്തിരുന്നു, കഥകള്‍ പറഞ്ഞു.   സിനിമാ ചര്‍ച്ചയായി , സാഹിത്യം, കവിത എല്ലാത്തിനെ ക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നു അവള്‍ക്കു.  എന്റെ പല സംശയങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി, നന്നായി വായിക്കുമായിരുന്നു.   പിന്നെ പിന്നെ അവളുടെ കഥ പറഞ്ഞു.  

22 വയസ്സിലായിരുന്നു വിവാഹം, ഗള്‍ഫില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയര്‍ ആയിരുന്നു വരന്‍ .  വിവാഹം കഴിഞ്ഞ അവര്‍ നേരെ അബുദാബിയിലേക്ക്.   സുഖകരമായിരുന്നു ജീവിതം,  ആറൂ വര്‍ഷം എത്ര വേഗത്തിലായിരുന്നു കടന്നു പോയതെന്ന് പറഞ്ഞു അവള്‍ നെടുവീര്‍പ്പിട്ടുതിന്റെ ചൂട് ഇന്നലെ പോലെ എന്റെ മുഖത്തുണ്ട്‌.  അവര്‍ക്ക് ഒരു പെണ്‍കുഞ്ഞായിരുന്നുണ്ടായിരുന്നത്.  ഒരു ദിവസം ഓഫീസില്‍ തല ചുറ്റി വീണ അവളുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു, രണ്ടു ദിവസത്തിന് ശേഷം മരണം നടന്നു.   അറ്റാക്കായിരുന്നു.   കൃത്യമായി വ്യായാമവും , ഭക്ഷണ ക്രമീകരണവും ഉള്ള ആളായിരുന്നു.  എന്നിട്ടും.....

"ഹലോ ..."

അസഹ്യതകളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി , രക്തം വാര്‍ന്നു പോകുമെന്ന ഘട്ടമായി.  ഞാന്‍ വീഡിയോ ചാറ്റില്‍ ക്ലിക്ക് ചെയ്തു.  നീല ഫ്രെയ്മില്‍ അവളുടെ മുഖം പ്രത്യക്ഷമായി - പുഞ്ചിരിയില്ല.  കനപ്പിച്ച ഗൌരവമായിരുന്നു.  ചിരിച്ചു കൊണ്ടുള്ള എന്റെ മുഖത്തോട് അവള്‍ക്കു കൂടുതല്‍ അരിശം തോന്നിയിരിക്കണം.

"ഈ ഇടവേളകള്‍ എത്ര അസഹ്യമാണെന്നറിയുമോ ?"
"ഊം ..."
"കടന്നലുകളെ ഓര്‍മ്മപ്പെടുത്തുന്ന ഈ മൂളലുകള്‍ "
ഞാന്‍ ചിരിച്ചു.
മുറിയില്‍ കനം തിങ്ങുന്ന ഇരുട്ടില്‍ ഞാനും സ്ക്രീനില്‍  അവളും ഉറങ്ങാതെ കാത്തിരിക്കുന്നു.  പാതിരാവും പകലും ഞങ്ങള്‍ക്കൊരുപോലെ ആയിരുന്നു. അടുത്തു കട്ടിലില്‍ കിടന്നുറങ്ങുന്നവരുടെ കൂര്‍ക്കം വിളി കേട്ട് അവള്‍ ചിരിച്ചു.  ഗാഡമായ് ഉറങ്ങുകയും മറ്റുള്ളവരെ ഉറക്കാതിരിക്കുകയും ചെയ്യുന്നവര്‍ !  ഇരുട്ടിനു പിന്നെയും കനം  കൂടി വന്നു.   നേരത്തെ എഴുനേറ്റാലെ  പ്രഭാത കാര്യങ്ങളൊക്കെ ഭംഗിയായി നടക്കൂ.  ഇല്ലെങ്കില്‍ ടോയ് ലെറ്റിനു മുമ്പില്‍ ക്യൂ നിന്ന് മുഷിയും .  രാവിലെ എല്ലാവര്‍ക്കും  ധ്രിതിയാണ്.  ഈ ധ്രിതിയും ആത്മാര്‍ഥതയും നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ എന്നേ  നമ്മുടെ നാട് നന്നായേനെ എന്ന് തോന്നിപ്പോകാറുണ്ട്.

ഉറക്കം വരാതെ അവളെ തന്നെ മിഴിച്ചു നോക്കി.  അവള്‍ പലതും പറയുന്നു.   ആ മിഴികളിലേക്കു തന്നെ നോക്കി ഞാന്‍ കിടന്നു.  അവളുടെ കണ്ണുകളില്‍ വിരിയുന്ന ആശയുടെ ആഴപ്പരപ്പിലൂടെ ഞാന്‍ എങ്ങോട്ടെന്നറിയാതെ നീന്തി.

പറഞ്ഞു പറഞ്ഞു അവള്‍ ഉറങ്ങിപ്പോയെക്കുമെന്നു തോന്നി, ആ കണ്ണുകള്‍ പതുക്കെ അടയുന്നുണ്ടായിരുന്നു ... ഉറക്ക ക്ഷീണം അവളെ കീഴ്പ്പെടുത്തിയിരുക്കാം.... ആ വാക്കുകളില്‍ വേദനയുടെ തരിമ്പുകള്‍ കയറി വരുന്നത് പോലെ തോന്നി,  കണ്ണുകള്‍ ഇറുക്കി അടക്കുന്നു.  എന്റെ കാലുകളിലൂടെ അറിയാതെ എന്തോ ഇരച്ചു കയറിയതുപോലെ.... അവള്‍ക്കെന്തോ സംഭാവിക്കുന്നോവോ ?!  ഇടതു കൈകൊണ്ടു നെഞ്ഞമര്‍ത്തിപ്പിടിച്ചു കൊണ്ടു കസേരയില്‍ നിന്നും താഴേക്കു വീണു.   എന്താണ് സംഭവിക്കുന്നത്‌ ?  ഞരങ്ങുന്ന ശബ്ദം കാതില്‍ വന്നലച്ചു.   മുറിയില്‍ ശബ്ദം കേട്ടന്നപോലെ ആരൊക്കെയോ ഓടി വന്നു,  സ്ക്രീനില്‍ അവ്യക്തമായ രൂപങ്ങള്‍ .  ശബ്ദിക്കാനാവാതെ ഞാന്‍ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  പിന്നെപ്പിന്നെ സ്ക്രീനിന്റെ നിറമാകെ മാറി ചുവപ്പായി....  പച്ചയായി... ആകെ ഭീദിതമായി അതെന്നിലെക്കരിച്ചിറങ്ങി.  എന്റെ മുന്നിലിരുന്നു ലാപ്ടോപ് വിറച്ചുകൊണ്ടിരുന്നു .  വിറച്ചു, വിറച്ചു, അത് താഴേയ്ക്ക് വീണു പൊട്ടിച്ചിതറി.  പിന്നെ ചോര പോലെ ഒലിച്ചിറങ്ങി, അതിന്റെ നനുത്ത നനവ്‌ എന്റെ കാല്‍ത്തലപ്പിലൂടെ മേലാസകലം പടര്‍ന്നു കയറി.....

ഞാനിന്നും കാത്തിരുപ്പാണ് .... ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് കണ്ണും നാട്ട് ....

വിനോദ് പട്ടുവം 
Email:kunnoolji@gmail.com                                                                   







15 comments:

  1. വായിക്കാന്‍ നല്ല രസമുണ്ട്.

    ReplyDelete
  2. ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗില്‍ വരുന്നത്..... ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷന്‍ എന്ന് പറയുന്ന പോലെ ആദ്യം ഈ ബ്ലോഗില്‍ വായിച്ച കഥ തന്നെ കലക്കി.... ഇത്ര മനോഹരമായ കഥയ്ക്ക് എന്തേ ഇത്ര കമന്റ്‌ പഞ്ഞം എന്നാണു ഞാന്‍ ആലോചിക്കുന്നത്.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  3. Nice one!!!
    Congratulations!!!

    ReplyDelete
  4. ഒന്നാന്തരം.........

    ReplyDelete
  5. നല്ല നിലവാരമുള്ള എഴുത്ത്. മറ്റാരും പോയിട്ടില്ലാത്ത കഥാവഴിയിലൂടെ മനോഹരമായി ആശായം അവതരിപ്പിച്ചിരിക്കുന്നു. ഈ പുതു അവതരണ രീതിക്ക് അഭിനന്ദനങ്ങള്‍ ...ആശംസകള്‍

    ReplyDelete
  6. കഥയുടെ അവസാന ഭാഗം വളരെ മനോഹരമായി. ആശംസകള്‍.

    ReplyDelete
  7. നല്ല കഥ നല്ല രീതിയില്‍ അവതരിപ്പിച്ചു , അഭിനന്ദനങ്ങള്‍

    ReplyDelete
  8. എന്റെ ഗ്രാമത്തിലെ -ഞങ്ങളുടെ പട്ടുവത്തെ, എന്റെ ഗുരുതുല്യനായ - ശ്രീ വിനോദ് പട്ടുവത്തിന്റെതാണ് ഈ കഥ. ഞാന്‍ ഇടയ്ക്കു "വിനോദ് പട്ടുവം" എന്ന പേരില്‍ എഴുതിയിരുന്നതിനാല്‍ വായനക്കാര്‍ ചിലപ്പോള്‍ ഇതെന്റെ സൃഷ്ടിയാണെന്ന് ധരിച്ചുകാണും. ഞാനിപ്പോള്‍ വിനോദ് ചിറയില്‍ എന്ന പേരില്‍ ആണ് എഴുതുന്നത്‌. കഴിവുള്ള ഒരു നടനും സംവിധായകനും കൂടി ആണ് ശ്രീ വിനോദ് പട്ടുവം.

    ReplyDelete
  9. നല്ല പോസ്റ്റ്‌..!അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  10. nalla post ishttapettu..
    nalla avathaarana shili.
    congrats....

    ReplyDelete
  11. വിനോദ് ആഖ്യാനം നന്നായിരുന്നു.അഭിനന്ദനങ്ങൾ.....

    ReplyDelete
  12. കഥ വളരെ വ്യത്യസ്തവും നന്നും ആയിരുന്നു

    രണ്ട് വിനോദ്മാര്‍ക്കും ആശംസകള്‍

    ReplyDelete
  13. കഥ അസ്സലായി.

    ReplyDelete
  14. "ഉള്ളില്‍നിന്നും സ്ക്രീനിലേക്ക് ഇറങ്ങി വരുന്ന അക്ഷരങ്ങള്‍"

    പ്രയോഗം വളരെ ഇഷ്ടമായി.

    http://seasonofdark.blogspot.in/

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.