Saturday, August 30, 2014

കൈരളി


പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരള നാദമല്ലോ 
കേരവൃക്ഷം പോലുയർന്നുപൊങ്ങി
സഹ്യാദ്രിപോലെയടിയുറച്ചു.

കാട്ടാനതൻറെ  കരുത്തുമേറി
കാട്ടരുവിതൻ ചിലമ്പണിഞ്ഞു
സിംഹരാജൻറെ ഗർജ്ജനവും
കോകിലത്തിൻ മധുകൂജനവും.

ആഴിക്കടിയിലെ മുത്തുപോലെ
സപ്തവർണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച ലഭിക്കുംപോലെ.

കുട്ടനാടിൻറെ സമൃദ്ധി നിന്നിൽ
ചിങ്ങമാസത്തിലെ പൊന്നോണം പോൽ
നിളയുടെ കുളിരാർന്ന തെളിമ നിന്നിൽ
പൂർണ്ണേന്ദു വാനിലുദിച്ചതുപോൽ.

തുഞ്ചൻറെ ശാരികക്കൊഞ്ചലിൽ നീ
കുഞ്ചൻറെ തുള്ളൽച്ചിരിയിലും നീ
പൂന്താനം കണ്ണന്  "അമൃത്" നേദിച്ചതും
പച്ചയാം നിൻ  വരമൊഴിയിലൂടെ.

ഓണമൊരോർമ്മയാണെന്നിരിക്കവേ
ഓർക്കുവാൻ നിൻ പഴമ്പാട്ടുവേണം
കേരളത്തിൻറെ പൊന്നിൻ കിരീടം
കഥകളിപ്പദങ്ങളും നിന്നിലൂടെ.

നന്തുണികൊട്ടി നാവൂറുപാടുന്ന
പുള്ളോത്തിപെണ്ണിൻറെ നാവിലും നീ
ചെറുമികൾ പാടുന്ന ഞാറ്റടിപ്പാട്ടിൻറെ
ഈരടിയിൽ നീ നിറഞ്ഞു നില്പൂ.

പാണനു  പാടാൻ കഥയൊരുക്കാൻ,
വീണയ്ക്കു താളം പിടിക്കുവാൻ നീ
വള്ളുവനാടിൻറെ ചിന്തുകൾ കേൾപ്പതും
കൈരളി നിന്നിലൂടൊന്നുമാത്രം.

പുന്നപ്ര-വയലാർ വിപ്ളവഗീതങ്ങൾ
ചോരയിൽ മുക്കിയെഴുതി നിന്നിൽ
വെള്ളക്കാരെ പണ്ട് നാട്ടിൽനിന്നാട്ടുവാൻ
സ്വാതന്ത്ര്യഗീതം രചിച്ചു നിന്നിൽ.

ഇരയിമ്മൻ പാടിയ താരാട്ടുകേട്ട്
കുഞ്ഞോമനകളുറങ്ങിടുമ്പോൾ 
മാതൃത്വം ധന്യമാമാ നിമിഷം
ഞങ്ങൾതൻ പെറ്റമ്മ കൈരളി നീ

നന്ദകുമാർ വള്ളിക്കാവ് (09495710130)


4 comments:

  1. ഓണക്കവിത നന്നായിരിക്കുന്നു...
    ഓണാശംസകൾ....

    ReplyDelete
  2. "ഓണമൊരോർമ്മയാണെന്നിരിക്കവേ
    ഓർക്കുവാൻ നിൻ പഴമ്പാട്ടുവേണം...." നല്ല കവിത!

    ReplyDelete
  3. നല്ല കവിത ഇഷ്ടായി

    ReplyDelete
  4. കവിത നന്നായിരിക്കുന്നു...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.