കരിയുന്ന മണൽ ഗന്ധം, പ്രാണവായുവിൽ പരക്കുന്ന പലന്തിയിൽ അരക്കിന്റെ ലഹരി സിരകളിലേക്കൊഴുക്കുവാനുള്ള ഏലിയാസിന്റെ നീക്കം. മേല്ക്കൂര നിലം പൊത്തിയ വീഞ്ഞു കടയുടെ ശിഷ്ട കോണിലൂടെയുള്ള കണ്ണുപാച്ചിലുകൾ പൊട്ടിച്ചിതറിക്കിടക്കുന്ന കുപ്പിക്കഷണങ്ങളിലെ, ബാക്കി നിന്നിരുന്ന നനവുകളിലേക്ക് ഏലിയാസ് തന്റെ നാവിനെ എത്തിച്ചപ്പോഴേക്കും വാപിളർന്നു നില്ക്കുന്ന മരണനേരത്തിലേക്ക് അടിമുടിയൂർന്നു വീഴാൻ പോകുന്ന തെരുവിനുമീതെ , നിലനിൽപ്പിന്റെ സമരമുഖം അലറി പറഞ്ഞു....
"കടൽക്കരയിൽ ബോട്ടുകൾ എത്തിയിട്ടുണ്ടേ..."
ആ വാക്കുകളിലെ വ്യാകുലത ഏലിയാസിൻറെ ചെവികളെ കൂർപ്പിക്കാതിരുന്നതിൻറെ കാരണം, പത്തുപക്ഷത്തുനിന്നു നോക്കിയാലും കീറിമുറിയില്ലെന്നത് തെരുവിൻറെ മാത്രം നിശ്ചയം. തീവ്രമതവികാരങ്ങളുടേയും അധികാരമോഹങ്ങളുടേയും ഞെരുക്കലുകൾക്കിടയിലെ ,വെടിയുണ്ടകളുടെ കണ്ണുകളിൽപെടാതെ കാലം ഏലിയാസിൻറെ ജീവിതത്തെ തെരുവിൻറെ ആൽമാവിലേക്കാണു ചേർത്തുവച്ചത്.
തൻറെ കാലുകളിലെ ചോരകുടിക്കാൻ നാവുനീട്ടികിടന്നിരുന്ന കുപ്പിചില്ലുകളിലൊന്നെടുത്ത് ,വിള്ളലുകൾ വീണ ഭിത്തികൾക്കു നേരെ എറിഞ്ഞുകൊണ്ടു പറഞ്ഞു..
"എൻറെ ഉടൽ മുറിയുവോളം ഈ യുദ്ധവും കലാപവുമൊന്നും ഏലിയായെ ബാധിക്കില്ലാ... ചേർത്തുപിടിക്കാൻ എനിക്കാരുമില്ലാ.. ഓർത്തിരിക്കാൻ ഞാനാർക്കും ഒന്നുമല്ലാ.."
പറഞ്ഞു തീർത്തവാക്കുകൾക്കൊടുവിൽ വിടർന്ന ചിരിയുമായി, തെരുവിൻറെ മദ്ധ്യ, പൂട്ടികിടക്കുന്നൊരു കടത്തിണ്ണയിലേക്കയാൾ നടന്നുകയറി.തെണ്ടലും തീറ്റയും കഴിഞ്ഞുള്ള ഏറിയനേരവും ഒരന്തർമുഖൻറെ ശരീരഭാഷയോടെ ജീവിതത്തെ അടക്കം ചെയ്തു വെയ്ക്കാറുള്ളത് ഈ തിണ്ണയിലാണ്. ഈ കടത്തിണ്ണ ഇന്നയാളിൽ തെരുവിനേക്കാൾ വളർന്നിരിക്കുന്നു .
ആയുസുമുഴുക്കെ സ്വരുക്കൂട്ടിയതിനുചുറ്റും കാവലുകിടന്നിരുന്ന ശേഷിച്ചവരും കടൽ തീരത്തേക്കോടുന്ന കാഴ്ചയിലേക്ക് ഏലിയാസ് ഒരുചെറുചിരിമാത്രമിട്ടത്തിനു പുറകെ ,
"സ്വപ്നങ്ങളില്ലാത്തവനെ പ്രണയിക്കാൻ മരണം പോലും മടിക്കുമെന്നു” പറഞ്ഞെത്തിയ അയാളുടെ ചിന്തയുടെ അറ്റത്ത് ചില നുറുങ്ങു വാക്കുകൾ കൂടെ പിറന്നിരുന്നു..."ഏലിയാസ് .തെണ്ടണം ...തിന്നണം ..തീരണം.."
പെട്ടെന്നുണ്ടായ ഒരു വലിയ പ്രകമ്പനം താനിരുന്നിടം പിളർക്കുന്നതായി ഏലിയാസിനു തോന്നി. ഭ്രാന്തൻ ആശയങ്ങളുടെ ഉറപ്പിനുവേണ്ടിയുള്ള മനുഷ്യ കുരുതി, വെടിയൊച്ചകളുടേയും പുകമറകളുടേയും അകമ്പടിയോടെ, തെരുവിൻറെയൊരറ്റം മുതൽ കർമ്മം തുടങ്ങിയിരിക്കുന്നു.......
ഒരു കോപ്പയരക്കിൻറെ സാങ്കല്പ്പിക ലഹരിയിലെന്ന കിറുക്കൻ ഭാവത്തോടെ , മരണത്തെ ആശ്ലേഷിക്കാൻ നിന്ന ഏലിയാസിൻറെ കാലുകളിലേക്ക് കിതച്ചുവീണ ഒരു നാലുവയസുകാരൻറെ കൈകൾ കെട്ടിയമർന്നു. ഒന്നു നിലവിളിക്കുവാൻ പോലും കഴിയാതിരുന്ന തണുത്തുവിറയാർന്ന ആ കുഞ്ഞുസ്വപ്നത്തെ കോരിയെടുത്ത് സ്വന്തം തോളിലേക്കിടാൻ അപ്പോൾ അയാൾക്കു തോന്നി. മറുകരതേടി ജീവൻ നിലനിർത്താമെന്ന ചിന്തയിലൊരുങ്ങുന്ന ബോട്ടുകലിലൊന്നിൽ കുഞ്ഞിനെ എത്തിക്കാമെന്ന വിചാരത്തോടെ, അയാൾ കടൽ തീരത്തേക്കെത്തുമ്പോഴേക്കും,ഇരുൾ വീണുകഴിഞ്ഞിരുന്ന തിരമാലകളെ മുറിച്ച്, നിലവിളികളും പേറിക്കൊണ്ട് ബോട്ടുകൾ യാത്രയായികഴിഞ്ഞിരുന്നു...
റെഫ്യൂജികളെന്ന പേരിൽ ഏതെങ്കിലുമൊരുകര തങ്ങളെ മാമ്മോദീസാമുക്കി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ, തീരം വിട്ടകലുന്ന ബോട്ടുകളെ നോക്കി ഏലിയാസ് നിന്നെങ്കിലും, തൻറെ നെഞ്ചോടു കിടക്കുന്ന കുഞ്ഞിൻറെ ഹൃദയമിടിപ്പുകൾ അയാളിലെ ഭ്രാന്തൻ കെട്ടുകളെ അയച്ചുതുടങ്ങിയപ്പോൾ, വെടിയുണ്ടകൾ തീരം മണത്തടുക്കുന്നുയെന്ന അറിവിൽ, കണ്ണിൽപെട്ട ഒറ്റ മരതോണിയെ കരയിൽനിന്നും കടലിലേക്കുതള്ളി കുഞ്ഞുമായി അയാൾ തിരമുറിച്ചുകടന്നു. ജീവിതത്തിലാദ്യമായി ഏലിയാസ് മറ്റൊരാൾക്കുവേണ്ടി തുഴയെറിഞ്ഞു തുടങ്ങി......... തൻറെ ദേഹത്തോടള്ളിപ്പിടിച്ചുകിടന്ന കുഞ്ഞുമായി, ഏറെ നേരത്തെ തുഴച്ചിലുകൾക്കിടയിലെപ്പോഴോ, തുഴകൈമോശം വന്നതും, വെടിയൊച്ചകൾ അകന്നുപോയതും അയാൾ അറിഞ്ഞിരുന്നില്ല.
കുളിർമ്മയുള്ള കടൽക്കാറ്റിൽ ആടിരസിച്ചിരുന്ന ഒറ്റമരതോണിയിലെ നിഷ്കളങ്കമായ ആ പിഞ്ചു മുഖത്തെ ചങ്കോടു ചേർത്തുപിടിക്കുമ്പോൾ, ഏലിയാസ് സ്വന്തം ഹൃദയമിടിപ്പുകൾക്ക് കാതുകൊടുത്തുതുടങ്ങി... വിറങ്ങലുമാറാത്ത കുഞ്ഞിൻറെ നിർമ്മല ഭാവത്തെ ഉന്നം പിടിച്ചു തുടങ്ങിയ എലിയസിൻറെ തോണി, നിശബ്ദതയുടെ വാചാലത പഠിപ്പിക്കുന്ന കലാലയങ്ങൾ തേടി ആഴിയുടെ ഹൃദയം തേടിനീങ്ങി...
കടലിൻറെ ആഴത്തിനും ആകാശത്തിൻറെ അനന്തതയ്ക്കുമിടയിലൂടെ കനമറ്റ മനസുമായി ഒഴുകുമ്പോൾ, താൻ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നത് ഈ പ്രപഞ്ചത്തെ മുഴുക്കെയാണെന്ന ബോധ്യം ഏലിയസിനുണ്ടയി.
ജീവൻറെ ശുദ്ധഭാവവും പ്രകൃതിയുടെ കരുതലും ചിതറികിടന്നിരുന്ന ഏലിയായെ കൂട്ടിചേർത്തു കഴിഞ്ഞപ്പോൾ, തന്നിലെ തെരുവുജീവിതത്തിൻറെ കൂറക്കുപ്പായം
ഉരിഞ്ഞുപോയതായി അയാൾക്കനുഭവപ്പെട്ടു .ഈ കുഞ്ഞുമുഖം കണ്ടതിനുശേഷവും, താൻ ദൈവത്തെ കണ്ടിട്ടില്ലാഎന്ന് പറയുവാനുള്ള ധൈര്യം ഇപ്പൊഴയാൾക്കില്ല. ഭൂമിയുടെ നിഷ്കളങ്ക ഭാവങ്ങളിലാണ് ആൽമീയതയുടെ വേരുറച്ചിരിക്കുന്നതെന്ന പൊരുൾ അയാളുടെ ആൽമാവിനെ നഗ്നമാക്കിക്കൊണ്ടിരുന്നു.....
തന്നിലേക്കു ലയിക്കുന്ന കുഞ്ഞു ഹൃദയ സ്പന്ദനങ്ങളുടെ ബലത്തിൽ, നിശബ്ദതയുടെ ദിവ്യയാമങ്ങൾ പിന്നിടുന്നതിനിടെ, മുമ്പേ പുറപ്പെട്ടുപോയ ബോട്ടുകളിലൊന്ന്, മറുകരയൊന്നിൻറെ അതിർവരമ്പുകൾ മുറിച്ചുകടന്നതിൻറെ മുറിവുംപേറി മുങ്ങിതാഴും മുമ്പേ, മറ്റേതങ്കിലുമൊരു കര തങ്ങളോടു കരുണ കാട്ടുമെന്ന പ്രതീക്ഷയുടെ അവസാന ചാലും കീറാനുള്ള ശ്രമം ,ഒരു വിളിപാടകലത്തിലൂടെ സംഭവിച്ചപ്പോൾ, ഏലിയാസ് തൻറെ ശരീരമായി മാറിക്കൊണ്ടിരുന്ന കുഞ്ഞു ചൂടിനെ ബോട്ടിലെ തണുവാർന്ന കൈകളിലേക്കു പകർന്നു .
കൊച്ചുതോണിയെ വിട്ടകന്ന ബോട്ടിനുള്ളിലെ ഗദ്ഗദങ്ങളുടേയും നിസ്സഹായതയുടെയും നടുവിൽ പിറന്ന ഒരു കാറ്റ്, ഏലിയായുടെ ചെവിയിലെത്തിപറഞ്ഞു..." വിശ്വാസങ്ങൾ നൂറുമേനി വിളയിചെടുക്കാൻ മതങ്ങൾ ഈ ഭൂമിയിലെങ്ങോളം നിലങ്ങൾക്കായ് യുദ്ധം ചെയ്യുമ്പോൾ, കരയുപേക്ഷിക്കപ്പെട്ടീ കടൽമദ്ധ്യയിന്നീ ഞങ്ങൾ ......... കുമിളകൾപോൽ ഈ ജലരാശിയിൽ ഞങ്ങൾ ........
ഒരു നിമിഷാർദ്ദം നിങ്ങൾക്കുമീതെ ദൈവം കണ്ണടയ്ക്കുമ്പോൾ ,കരകൾക്കുമീതെ ജലപരവതാനി വിരിക്കാൻ ഞങ്ങൾ വരും .അന്ന് നമ്മൾ ഒന്നാകും .... പ്രകൃതിയിൽ.. വിശ്വാസത്തിൽ ... ദൈവത്തിൽ ...."
ഈ നനവുള്ള കാറ്റിനെ കരയ്ക്കെത്തിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്ന് ഏലിയാസിന് തോന്നി. തൻറെ കരയുടെ മുറിവുകളെ ഏറ്റെടുക്കാനും, ലളിതഭാവങ്ങളെ സംരക്ഷിച്ചുപിടിക്കാനുമുള്ള മനസുറപ്പിക്കലോടെ അയാൾ തൻറെ ഒട്ടമരത്തോണിയുടെ തല, മരണം വിലസുന്ന തൻറെ കരയുടെ നേരെ തിരിച്ചു പിടിച്ചുക്കൊണ്ട് ഇരു കൈകളേയും തുഴകളാക്കി ചലിച്ചു തുടങ്ങി. കടലിൻറെ ച്ഛായയിൽനിന്നും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ഏലിയാസിൻറെ തോണി, ചെറു തിരപോലെയായപ്പോൾ ആദ്യാന്ത്യം ഈ ഭൂവിലവതരിച്ച പ്രവാചകന്മാർ ആ തിരയെ അനുഗമിക്കുന്നുണ്ടായിരുന്നു ....
കുതിച്ചും കിതച്ചുമുള്ള തുഴയെറിച്ചിലുകൾക്കിടയിൽ നാഴികകൾ ഇഴയടുപ്പിച്ചപ്പോൾ രാത്രിയുടെ നീണ്ടയങ്കി നെയ്തുതീർന്നു.
അടുത്തപകൽ, ഏലിയസിൻറെ തോണി അയാളുടെതന്നെ ദേശത്തെ മറ്റൊരു കരയെ തൊട്ടു. ചോരമണം കരകാറ്റിനെ തടിച്ചു കൊഴുപ്പിച്ചിരുന്നു... പ്രവാചകന്മാരുടെ കാൽപ്പാദങ്ങൾ ഏലിയായ്ക്കൊപ്പം ആ തീരത്തു പതിഞ്ഞു. വിലാപങ്ങളുടെ നടുവിലൂടെ ചിതറിക്കിടന്നിരുന്ന ഉടലുകളും തലകളും ചേർത്തു വച്ചുകൊണ്ട് ഏലിയാസ് ഉറക്കെ വാവിട്ടു കരഞ്ഞു .... "എൻറെ കുടുംബം ... എൻറെ കുടുംബം ..."
മതമില്ലാത്ത ദൈവത്തിൻറെ നാമത്തിൽ പാഞ്ഞുനടക്കുന്ന വെടിയുണ്ടകൾ എലിയായെ വീഴത്തുമ്പോൾ ... അയാൾക്ക് ദൈവത്തിൻറെ മുഖമായിരുന്നു .........
മണ്ണിലേക്ക് പതിഞ്ഞ ഏലിയായുടെ ചെവികൾ കേട്ടു. "ഇനി എൻറെ ഊഴം"
- ശുഭം -
സ്റാലിൻ ബാവക്കാട്ട്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.