Saturday, December 19, 2015

നീലക്കുതിര


അയാൾ ബസ്സ് കാത്തുനിൽക്കുകയാണെന്നു കരുതുക. സ്ഥലം വിമൻസ് കോളേജിനു അരികിലുള്ള വെയിറ്റിംഗ് ഷെൽട്ടർ.  അയാൾ കാഴ്ചയിൽ സുന്ദരനാണ്.  ബസ്സുവരാൻ ഇനിയും സമയമുണ്ട്.  ക്ലാസ്സ് കഴിഞ്ഞു , ബസ്സിനു കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികളുടെ "മോഡെണ്‍ ചന്തം" ആസ്വദിക്കാൻ അയാൾ തയ്യാറാവുന്നു. പെണ്‍കുട്ടികൾ ഒളികണ്ണാൽ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്  അയാൾ വിചാരിക്കുമായിരിക്കാം.

ബസ്സുവരാൻ വൈകട്ടെയെന്നു അയാൾ ആഗ്രഹിക്കാതിരിക്കില്ല.  അയാൾ തന്റെ തിരക്കുകൾ മറക്കുന്നു.  ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്ന് നേരതെത്തെയിറങ്ങിയത്.  ഭാര്യക്ക് അവളുടെ അമ്മയുണ്ടല്ലോ എന്ന ചിന്തയാണ് അയാൾക്കിപ്പോൾ.

അങ്ങനെയിരിക്കെ അയാളുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിൽക്കുന്നു .  അതിൽ നിന്ന് മോടിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി , തന്റെ സാരഥിയെ യാത്രയാക്കിയ ശേഷം , അയാള് നിൽക്കുന്നതിനു തൊട്ടുപുറകിൽ വന്നു സ്ഥാനമുറപ്പിക്കുന്നു.   "പെർഫും കാറ്റ് " അയാൾക്ക്‌ ചുറ്റും വീശിയടിക്കുകയായി .   ഷെൽട്ടറിൽ, കൂടി  നിൽക്കുന്ന പെണ്‍കുട്ടികളേക്കാൾ സൌന്ദര്യം പുറകിൽ നിൽക്കുന്ന സ്ത്രീയ്ക്കുണ്ടെന്നു അയാൾ മനസ്സിലാക്കുന്നു.  അവൾ ചൂടിയിരിക്കുന്ന മുല്ലപ്പൂമാലയുടെ സൌരഭ്യം അയാളെ ആകർഷിക്കാതിരിക്കില്ല .  ഇടയ്ക്കിടെ തിരിഞ്ഞു നോക്കാതിരിക്കാൻ അയാൾക്കാവുന്നതെങ്ങിനെ ?   ഓരോ തവണയും അവളുടെ മനോഹരമായ ഉദരത്തിലേക്കു അയാളുടെ നോട്ടം പാറി വീഴുന്നു.   ഭാര്യയടെ ഓടിഞ്ഞുണങ്ങിയ ശരീരത്തിൽ നിന്ന് , ഈ തളിരുടളിലേക്കുള്ള അന്തരം മനസ്സിലാക്കുമ്പോൾ ഒരു അപകർഷതാ ബോധം അയാളെ വേട്ടയാടാൻ തുടങ്ങുന്നു.

കോളേജ് വിദ്യാർത്ഥിനികൾ കുശു കുശുത്തുകൊണ്ട് ചിരിക്കുന്നത് അയാൾ കാണുന്നില്ല .  പിന്നിലുള്ള സൌന്ദര്യം ഒപ്പിയെടുക്കുകയാണല്ലോ അയാളുടെ കണ്ണുകൾ .  നോക്കൂ - പെണ്‍കുട്ടികളുടെ ആ സംഘത്തിൽ അയാളുടെ അയൽക്കാരിയുമുണ്ടാവാം.  പൊതുജന മദ്ധ്യത്തിൽ താൻ ഒരു മാന്യനായിരുന്നുവെന്ന വസ്തുത അയാൾ മറന്നുപോയിരിക്കുന്നു.  ആ സ്ത്രീ അയാളെനോക്കി വശ്യമായി ചിരിക്കുകയാണ്.  അയാൾക്ക്‌ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷം.   പക്ഷെ അയാള് ഗൌരവം ഭാവിക്കുന്നു.   അവൾ അയാൾക്കരികിലേക്കു നീങ്ങുന്നു.   അയാളുടെ ഞരമ്പുകൾ മുറുകുകയാണ്.  അവളുടെ ഗന്ധം അയാളെ ഉന്മത്തനാക്കുന്നു.   അവൾ തന്നെ തൊട്ടതായ് അയാൾ അറിയുന്നു.   തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ വാചാലത.  അയാൾ മുഖം തിരിക്കുമ്പോൾ വീണ്ടും സ്പർശം .   നിയന്ത്രണത്തിന്റെ അവസാനത്തെക്കണ്ണിയും പൊട്ടുന്നതിവിടെയാണ് .   ഒരു ഓട്ടോ ഷെൽട്ടറിനു മുന്നിൽ വന്നു നിന്നപ്പോൾ അവൾ അയാളെ മുട്ടിയുരുമ്മിക്കൊണ്ട് നടന്നു പോകുന്നു.  ഓട്ടോയിൽ അവൾ അയാളെ വെയിറ്റ് ചെയ്യുകയാണ്.  കൈമാടി വിളിക്കുന്നുണ്ടവൾ.   അയാൾക്ക്‌ പോകാതിരിക്കാനാവില്ല.   കാരണം ആ ഗന്ധം അയാളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു.

വായ്പൊത്തി ചിരിക്കുന്ന വിദ്യാർത്ഥിനികളെ കടന്നു ഓട്ടോ ഇരുവരെയും വഹിച്ചുകൊണ്ട് പാഞ്ഞു തുടങ്ങുകയായി.  വാഹനത്തിൽ വെച്ചും അവർ പരസ്പരം സംസാരിക്കുന്നില്ല.   എങ്കിലും അവളുടെ കൈ സ്വാതന്ത്ര്യത്തോടെ അയാളെ തഴുകാതിരിക്കില്ല.  അയാൾ അവളെയും.   ഓട്ടോ ഒരു വലിയ കെട്ടിടത്തിനു മുന്നിൽ നിൽക്കുമ്പോൾ അയാൾ എന്തോ ചോദിക്കാൻ ശ്രമിക്കുന്നു.  അവൾ പക്ഷെ മുഖം കൊടുക്കില്ല.   അത് അവളുടെ വീടാണെന്നു അയാൾ ധരിക്കുക സ്വാഭാവികം.

തന്റെ കൈ പിടിച്ചുകൊണ്ടു അവൾ വീടിനു നേർക്ക്‌ നീങ്ങുമ്പോൾ അയാൾക്ക്‌ കൌതുകമോ, അകാംക്ഷയോ ഉണ്ടാകുന്നില്ല.  മറിച്ച് ആർത്തിയാണ് .  കതകുകൾ ഭദ്രമായി അടച്ച ഒരു റൂമിനുള്ളിൽ അവളെ കെട്ടിപുണർന്നു കിടക്കാൻ അയാൾക്ക്‌ ധൃതി .

അവൾ കാളിംഗ് ബെല്ലിൽ വിരലമർത്തുന്നു .  കതകു തുറന്നു പുറത്തു വന്ന മധ്യവയസ്കനെ അവൾ "സർ " എന്ന് വിളിക്കുമ്പോൾ മാത്രമാണ് അതൊരു അന്യ ഗൃഹം ആണെന്ന് അയാൾ അറിയുക.  അപ്പോഴും അയാൾക്ക്‌ കാര്യമായ ശങ്കകൾ ഇല്ല.  മദ്ധ്യവയസ്കൻ അയാളെ പുറത്തു നിർത്തി അവളെയും വിളിച്ചുകൊണ്ടു അകത്തേയ്ക്ക് പോകുന്നു.   അയാൾക്ക്‌ ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപ് ഒരു പയ്യൻ വന്നു വിളിക്കുന്നു.  പയ്യനെ അനുഗമിക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളെ തിരയാതിരിക്കില്ല.  പയ്യൻ അയാളെ എത്തിക്കുക എയർ കണ്ടീഷൻ സൌകര്യമുള്ള ഒരു മുറിയിലാണ്.  കമ്പ്യൂട്ടർ , ടി.വി.,ക്യാമറ മുതലായവയൊക്കെ ആ മുറിയിൽ കാണുന്നു.   പട്ടുമെത്തയിൽ ഒരു പെണ്‍കുട്ടി ഉണ്ടാകും.  മെലിഞ്ഞുണങ്ങിയ ഒരുവൾ.  അയാളുടെ ഭാര്യയെക്കാൾ വികൃതമായ ഒരു കോലമാണതു.  സുതാര്യമായ വസ്ത്രമായിരിക്കും അവൾ ധരിച്ചിരിക്കുന്നത്‌.  പിന്നിൽ വാതിലടയുന്നത് കേട്ട് അയാൾ ഞെട്ടിത്തിരിയും.

ഒരു താടിക്കാരൻ വന്നു കൈപിടിച്ച് കുലുക്കുമ്പോൾ അയാൾ യന്ത്ര മനുഷ്യനായിത്തീരുകയാണ് .  പെണ്‍കുട്ടി അയാളുടെ മുമ്പിൽ വച്ചുതന്നെ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു.    വിദഗ്ദ പരിശീലനം ലഭിച്ച ഒരു കുതിരയുടെ മിടുക്കൊടെയും ചടുലതയോടെയും അവൾ അയാളെ ബെഡ്ഡിലേക്കു മറിച്ചി ടുകയാണ് .  ക്യാമറ ഓണായത് അയാൾ അറിയാതിരിക്കാൻ സാധ്യതയില്ല.  "എന്താ ഇത്?" എന്ന് ചോദിക്കാൻ, അല്ലെങ്കിൽ "അരുത്" എന്ന് പറയാൻ അയാളുടെ നാവു ഉയരുന്നില്ല.

അയാൾക്ക്‌ അയാളെ നഷ്ടമായിരിക്കുന്നു....

ഡിയർ ഫ്രണ്ട് ... പ്ലീസ് ലിസ്സണ്‍ ,  അയാൾ ഞാനാവാം.... നിങ്ങളുമാവാം

ഉമേഷ്‌ ആറളം 

1 comment:

  1. കൈയും,തലയും പുറത്തിടരുത്...................

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.