Saturday, February 28, 2015

ബാല്യം


ഞാന്‍ ഒറ്റമോള്‍ ആയിരുന്നു അതിനാല്‍ അവധി ദിവസങ്ങളില്‍ അമ്മ എന്നെ  പപ്പയുടെ തറവാട്ടില്‍ കൊണ്ടുചെന്നാക്കും. അങ്ങനെ എനിക്ക് ആറു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ പപ്പവീട്ടില്‍ തനിയെ പോകാന്‍ തുടങ്ങി. ആ യാത്ര  നല്ലരസമാണ്. മലയോര ഗ്രാമമാണ്‌ ഞങ്ങളുടേത്.  പാടങ്ങളും, ചെറിയ തോടും, മരപ്പാലവും എല്ലാം കടന്നു വേണം പോകാന്‍.  രാവിലെ 6,7 മണിക്കാണ് യാത്ര.   നല്ല മഞ്ഞുള്ള പ്രഭാതങ്ങള്‍ ആയിരിക്കും മിക്കപ്പോഴും . പോകാന്‍   നേരം, അമ്മ ഒരു ഷാള്‍ കൊണ്ടുപുതപ്പിച്ചു അതിന്റെ രണ്ടറ്റവും എന്റെ കയ്യില്‍ തരും.  അത് ഇറുക്കി പിടിച്ചാണ് നടത്തം. പാട വരമ്പത്തുകൂടെ പതിയെ നടന്നുപോകുമ്പോള്‍ കിന്നാരം പറയാൻ  പുൽത്തുമ്പുകളും  മഞ്ഞുതുള്ളികളും നെല്ക്കതിരുകളും വരും.  നമുക്കതെങ്ങും നോട്ടമില്ലാ. എങ്ങനെയും തറവാട് എത്തണം. അവര്‍ കരുതുന്നുണ്ടാവും... മൂടിപ്പുതച്ചു കിടന്നുറങ്ങേണ്ട നേരത്ത് ഈ കുട്ടി  എങ്ങോട്ടാണ് പോകുന്നത്  ? തറവാട്ടില്‍ ചെന്നിട്ടു അപ്രത്തമ്മേ ഞാന്‍ വന്നൂന്ന് ഉറക്കെ വിളിക്കും.  അത് ഒരു അറിയിപ്പ് ആണ്. പപ്പയുടെ തറവാടും ഞങ്ങളുടെ ബന്ധുക്കളും അടുത്തടുത്ത് താമസിക്കുന്നു. പപ്പയുടെ അമ്മയെ ആണ് അപ്രത്തമ്മ എന്ന് വിളിക്കുന്നത്‌.  എന്റെ അറിയിപ്പ് കേള്‍ക്കുമ്പോഴേക്കും എന്റെ അമ്മായിയുടെയും പേരപ്പന്മാരുടെയും കുട്ടികള്‍ വീടിനു പുറത്തേക്കിറങ്ങി വരും.

ഞാന്‍ ചെന്നാൽ  അപ്പോള്‍ തുടങ്ങി പലതരം കളികള്‍ ആണ്.  ഞങ്ങള്‍ 7 പെണ്‍കുട്ടികള്‍ ആണ്. ഏറ്റവും മുതിര്‍ന്ന ആള്‍,  ആറാം ക്ലാസ്സില്‍ പഠിക്കുന്ന  ചേച്ചിയാണ് ടീം ലീഡര്‍ - കം - റഫറി.  ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിക്കുന്നതും ചേച്ചിയാണ്.  ഞങ്ങള്‍ക്ക് ഒന്നുരണ്ടു പേരമരമുണ്ട് .   ഒരു ദിവസം പപ്പയുടെ അനിയന്‍ പേരയുടെ ചുവട്ടില്‍ നിന്നു അമ്മയോട് പറയുവ പേരക്കയെല്ലാം വവ്വാല്‍ കടിച്ചു,  ഒരെണ്ണം പോലും നല്ലതില്ലല്ലോന്നു. അമ്മ പറഞ്ഞു 7 വവ്വാലാ  ഉള്ളതെന്ന് . എന്താണെന്ന്  വച്ചാൽ  പേരക്ക മൂത്തോന്നു അറിയാന്‍ ഞങ്ങള്‍ കടിച്ചു നോക്കും. പൊട്ടു പേരക്ക പറിക്കരുതെന്നു പറഞ്ഞിട്ടുണ്ട്.  കൂട്ടത്തില്‍ അറിഞ്ഞോ അറിയാതയോ ഞാന്‍ ആണ് കുഴപ്പക്കാരി.

ഹോസ്പിറ്റല്‍ കളിയാണ് പിന്നെ ഉള്ളത്.  ഒരിക്കല്‍ ഞാന്‍ രോഗിയും കൂട്ടത്തിലൊരാള്‍ ഡോക്ടറും.  കണ്ണിനു അസുഖമാണ്  രോഗിക്ക് , പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞപോലെ കണ്ണു അടച്ചു  ഞാന്‍ കിടന്നു.  ഡോക്ടര്‍ കണ്ണില്‍ മരുന്നോഴിച്ചു.  പിന്നെടെന്താണുണ്ടായതോന്നും എനിക്കോര്‍മയില്ല. ആരൊക്കയോ എന്നെ എടുത്തു ശരിക്കുമുള്ള ആശുപത്രിയില്‍ കൊണ്ട് പോയി. കണ്ണില്‍ കളിച്ചപ്പോള്‍ ഒഴിച്ച മരുന്ന് എന്താന്നു അറിയേണ്ടേ ?  അരിച്ചു വച്ചിരുന്ന മണല്‍,  കുപ്പിയുടെ അടപ്പിലാക്കി അതാണ്‌ കളി ഡോക്ടര്‍ എന്റെ കണ്ണില്‍ ഇട്ടതു.

പിന്നീടൊരിക്കല്‍  കൂട്ടത്തില്‍ ഉള്ള, എനിക്ക് നേരെ മൂത്ത ചേച്ചിയുടെ  ഒരു കമ്മല്‍ കളിക്കിടയില്‍ ചാടിപ്പോയി.   എല്ലാവരും ഒരുമിച്ചു നോക്കീട്ടും കിട്ടിയില്ല. വീട്ടുലറിഞ്ഞാല്‍ ഉള്ള പുകിലോര്‍ത്തിരുന്നപ്പോള്‍ എനിക്കൊരു ഐഡിയ തോന്നി.  ഞാന്‍ ചേച്ചിയുടെ മറ്റേ കമ്മല്‍ ഊരി മേടിച്ചു ഉള്ളംകൈയ്യില്‍ വച്ചു, എന്നിട്ട് കണ്ണടച്ച്  പ്രാര്‍ത്ഥിച്ചു . ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ബാക്കി ആറു പേരും എന്റെ ചുറ്റും കണ്ണടച്ച് കൈ കൂപ്പി നില്‍ക്കുന്നു.  അപ്പൊ പിന്നെ കുറെ മന്ത്രങ്ങളും കൂടി അങ്ങ് ചൊല്ലി. ഓം ഹ്രീം കുട്ടിചാത്ത അങ്ങനെ കുറേ.  എന്തായാലും ആളാകാന്‍ പറ്റിയ അവസരമാണല്ലോ  വിട്ടുകൊടുത്തില്ല.  എല്ലാവരോടും കണ്ണു തുറക്കാന്‍ പറഞ്ഞു. എന്നിട്ട് എന്നെ ശ്രദ്ധിക്കു, ഞാന്‍ ഈ കമ്മല്‍ എടുത്ത് ഏറിയും നിങ്ങള്‍ അവിടെ പോയി നന്നായി നോക്കണം അപ്പോൾ  അവിടെ നിന്നു കാണാതായ കമ്മലും എറിഞ്ഞ  കമ്മലും തിരിച്ചു കിട്ടുമെന്നും  പറഞ്ഞു ഞാന്‍ ആ കമ്മല്‍ എറിഞ്ഞു .... ആരുടെയോ ഭാഗ്യത്തിന് ആ രണ്ടു കമ്മലും തിരിച്ചു കിട്ടി. 

ഈ സംഭവങ്ങള്‍ എന്റെ  കസിന്‍ കഴിഞ്ഞ ക്രിസ്മസ്സിനു എല്ലാവരും കൂടിയപ്പോള്‍ പറഞ്ഞു.... ഇത് കേട്ട എന്റെ ഭര്‍ത്താവ്  അവരോടു അപ്പോൾ  ഈ അസുഖം നേരത്തെ ഉണ്ടല്ലേ  ?

 ബാല്യത്തില്‍ നടക്കുന്ന സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോള്‍ ..... ഒരിക്കൽ  കൂടി തിരികെ കിട്ടാത്ത ബാല്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .... അന്നുള്ളപോലേ സാഹോദര്യവും സന്തോഷവും ലാളനയും ....കിട്ടിയിരുന്നെങ്കില്‍ ... എന്റെ മോള്‍ക്ക്‌ നഷടമാകുന്ന ഇത്തരം അവസരങ്ങള്‍ , ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുന്ന അവളുടെ ബാല്യം.... മണ്ണപ്പം ചുട്ടും കണ്ണിമാങ്ങാ പെറുക്കിയും ഐസ് സൈക്കിളിനു പുറകെ ഓടിയും ദൂരദര്‍ശനിലെ നാലു മണി സിനിമക്കുള്ള കാത്തിരിപ്പിന്റെ സുഖം.... ഇതെല്ലാം എന്റെ മോള്‍ക്ക്‌ നഷ്ടം...


ദിൽന സാബു 

6 comments:

  1. ബാല്യകാലസ്മരണകള്‍. അല്ലേ!!

    ReplyDelete
  2. ഒരുവട്ടം കൂടിയാ. .....

    ReplyDelete
    Replies
    1. ഒരുവട്ടം കൂടി .....

      Delete
  3. ബാല്യകാലത്തിലെക്കൊരു തിരിച്ചു പോക്ക് കൊതികാത്തവരുണ്ടാകുമോ.

    ReplyDelete
    Replies
    1. ബാല്യത്തിലേക്ക് തിരിച്ചു പോക്ക് കൊതിക്കത്ത്തവര്‍ അര്രും ഉണ്ടാകില്ല .......ആശ

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.