Friday, September 11, 2015

Friday, September 11, 2015 1

മണ്മറഞ്ഞ നന്മകൾ

മണ്മറഞ്ഞാനല്ല കാലവും പാടവും

നെന്മണികൾ കളിയാടിയോരെൻ ഗ്രാമശോഭയും

നെൽച്ചെടിത്തുമ്പിലെ മഞ്ഞിൻ കണങ്ങളെ
ഒപ്പിയെടുത്തൊരെൻ ബാല്യവുമോർമയായ്

ചേറുണങ്ങാത്തൊരാ പാടവരമ്പിലൂ-
ടെത്രയോ നാൾ ഞങ്ങളോടിക്കളിച്ചതും

തോർത്തുമായ് തടയണകൾ തേടിനടന്നതും
പരൽമീൻ പിടിച്ചതും ആർപ്പുവിളിച്ചതും

കാർത്തിക നാളിലെ സന്ധ്യക്കു പാടത്തു-
ദീപം തെളിച്ചതും 'ഹരിഹോരി'* വിളിച്ചതും

തൂവെള്ളക്കൊറ്റികൾ ധ്യാനത്തിലിരുന്നതും
പ്രാവുകൾ മോദേന കുറുകിപ്പറന്നതും

കൊയ്ത്തുകഴിഞ്ഞൊരാ പാടത്തു പുരകെട്ടി
കാളിയൂട്ടും പറണേറ്റും നടന്നതും....

ഓർമകൾ മാത്രമായാനല്ല നാളുകൾ
പഴമയുടെ മണമുള്ള,നിറമുള്ള ഓർമകൾ


**************************************************************
മലയാണ്മ തമിഴുമായതിരുകൾ തിരിച്ചതും
നെയ്യാറിൻ കൈവഴികൾ കൊട്ടിയടച്ചതും

ശ്രീവാഴുംകോടിനെ വെട്ടിമുറി'ച്ച-
ശ്രീകര'മാക്കിയ ജാതികൾ സാക്ഷിയായ്....

ഇവരെന്റെ ഭാഷയെ കൊത്തിനുറുക്കുന്നു
അവരെന്റെ മണ്ണിന്റെ ജീവനും കവരുന്നു

പാടങ്ങളെല്ലാം കവർന്നെടുത്തവരെന്റെ-
നാടിന്റെ ഓജസ്സും മെല്ലെ മെല്ലെ

നാട്ടിൻപുറത്തിന്റെ നന്മകൾ വീണ്ടുമീ-
നാട്ടിലേയ്ക്കെത്തുവാൻ കാത്തിരിക്കുന്നു ഞാൻ.. ...

രാധാകൃഷ്ണൻ കൊല്ലങ്കോട് 

Email : r.krishnan.email@gmail.com

(* ഹരി ഓം ഹരി ലോപിച്ചതാവാം)