Monday, June 18, 2012

Monday, June 18, 2012 19

എന്റെ വ്യാമോഹങ്ങള്‍

ഇനിയൊരു കവിത ഞാനെഴുതി വെയ്ക്കാം ...
എന്റെ കരളിലെ കദനങ്ങള്‍ കൊണ്ടുമാത്രം ...
ഇനിയതു ഞാനങ്ങുറച്ചു പാടാം ....
സാന്ത്വനമേകി തലോടുമെങ്കില്‍ ..

കൈ കൂപ്പി നിന്‍ മുന്‍പില്‍ കേണിടാമിന്നു ഞാന്‍ ...
കാരുണ്യവാനതു കേള്‍ക്കുമെങ്കില്‍ ....
അമ്പല മുറ്റത്തു വന്നിടാമെന്നും ഞാന്‍ ...
ആശിച്ചതൊക്കെ നടക്കുമെങ്കില്‍ ....

ഇനിയെന്റെ കാതുകള്‍ തുറന്നുവെയ്ക്കാം ....
കേള്‍ക്കുക നല്ലതു മാത്രമെങ്കില്‍ ...
ഇനിയെന്റെ കണ്ണുകള്‍ തുറന്നുവെയ്ക്കാം ....
കാഴ്ചകള്‍ പേടിപ്പെടുത്താതിരിക്കുകില്‍ ...

ഇനിയൊരു ജന്മം ഞാന്‍ കാത്തിരിയ്ക്കാം ...
ഇണയായി നീ തന്നെ എങ്കില്‍ മാത്രം ..
കയ്യില്‍ പിടിച്ചു നടന്നിടാം ഇന്നു ഞാന്‍ ...
കൂട്ടിന്നു നീ കൂടെ പോരുമെങ്കില്‍ ...

ഒറ്റയ്ക്കിരുന്നു ഞാന്‍ ഓര്‍ക്കുവാനാശിയ്ക്കാം ...
ഓര്‍മ്മകള്‍ മധുരിയ്ക്കുമെങ്കില്‍ മാത്രം ...
ഹൃദയമൊരു കോവിലായി സൂക്ഷിച്ചിടാമിന്നു ...
പൂജിയ്ക്കുവാനൊരു മൂര്തിയുണ്ടാവുകില്‍ ...

കണ്ണുകള്‍ പൂട്ടി ഞാന്‍ നിദ്രയെ പുല്കിടാം ...
കനവുകള്‍ സുന്ദരമെങ്കില്‍ മാത്രം ....
കാലത്തെണീറ്റ് ഞാന്‍ കണ്ണ് തുറന്നിടാം ...
കാണുക നല്ലത് മാത്രമെങ്കില്‍ ....

കണ്ണട വെച്ചു ഞാന്‍ കാഴ്ചയെ കൂട്ടിടാം ....
കപട മുഖങ്ങളെ കാണാന്‍ കഴിഞ്ഞെങ്കില്‍ ....
കണ്ണടച്ചിരുട്ടാക്കി ഇന്നു ഞാന്‍ നിന്നിടാം ....
കശ്മലക്കൂട്ടങ്ങള്‍ കാണാതിരിക്കുകില്‍ ....

വെള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ചിടാം .....
ഉള്ളിന്‍ കറുപ്പതു കാണാതിരിക്കുകില്‍ ....
ഉച്ചത്തിലിന്നു ചിരിച്ചിടാം നിന്‍ മുന്‍പില്‍ ....
ഉള്ളിലെ വേദന കാണാതിരിക്കുകില്‍ ....

മുന്നില്‍ നടന്നു ഞാന്‍ മാര്‍ഗ്ഗം തെളിച്ചിടാം ...
പിന്നില്‍ നിന്നെന്നെ കുത്താതിരിക്കുകില്‍ ...
ആശകളെ മൂടി പുതച്ചു കിടന്നിടാം .....
അന്ത്യ ശ്വാസം വരെ കൂട്ടിനുണ്ടാവുകില്‍ ....

കെട്ടി പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞിടാം ....
കുറ്റങ്ങളൊക്കെ പൊറുക്കുമെങ്കില്‍ .....
എല്ലാം കഴിഞ്ഞൊന്നു ഞാന്‍ കണ്ണടയ്ക്കാം ...
ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....
ഉണര്‍ത്തുകയില്ലിനിയെങ്കില്‍ മാത്രം ....

എസ് . ഭാസ്കർ

Thursday, June 07, 2012

Thursday, June 07, 2012 3

കേരളം എങ്ങോട്ട് ?

മെയ്‌ 4 : പ്രബുദ്ധരെന്നും, സാക്ഷരതയില്‍ മുന്‍പില്‍
നില്‍ക്കുന്നവരെന്നും അഭിമാനിക്കുന്ന നാമുള്‍പ്പെടുന്ന എല്ലാ കേരളീയര്‍ക്കും അപമാനകരമായ കറുത്ത ദിവസം. രാഷ്ട്രീയ എതിരാളികള്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പച്ചയായ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ദിവസം. ഒരു
മനുഷ്യന്റെ ശിരസ്സില്‍ 51 വെട്ടുകള്‍ വെട്ടാന്‍ കാട്ടാളന്‍മാര്‍ക്കല്ലാതെ മനുഷ്യനായി പിറന്ന ആര്‍ക്കും തന്നെ കഴിയുമെന്ന് തോന്നുന്നില്ല. മനുഷ്യ
രൂപത്തില്‍ നടക്കുന്ന ഇവര്‍ ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലാണ് ഒരു ജീവനെ ഇല്ലാതാക്കിയത് ? ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു പൌരന്റെ മൌലിക അവകാശങ്ങളില്‍ പെടുന്നതാണ് ആരാധനാ സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും. ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ 

Wednesday, June 06, 2012

Wednesday, June 06, 2012 11

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ...

"എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ....
എന്റെ നാട്ടിലെനിക്കു വേറെ രാജാക്കളില്ല ... "

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ആരെയാണ് ഓര്‍മ്മ വരിക. .... അതേ .... ശ്രീകുമാരന്‍ തമ്പി എന്ന അദ്ഭുത പ്രതിഭയെ ! 1946 -ഇല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹത്തിന്റെ ഓരോ വരികളും ഇന്നും നമ്മുടെ ഉള്ളില്‍ മുഴങ്ങുന്നു. കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ തന്റെ ജൈത്ര യാത്ര തുടങ്ങിയ അധ്യേഹം ആയിരക്കണക്കിന് ഗാനങ്ങള്‍ എഴുതിയതിനു പുറമേ 22 പടങ്ങള്‍ നിര്‍മ്മിച്ചു, 30 പടങ്ങള്‍ സംവിധാനം ചെയ്തു , 78 പടങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി .... താരതമ്യ പ്പെടുത്താന്‍ വേറെ ആരെങ്കിലും  ഉണ്ടോ ? ഇല്ലെന്നാകും ഉത്തരം .

"ഇന്നു മെന്റെ കണ്ണ് നീരില്‍ ..... നിന്നോര്‍മ്മ പുഞ്ചിരിച്ചു ....
ഈറന്‍ മുകില്‍ മാലകളില്‍ ..... ഇന്ദ്ര ധനുസ്സെന്ന പോലെ ...."

Saturday, June 02, 2012

Saturday, June 02, 2012 4

കൈരളി 

പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരളനാദമല്ലോ
കേരവൃക്ഷം പോലുയര്‍ന്നുപൊങ്ങി സഹ്യാദ്രിപോലെയടിയുറച്ചു.

കാട്ടാനതന്റെ കരുത്തുമേറി
കാട്ടരുവിതന്‍ ചിലമ്പണിഞ്ഞു
സിംഹരാജന്റെ ഗര്‍ജ്ജനവും
കോകിലത്തിന്‍ ശബ്ദസൌകുമാര്യം.

ആഴിക്കടിയിലെ മുത്തുപോലെ
സപ്തവര്‍ണ്ണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച ലഭിച്ചിടും പോല്‍ .

കുട്ടനാടിന്റെ സമൃദ്ധിനിന്നില്‍
ചിങ്ങ മാസത്തിലെ പൊന്നോണം പോല്‍ .
നിളയുടെ കുളിരാര്‍ന്ന തെളിമ നിന്നില്‍
പൂര്‍ന്നേന്ദു വാനിലൂദിച്ചപോലെ.

തുഞ്ചന്റെ ശാരികകൊഞ്ചലില്‍ നീ
കുഞ്ചന്റെ തുള്ളല്‍ച്ചിരിയിലും നീ
പൂന്താനം കണ്ണന് 'അമൃത്' നേദിച്ചതും
പച്ചയാം നിന്‍ വരമൊഴിയിലൂടെ .

ഓണമൊരോര്‍മ്മയാണിന്നെന്നിരിക്കവേ
ഓര്‍ക്കുവാന്‍ നിന്‍ പഴമ്പാട്ടുവേണം
കേരളത്തിന്റെ പൊന്നിന്‍ കിരീടം
കഥകളിപ്പദങ്ങളും നിന്നിലൂടെ .

നന്തുണികൊട്ടി നാവോറുപാടുന്ന
പുള്ലോത്തിപെണ്ണിന്റെ നാവിലും നീ
ചെറുമികള്‍ പാടുന്ന ഞാറ്റടിപ്പാട്ടിന്റെ
ഈരടിയില്‍ നീ നിറഞ്ഞു നില്പൂ .

പാണനു പാടാന്‍ കഥയൊരുക്കാന്‍ ,
വീണയ്ക്കു താളം പിടിക്കുവാന്‍ നീ
വള്ളുവനാടന്‍ ചിന്തുകള്‍ കേള്‍പ്പതും
കൈരളി നിന്നിലൂടോന്നു മാത്രം .

പുന്നപ്ര - വയലാര്‍ വിപ്ലവ ഗീതങ്ങള്‍
ചോരയില്‍ മുക്കിയെഴുതി നിന്നില്‍
വെള്ളക്കാരെ പണ്ട് നാട്ടില്‍നിന്നാട്ടുവാന്‍
സ്വാതന്ത്ര്യഗീതം രചിച്ചു നിന്നില്‍ .

ഇരയിമ്മന്‍ പാടിയ താരാട്ട്കേട്ട്
കുഞ്ഞോമനകളുറങ്ങിടുമ്പോള്‍
മാതൃത്വം ധന്യമാം ആ നിമിഷം
കൈരളി നീ വീണ്ടും ധന്യയാകും !

നന്ദകുമാര്‍ വള്ളിക്കാവ് 
Email : nandubindu@rediffmail.com