Saturday, June 02, 2012

കൈരളി 

പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരളനാദമല്ലോ
കേരവൃക്ഷം പോലുയര്‍ന്നുപൊങ്ങി സഹ്യാദ്രിപോലെയടിയുറച്ചു.

കാട്ടാനതന്റെ കരുത്തുമേറി
കാട്ടരുവിതന്‍ ചിലമ്പണിഞ്ഞു
സിംഹരാജന്റെ ഗര്‍ജ്ജനവും
കോകിലത്തിന്‍ ശബ്ദസൌകുമാര്യം.

ആഴിക്കടിയിലെ മുത്തുപോലെ
സപ്തവര്‍ണ്ണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച ലഭിച്ചിടും പോല്‍ .

കുട്ടനാടിന്റെ സമൃദ്ധിനിന്നില്‍
ചിങ്ങ മാസത്തിലെ പൊന്നോണം പോല്‍ .
നിളയുടെ കുളിരാര്‍ന്ന തെളിമ നിന്നില്‍
പൂര്‍ന്നേന്ദു വാനിലൂദിച്ചപോലെ.

തുഞ്ചന്റെ ശാരികകൊഞ്ചലില്‍ നീ
കുഞ്ചന്റെ തുള്ളല്‍ച്ചിരിയിലും നീ
പൂന്താനം കണ്ണന് 'അമൃത്' നേദിച്ചതും
പച്ചയാം നിന്‍ വരമൊഴിയിലൂടെ .

ഓണമൊരോര്‍മ്മയാണിന്നെന്നിരിക്കവേ
ഓര്‍ക്കുവാന്‍ നിന്‍ പഴമ്പാട്ടുവേണം
കേരളത്തിന്റെ പൊന്നിന്‍ കിരീടം
കഥകളിപ്പദങ്ങളും നിന്നിലൂടെ .

നന്തുണികൊട്ടി നാവോറുപാടുന്ന
പുള്ലോത്തിപെണ്ണിന്റെ നാവിലും നീ
ചെറുമികള്‍ പാടുന്ന ഞാറ്റടിപ്പാട്ടിന്റെ
ഈരടിയില്‍ നീ നിറഞ്ഞു നില്പൂ .

പാണനു പാടാന്‍ കഥയൊരുക്കാന്‍ ,
വീണയ്ക്കു താളം പിടിക്കുവാന്‍ നീ
വള്ളുവനാടന്‍ ചിന്തുകള്‍ കേള്‍പ്പതും
കൈരളി നിന്നിലൂടോന്നു മാത്രം .

പുന്നപ്ര - വയലാര്‍ വിപ്ലവ ഗീതങ്ങള്‍
ചോരയില്‍ മുക്കിയെഴുതി നിന്നില്‍
വെള്ളക്കാരെ പണ്ട് നാട്ടില്‍നിന്നാട്ടുവാന്‍
സ്വാതന്ത്ര്യഗീതം രചിച്ചു നിന്നില്‍ .

ഇരയിമ്മന്‍ പാടിയ താരാട്ട്കേട്ട്
കുഞ്ഞോമനകളുറങ്ങിടുമ്പോള്‍
മാതൃത്വം ധന്യമാം ആ നിമിഷം
കൈരളി നീ വീണ്ടും ധന്യയാകും !

നന്ദകുമാര്‍ വള്ളിക്കാവ് 
Email : nandubindu@rediffmail.com



4 comments:

  1. നമ്മുടെ പ്രിയകേരളം....ഇഷ്ടപ്പെട്ടു കേട്ടോ

    ReplyDelete
  2. അകലെ ഒരു നാടുണ്ട്

    മലയുണ്ട് പുഴയുണ്ട്

    പച്ച പുതച്ചൊരു നാടുണ്ട്

    മനമില്‍ നിറയും നാടാണ്

    കേരളമെന്നൊരു എന്‍ നാട് .......

    മനോഹര വരികള്‍ കൊണ്ട് നാടിനെ ഓര്‍മിപ്പിച്ച തിനു ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  3. ആഹാ. നല്ല നാടന്‍ കവിത..ക്ഷി പിടിച്ചിരിക്കുന്നു നിക്ക് ട്ടോ.

    കേരളത്തെ കുറിച്ചും കേരള ഭംഗിയെ കുറിച്ചും ഒരുപാട് കവിതകള്‍ ഇതിനും മുന്നേയും കണ്ടിട്ടുണ്ട്. അത് കൊണ്ട് പുതുമ എന്നൊന്നും ഞാന്‍ പറയുന്നില്ല.

    പക്ഷെ, വളരെ ചുരുങ്ങിയ വരികള്‍ കൊണ്ട് കേരളത്തെ മുഴുവന്‍ വളരെ ഭംഗിയായി വരച്ചു കാണിച്ചതിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍. കേരളത്തെ കുറിച്ച് അറിയാത്തവര്‍ക്ക് പോലും ഈ കവിത നല്ലൊരു വായനാനുഭവം സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

    ReplyDelete
  4. അഭിനന്ദനങ്ങള്‍ . . . .
    തനിമ നിറഞ്ഞ കേരളത്തെ മനസ്സില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് . . . .

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.