ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.
ഒന്നാം ധ്യാന ദിനം.
''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍
ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...''
ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്. ധ്യാന ഗുരുക്കന്‍മാര്‍ , കുഞ്ഞാടുകള്‍ , കൈത്താളം, ഗാനശുശ്രൂഷ....
പള്ളിയ്ക്കു പുറത്ത് ബസ്സ്റ്റാന്റില്‍ വിഷണ്ണനായി ഒരാള്‍ ധ്യാന കോലാഹലങ്ങളിലേയ്ക്കുറ്റു നോക്കി നില്‍ക്കുന്നു.
ചിരപരിചിതമായ ഒരു മുഖം. സൗമ്യം, വിശുദ്ധം, ദീപ്തം.
അടുത്തുചെന്ന് സ്‌നേഹബഹുമാനങ്ങളോടെയും അല്പം കുറ്റബോധത്തോടെയും ഞാന്‍ ചോദിച്ചു.
''ക്ഷമിക്കണം. എവിടെയോ കണ്ടു നല്ല പരിചയം... പക്ഷെ, പെട്ടെന്നോര്‍മ്മ വരുന്നില്ല....''
വിഷാദപൂര്‍ണ്ണമായൊരു മന്ദഹാസത്തോടെ അദ്ദേഹം വലതുകരം നിവര്‍ത്തിക്കാണിച്ചു. ആ ഉള്ളംകൈ തുളഞ്ഞ് രക്തംകിനിഞ്ഞുനിന്നിരുന്നു. ഇടതുകൈയ്യിലും കാലുകളിലും അങ്ങനെ തന്നെ. ആണിപ്പഴുതുകള്‍! അറിയാതെ കൈകള്‍ കൂമ്പിപ്പോയി. പഞ്ചക്ഷതധാരി! കര്‍ത്താവ്! അള്‍ത്താരയിലെ ക്രൂശിത രൂപന്‍! ്യൂഞാന്‍ നിരന്തരം കുമ്പിടാറുള്ള ആ പ്രേമസ്വരൂപന്‍.
''അയ്യോ, എന്റെ കര്‍ത്താവേ, പൊറുക്കണം. പൊറുക്കണം. പക്ഷെ ധ്യാനം നടക്കുമ്പോള്‍ അവിടെയായിരിക്കേണ്ട അങ്ങെന്തേ അന്യനെപ്പോലെ ഇവിടെ നില്‍ക്കുന്നത്?''. അറിയാതെ ചോദിച്ചു പോയി.
''ഏറ്റവും അടുത്ത ബസില്‍ കയറി ദൂരേയ്‌ക്കെങ്ങോട്ടെങ്കിലും പോവുകയാണ്. ഇനി മൂന്നു ദിവസം കഴിഞ്ഞേ മടങ്ങുന്നുള്ളു.''
''അതെന്താണു കര്‍ത്താവേ, ഈ ധ്യാനം തന്നെ അങ്ങയെച്ചൊല്ലിയുള്ളതായിരിക്കെ. ..?''
''മൂകരാവുകളുടെ മടിത്തട്ടിലേയ്ക്ക് സൗമ്യവതികളായി പിറന്നു വീഴുന്ന നിശാപുഷ്പഗന്ധം,
അടഞ്ഞ വാതിലുകള്‍ക്കകത്ത് എനിക്കു മുന്നില്‍ തുറക്കപ്പെടുന്ന ദുഃഖികളായ ഏകാകികളുടെ ഹൃദയം, സ്തുതിപൂര്‍ണ്ണവും അര്‍ത്ഥസാന്ദ്രവുമായ ധ്യാനം, ഇവയിലെല്ലാമാണെന്റെ പ്രസാദം. അല്ലാതെ....'' സ്‌നേഹക്ഷോഭിതമായിരുന്ന ആ സ്വരം നനഞ്ഞിരുന്നു.
തുടര്‍ന്ന് ആ വിശ്വമഹാപ്രഭു ധ്യാനപ്പന്തലിലേക്കു നോക്കി വിഷാദപൂര്‍ണ്ണമായ ഒരു മൗനത്തിലമര്‍ന്നു.
ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു തുടങ്ങി.
പന്തലിനകത്തു ധ്യാനം ചൂടുപിടിച്ചിരുന്നു.
ഗുരുവിന്റെ മൗനം മുറിക്കാതെ ഞാന്‍ നിശ്ശബ്ദം അവിടെ നിന്നകന്നു.
രണ്ടാം ധ്യാന ദിനം
മദ്ധ്യാഹ്നം.
പന്തലില്‍ ധ്യാനത്തിന് ഇടവേള. കുഞ്ഞാടുകള്‍ ഭക്ഷണത്തോടു സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരുന്ന ആ സമയം ഒരു സി.ഡി.കസെറ്റ് ആകുലതയോടെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു
''....എന്നു തീരും എന്റെ ദുഃഖം ഇന്നീ മന്നിലെ
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ...''
പന്തലിനു പുറത്ത് എന്റെ കണ്ണുകള്‍, അതിന്റെ സാഫല്യം തേടി ഉഴറുകയായിരുന്നു. എവിടെ ഹിമസമാന വസ്ത്രം ധരിച്ചവന്‍? ആണിപ്പഴുതുകളുള്ളവന്‍? അറുക്കപ്പെട്ട കുഞ്ഞാട്?
ഭാഗ്യം. എന്റെ കണ്ണുകളില്‍ അവന്റെ കൃപ പെയ്തിറങ്ങുന്നു. അവന്‍ പോയിട്ടില്ല. അവിടെത്തന്നെ
നില്‍ക്കുന്നു. കഷ്ടം! ഇന്നലെ മുഴുവന്‍ എന്റെ ദേവന്‍ അവിടെയായിരുന്നു. രാവില്‍! കുളിരില്‍! ഉറക്കമിളച്ച്! തന്റെ കുഞ്ഞാടുകളെ വിട്ടകന്നുപോകാനുള്ള വേദനാകരമായ അമാന്തത്തില്‍!
പക്ഷെ, ഇക്കുറി അവന്‍ ധ്യാനപ്പന്തലിനു പുറംതിരിഞ്ഞു നിന്ന് റോഡിനപ്പുറത്തുള്ള മതിലിനു മുകളിലേയ്ക്കു നോക്കി, കഠിനകോപം കൊണ്ടുണ്ടായ, വിറയലോടെ വിരല്‍ ചൂണ്ടി ആരെയോ ശകാരിക്കുന്നതാണു ഞാന്‍ കണ്ടത്. ''...പോ...കടന്നുപോ..''
കര്‍ത്താവിനിതെന്തു പറ്റിയെന്നോര്‍ത്ത് മതിലിനപ്പുറത്തേയ്ക്കു സൂക്ഷിച്ചു നോക്കിയപ്പോള്‍ കര്‍ത്താവിനെപ്പോലൊരാളുടെ മുഖം മതിലിനപ്പുറത്തു നിന്നും സാവധാനം ഉയര്‍ന്നു വരികയും കര്‍ത്താവിനെ ഭയത്തോടെയും, ധ്യാനപ്പന്തലിനെ കൊതിയോടെയും വീക്ഷിക്കുന്നതു കണ്ടു. അയാളുടെ മുഖം പൂര്‍ണ്ണമായും പുറത്തു പ്രത്യക്ഷമായപ്പോള്‍ കര്‍ത്താവ് കലിയോടെ വീണ്ടും അയാളെ ശകാരിച്ചു. ''നിന്നോടല്ലേ പറഞ്ഞത്, കടന്നുപോകാന്‍?''.
ശകാരം കേട്ട അയാള്‍, ഗരുഢസ്വരം കേട്ട പാമ്പിന്റെ ഉള്‍ക്കിടിലത്തോടെ തല താഴ്ത്തിക്കളഞ്ഞു.
''കര്‍ത്താവേ അവിടുന്ന് പോയില്ലായിരുന്നോ? അവിടെയാരാണ് അങ്ങയെപ്പോലെതന്നെ മറ്റൊരാള്‍?''
''അവന്‍ സമ്മതിക്കണ്ടേ? ഞാനിവിടെ നിന്നു മാറുന്ന നിമിഷം അവന്‍ ഇവിടെക്കയറിക്കൂടും.'' കര്‍ത്താവിതു പറയുന്നതിനിടയില്‍ ആ തല വീണ്ടും സാവധാനം ഉയര്‍ന്നു വരികയും, ഒരു ബഹുരാഷ്ട്ര വ്യവസായി തന്റെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ വളരെ വിപണന സാദ്ധ്യതയുള്ള ഒരു വിപണി കണ്ടെത്തിയ ആര്‍ത്തിയോടെ ധ്യാനപ്പന്തലിലേയ്ക്ക് ദൃഷ്ടി പായിക്കുകയും ചെയ്യുന്നതു കണ്ടു.
അപ്പോള്‍ കര്‍ത്താവ് വീണ്ടും അവനെ ശക്തമായി താക്കീതു ചെയ്തു. ''നിനക്കിതു നല്ലതിനല്ല. എനിക്കു കോപമുണ്ടാക്കരുതു നീ.''
''കാഴ്ചയില്‍ അയാളും അങ്ങയെപ്പോലെ തന്നെയിരിക്കുന്നു. പിന്നെന്തിനാണു കര്‍ത്താവേ അങ്ങയാളെ ആട്ടുന്നത്? അവനും ധ്യാനത്തില്‍ കൂടിയാല്‍ ധ്യാനം ധന്യപ്പെടുകയല്ലേയുള്ളൂ''
'മരമണ്ടാ' എന്ന അര്‍ത്ഥത്തില്‍ സഹതാപത്തിന്റെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് കര്‍ത്താവു പറഞ്ഞു. ''നീ എന്റെ അരികില്‍ വരിക. എന്നെ സ്പര്‍ശിച്ചുനില്‍ക്കുക. എന്നിട്ട് അവന്‍ ഇനി പൊന്തി വരുമ്പോള്‍ നോക്കുക''
കര്‍ത്താവു പറഞ്ഞതു പ്രകാരം ചെയ്തപ്പോള്‍, ഒരൊറ്റ മാത്രയേ എനിക്കവനെ നോക്കാനായുള്ളു.
ഭയം കൊണ്ടു ഞാന്‍ കിടുകിടുത്തുപോയി. എന്റെ മൂലാധാരം പിളര്‍ത്തി, സര്‍വ്വ ജീവകോശങ്ങളിലേയ്ക്കും കൊടുംതണുപ്പിന്റെ വിഷം ചീറ്റി ഒരു ഹിമസര്‍പ്പം നട്ടെല്ലിനുള്ളിലൂടെ പുളഞ്ഞുപാഞ്ഞുപോയി ശിരസ്സില്‍ച്ചെന്നു ചുറ്റിത്തിരിഞ്ഞു തലയോടു പിളര്‍ത്തുന്നതുപോലെ... എവിടെ സഹസ്രദളപത്മം? എവിടെ ആ രൗദ്രമുഖത്തേക്കാള്‍ മനോഹരമായ മരണത്തിന്റെ മുഖം?
ഇരുള്‍ മൂടിത്തുടങ്ങിയ എന്റെ കാഴ്ചയ്ക്കു മുന്നില്‍ ഭീകരരൂപിയായി, ശിരസ്സില്‍ രണ്ടു കൊമ്പുകളുമായി അവന്‍! രക്തം കിനിയുന്ന കോമ്പല്ലുകള്‍. രോമാവൃതമായ മുഖത്തിനു ക്രൗരമേറ്റുന്ന കൗശലം നിറഞ്ഞ ഇടുങ്ങിയ കണ്ണുകള്‍. അത് അവനായിരുന്നു! ലൂസിഫര്‍...! അവന്‍ പല വേഷത്തിലും വരുന്നു....
ഭയം കൊണ്ടു തണുത്തുറഞ്ഞു പോയ ഞാന്‍ വീണു പോകാതെ കര്‍ത്താവ് എന്നെ താങ്ങിയിരുന്നു.....
മൂന്നാം ധ്യാന ദിനം
പ്രഭാതമായി, പ്രകാശമായി.
പൊരിഞ്ഞ ധ്യാനമാണ്.
''സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും.....''
ധ്യാനപ്പന്തലിനു പുറത്തേയ്ക്ക് സ്പീക്കര്‍ ബോക്‌സിലൂടെ ഡിജിറ്റല്‍ ഇടിമുഴക്കങ്ങള്‍.
ജനാരവം അച്ചടക്കമില്ലാത്ത ഒരു കടലിരമ്പം പോലെ ...
ഒരു നിബിഡ വനാന്തരത്തിലെ, ഒരു അശാന്തരാവില്‍ ജീവജന്തുക്കളെല്ലാം ഒരുമിച്ചു മുക്രയിടുകയും ഓലിയിടുകയും അമറുകയും ചെയ്യുന്നതു പോലെ.... പരിസരങ്ങള്‍ ശബ്ദഘോഷങ്ങളാല്‍ പ്രകമ്പനം കൊള്ളുന്നു. പരമപാവനമായ ചില ബൈബിള്‍ പദങ്ങള്‍ ധ്യാനഗുരു അനാകര്‍ഷകമായ ശരീരഭാഷയോടെയും അലര്‍ച്ചയോടെയും ഇടര്‍ച്ചയോടെയും കുഞ്ഞാടുകളിലേയ്ക്കു പകരുന്നു.
കുഞ്ഞാടുകള്‍ മാംസരഹിതരായ ഒരു ആരവം മാത്രമായി പരിണമിച്ചു.
ഏതോ വിസ്തൃമായൊരു ഉഷ്ണമേഖലയിലെ കാരുണ്യമില്ലായ്മയ്ക്കു മുകളിലൂടെ അര്‍ത്ഥരഹിതമായൊരു മരുക്കാറ്റുപോലെ അതു കടന്നു പോവുന്നു. അതെന്തിനു വസന്തങ്ങളെ സ്വപ്നം കാണണം?
വിരിഞ്ഞ പുഷ്പങ്ങളെ ഹരിക്കുന്നതും അതിന്റെ ലക്ഷ്യമല്ല.
അതു വെറുതെ കടന്നു പോവുന്നു. അത്ര മാത്രം.
അത് അര്‍ത്ഥശൂന്യമായ ഒരു ആരവം മാത്രം.....
ഞാന്‍ നോക്കി. ആണിപ്പാടുള്ളവന്‍ നിന്നിടം ശൂന്യമായിരുന്നു.
ലൂസിഫര്‍ നിന്നിടവും.........
തോമസ് പി. കൊടിയന്‍ ,
കൊടിയന്‍ വീട്,
ആയക്കാട്
തൃക്കാരിയൂര്‍ പി.ഒ
കോതമംഗലം 686692