Sunday, August 18, 2013

മനുഷ്യനത്രേ...

മനുഷ്യനത്രേ ....             



കൂടപ്പിറപ്പിന്‍റെ മാനവും ജീവനും

കാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍


ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ-

നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍


രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര -

കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍


 പച്ച മാംസത്തിലുരുക്കിന്‍ കഠാരകള്‍

കുത്തിയാഴ്ത്താനറപ്പു തോന്നാത്തവന്‍


നോട്ടുകെട്ടുകള്‍ക്കടിമയായ്‌ തീര്‍ന്നവന്‍

സ്വാര്‍ത്ഥ ചിന്തയില്‍ മുങ്ങിക്കുളിച്ചവന്‍


അന്യന്‍റെ കണ്ണുനീര്‍ കാണാതെ പുത്തന്‍

കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടുന്നവന്‍


തെരുവില്‍ കാമ വെറിയോടെ പ്രാകൃത

നരഭോജിയായിപ്പരിണമിക്കുന്നവന്‍


രക്തബന്ധങ്ങളെ കൂട്ടിക്കൊടുക്കുവാ-

നിത്തിരിക്കൂടി ലജ്ജ തോന്നാത്തവന്‍


വര്‍ണ്ണ ഭേദങ്ങള്‍ ചൊല്ലിക്കലഹിച്ചു

ഭിന്ന രാഷ്ട്രങ്ങള്‍ കെട്ടിപ്പടുത്തവന്‍


ദൈവനാമത്തില്‍ തോക്കിന്‍ കുഴലുമായ്

ലോകനാശം കിനാവ് കാണുന്നവന്‍


വെട്ടിപ്പിടിക്കുവാനാര്‍ത്തി പൂണ്ടെത്രയോ

ദുഷ്ടത്തരങ്ങള്‍ ചെയ്തു കൂട്ടുന്നവന്‍


അധികാര ഗര്‍വ്വിലിതര ശബ്ദങ്ങളെ -

യില്ലായ്മ ചെയ്യുവാന്‍ വെമ്പല്‍ കൊള്ളുന്നവന്‍


അഴിമതിക്കറവീണ കനഹസിംഹാസന-

മിളകാതിരിക്കുവാനാധിപൂണ്ടലയുവോന്‍


നേരിന്‍റെനെറുകയില്‍ മുള്ളാണി വയ്ക്കുവാന്‍

ചുങ്കം കൊടുത്താളു കൂട്ടുന്നവന്‍


മോഹഭംഗങ്ങള്‍ വൃദ്ധാലയം പൂകവേ

ബലിച്ചോറുരുളയില്‍ മേനി കാട്ടുന്നവന്‍


കണ്ണടച്ചെല്ലാമിരുട്ടാക്കി മാറ്റി നാ-

മിനിയെത്ര ദൂരമീ യാത്ര തുടരണം?.


ഉണരട്ടെ ധര്‍മ്മബോധമൊരു വിപ്ലവാഗ്നിയായ്‌-

എരിഞ്ഞടങ്ങട്ടെ തിന്മയും തീവ്രവാദങ്ങളും.

രാധാകൃഷ്ണൻ കൊല്ലങ്കോട് 
ബ്ലോഗ്‌ : http://kanyakumarimalayali.blogspot.ae

1 comment:

  1. ഉണരട്ടെ ധര്‍മ്മബോധമൊരു വിപ്ലവാഗ്നിയായ്‌-
    എരിഞ്ഞടങ്ങട്ടെ തിന്മയും തീവ്രവാദങ്ങളും.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.