Saturday, September 29, 2012

Saturday, September 29, 2012 13

സ്നേഹ കുടീരം

സ്നേഹ കുടീരത്തിന്റെ  മുറ്റത്തുള്ള  ആപ്പിള്‍ മരത്തിനു  താഴെ  ഉണ്ണിമായ അന്നും  പതിവു പോലെ ഇരിക്കുക്കയായിരുന്നു.  സ്നേഹ കുടീരത്തില്‍ എത്രയെത്ര പിന്ജോമനകള്‍, വാര്‍ധ്യക്കത്താല്‍   ഒറ്റപെട്ടവര്‍,  രോഗം ബാധിച്ചു  ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍,  ജീവിക്കാന്‍ മാര്‍ഗം ഇല്ലാതെ തന്റെ മക്കളെ സ്നേഹ കുടീരത്തിന്റെ  മാലഘമാരുടെ കൈകളില്‍ ഏല്പിച്ചു പോയവര്‍ വേറെയും !

അച്ഛന്‍ കൊണ്ട് വന്ന  ആപ്പിള്‍ കെട്ടുമായി തന്റെ അടുത്തേയ്ക്ക് ഓടിവരുന്ന രേഷ്മയെ അവള്‍ കണ്ടു.  സ്നേഹത്തിന്റെ ആ അപ്പിള്‍ തന്റെ ചുണ്ടോടു മുട്ടിക്കുമ്പോള്‍ ഉണ്ണിമായ ഓര്‍ത്തു .........

'എന്ന് വരും ഇതുപോലെ തന്റെ മാതാപിതാക്കള്‍ ?'

ഒരിക്കല്‍ ഉണ്ണിമായ മേരി സിസ്ടരോടും ചോദിച്ചു, ഇതേ ചോദ്യം .... ചോദ്യം കേട്ട് മേരി സിസ്റ്റര്‍ പകച്ചു പോയി ! ആ നിഷ്കളക്കമായ കുട്ടിയോട് എന്ത്  ഉത്തരം പറയും എന്നറിയാതെ!

ഒരു കോരി ചൊരിയുന്ന മഴയുള്ള  രാത്രി. ഓടുന്ന ട്രെയിനിനു തല വയ്ക്കുമ്പോള്‍ ഉണ്ണിമായയുടെ മാതാപിതാക്കള്‍ ചിന്തിച്ചിട്ട്  പോലും ഉണ്ടാകില്ല ....    ഉണ്ണിമായ രക്ഷപ്പെടുമെന്ന് !  ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ വിളയാട്ടമോ എന്നറിയില്ല  !. നാള്‍ നാള്‍ മരണത്തോട് മല്ലടിക്കുമ്പോഴും ദൈവത്തിന്റെ മാലാഖമാര്‍ക്ക്  ഒരു ഉറപ്പും ഇല്ലായിരുന്നു ..... ഉണ്ണിമായ ജീവിതത്തില്ലേക്ക് മടങ്ങി വരുമെന്ന് !  


അന്ന് പതിവിലും വിപരീതമായി സ്നേഹകുടീരത്തില്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.  വരാന്തയില്‍ നിന്നും  കാര്യമായി മേരി സിസ്റ്റര്‍ രണ്ടു പേരോട്  സംസാരിക്കുന്നതു ഉണ്ണിമായ കണ്ടു ...........
മുമ്പൊരിക്കല്‍ ഇതു പോലൊരു സംസാരം അവള്‍ കണ്ടതല്ല.  കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവര്‍ മുവരും സ്നേഹ കുടീരത്തിന്റെ ഓഫീസിലേക്ക് കയറി.  മേരി സിസ്റ്റര്‍ കാണിച്ചു കൊടുക്കുന്ന പേപ്പറുകളില്‍ അവര്‍ ഒപ്പിട്ടു.

"ഉണ്ണിമായ ഉണ്ണിമായ ........"
ആ  സ്നേഹത്തിന്റെ വിളി ഉണ്ണിമായയുടെ കാതുകളില്‍  തട്ടി.  പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവാനെന്നു ആ പാവം കുരുന്നറിഞ്ഞില്ല.   ഓഫീസിന്റെ വരാന്തയില്‍ വന്നു മേരി സിസ്റ്റര്‍ വീണ്ടും  ഉണ്ണിമായയെ നീട്ടി വിളിച്ചു.  അപ്പിള്‍ മരത്തിന്‍ കീഴെ നിന്ന് അവള്‍ ഓടി വന്നു.  മേരി സിസ്റ്റര്‍ രണ്ടു കൈകളും കൊണ്ട് അവളെ വാരിയെടുത്തു.  പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ അവളുടെ ചുണ്ടുകള്‍ മേരി സിസ്ടരുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.   

തടിയുള്ള ഒരാളെ മേരി സിസ്റ്റര്‍ അവള്‍ക്കു ചൂണ്ടി കണ്ടിച്ചു കൊടുത്തു ..............
"മോളെ ഉണ്ണിമായ,  ഇതാണ് നിന്റെ  അച്ഛന്‍ ............!"
ആ  വാക്കുകള്‍ ഉണ്ണിമായയില്‍  സന്തോഷത്തിന്റെ തിരമാലകള്‍ ഉയര്‍ത്തി. ഒന്ന് രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഉണ്ണിമായ അവര്‍ക്കൊപ്പം  യാത്രയായി.  
മക്കള്‍ ഇല്ലാത്ത ആ ദമ്പതിമാര്‍ ഉണ്ണിമായയെ ദത്തെടുത്തതാണെന്നു മനസ്സിലാക്കാന്‍ ആ നാലു വയസുകാരിക്ക്  മാസങ്ങള്‍ വേണ്ടി വന്നു.  പിന്നീടുള്ള മൂന്നു-നാല് വര്‍ഷം ഉണ്ണിമായക്ക്‌ ജീവിതം സ്വര്‍ഗ്ഗ  തുല്യമായിരുന്നു.

ഒരു വേനല്‍ ഇടവേളയ്ക്കു ശേഷം കോരി ചൊരിയുന്ന മഴയുള്ള ഒരു രാത്രി! ഇന്നും ഉണ്ണിമായ അത് ഓര്‍ക്കുന്നു.    ആ കറുത്ത രാത്രി.  അന്ന് തന്റെ  അച്ഛനും അമ്മയും അടക്കി സംസാരിക്കുന്നതു കേട്ടു - അവര്‍ക്ക്  ഒരു കുട്ടി  പിറക്കാന്‍ പോകുന്നുവെന്ന് !  അവള്‍ക്കു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.....  

മാസങ്ങള്‍ പിന്നിട്ടു.  ഒരു ആണ്‍കുട്ടി അവിടെ പിറന്നു. ക്രമേണ അവര്‍ക്ക് ഉണ്ണിമായയോട് സ്നേഹം കുറഞ്ഞു.  അതോ ഉണ്ണിമായ യിക്ക് തോന്നിയതാണോ ?ഒരു തുലാവര്‍ഷ രാത്രി ഉണ്ണിമായ ആ വീട് വിട്ടു - എവിടേക്ക് എന്ന് അറിയാതെ! അവളുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ തുള്ളിക്കള്‍ ഇറ്റ് ഇറ്റു വീണു . ആ കണ്ണ് നീര്‍ത്തുള്ളികള്‍ ഭുമിയുടെ മാരിടത്തിലേക്ക്  പതിച്ചു .   പിന്നീടുള്ള ദിനങ്ങള്‍ ഉണ്ണിമായ അലയാത്ത തെരുവുകളില്ല.   മുട്ടാത്ത വാതിലുകളില്ല.


ഒരു ദിവസം തെരുവ്    മാലിന്യ കൂംഭാരത്തില്‍  അവള്‍ ഭക്ഷണത്തിന് വേണ്ടി  തിരയുമ്പോള്‍ പുറകില്‍ നിന്ന് ഒരു വിളികേട്ടു .


ഉണ്ണിമായ ഉണ്ണിമായ  .......!!


കേട്ട് മരവിച്ച അതേ ശബ്ദം!
ആ വിളി  ദൈവത്തിന്റെ  വിളിയായി അവള്‍ക്കു തോന്നി.  തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ കണ്ടു......... ആ  ദെവത്തിന്റെ മാലാഖയെ -  മേരി സിസ്റ്റര്‍ ....!


സ്നേഹവായ്പ്പോടെ മേരി സിസ്റ്റര്‍ അവളെ വാരിയെടുത്ത്  അവളുടെ കവിളുകളില്‍ സ്നേഹത്തോടെ ഉമ്മ വെച്ചു.   വീണ്ടും ആ സ്നേഹ കുടീരത്തിന്റെ  പടവുകള്‍ കയറുമ്പോള്‍ ഒരു പുതുജീവന്‍ കിട്ടിയതുപോലെ അവള്‍ക്കു തോന്നി.

ഉണ്ണിമായ ആ പഴയ ആപ്പിള്‍ മരത്തിനടുത്തെക്ക് ഓടിച്ചെന്നു.  പ്രതീക്ഷയോടെ അവള്‍ ദൂരേക്ക്‌ നോക്കി നിന്നു ..... തന്റെ മാതാപിതാക്കളുടെ വരവും കാത്ത് !


വിദ്യാധരന്‍ പട്ടുവം 


Friday, September 14, 2012

Friday, September 14, 2012 5

മൌന നൊമ്പരം-2

രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന നാടകം  "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന്  പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു.  പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ  വാചകം ആണിത്.  പോസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു വെള്ള കടലാസില്‍ സ്കെച്ച് പേന കൊണ്ടു എഴുതി വച്ചിരിക്കുന്നു!

രാഷ്ട്രീയ നിറത്തിന്റെ പേരില്‍ ഭിന്നിച്ചു പലപല പേരില്‍ നാടകം കളിക്കുന്ന കലാസമിതികളില്‍ അവസരം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന  നാടകം ആണിത്.  പലരും യൂപി സ്കൂളില്‍ പഠിക്കുന്നവര്‍ .

നാടക റിഹേര്‍സലും പിരിവും തകൃതിയായി നടക്കുന്നു. ഇടമൂട് ഏരിയ മുഴുവന്‍ അടക്കി പിരിച്ചു.  അതിനിടെ ബോംബേയില്‍ (ഇന്നത്തെ മുംബായ് ) ഉള്ള ഒരാള്‍ നാട്ടില്‍ വന്നു.  പിരിവുകാര്‍ അവിടെയും ചെന്നു .  സന്തോഷത്തോടെ അയാള്‍ പിടക്കുന്ന രണ്ടു രൂപയുടെ നോട്ട് എടുത്തു കൊടുത്തു.. പിരിവുകാരുടെ കണ്ണ് തള്ളിപ്പോയി!  കാരണം അതുവരെ മറ്റുള്ളവരില്‍ നിന്നും കിട്ടിയത് അമ്പത് പൈസയും കൂടിയാല്‍ ഒരു രൂപയും ആയിരുന്നു. അങ്ങനെ ആകെ പിരിവ്  അറുപതു രൂപ.  നാടക ദിവസം അടുക്കാറായി.  സ്റ്റേജ് നു വേണ്ടി കര്‍ട്ടന്‍ ബുക്ക്  ചെയ്തു - രൂപാ ഇരുപതു അതിനായി.  ഓര്‍സ്ട്ര  എന്ന് പറയാന്‍ ഒന്നും ഇല്ല.  നാട്ടില്‍ ഒരു തബലക്കാരന്‍ ഉണ്ട് . അവരുടെ മകനും തബല അറിയാം .  എന്നാല്‍ അയാളെ വിളിക്കാം. അങ്ങനെ തബല സുനിയുടെ അടുത്ത് ചെന്നു.  മുപ്പതു രൂപയില്‍ അഞ്ചു പൈസ കുറക്കാന്‍ അയാള്‍ തയ്യാറായില്ല.  ഇരുപതും മുപ്പതും - അമ്പത് , ആകെ പിരിഞ്ഞത് അറുപതു രൂപ.  ഇനി ബാക്കി പത്തു രൂപാ കൊണ്ടു  വേണം ബാക്കി ചിലവുകള്‍ നിര്‍വഹിക്കാന്‍ !  അങ്ങനെ മനസ്സില്ലാ മനസ്സോടെ മുപ്പതു രൂപയ്ക്ക് തബല ബുക്ക് ചെയ്തു - തബല സുനിയേ മനസ്സില്‍ പ്രാകി കൊണ്ടു!

ഒരു ഭാഗത്ത്‌ റിഹേര്‍സല്‍ തകൃതിയായ് നടക്കുന്നു.  ഇതിനിടെ പ്രധാന നടനായ പ്രമോദിന്റെ അമ്മ  സംവിധായകനോട് ഒരു പരാതി പറഞ്ഞു.   എന്നാലും എന്റെ വിനോദേ  .. എന്റെ മോന് ഇത്രയും ഡയലോഗ് എന്തിനാണ് കൊടുത്തത്.  അത് മുഴുവന്‍ എങ്ങിനെയാണ് അവന്‍ പഠിക്കുക .  കുറച്ചു ഡയലോഗ് എന്തായാലും കുറക്കണം.  എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ എന്ന് സംവിധായകനും പറഞ്ഞു.   അഞ്ചു മിനിറ്റ് കൊണ്ടു എഴുതി, അഞ്ചു പേരെ വച്ച്,  കേവലം അഞ്ചു മിനിട്ട് നേരം ഉള്ള നാടകത്തിന്റെ ഡയലോഗിനെ കുറിച്ചായിരുന്നു ഈ പരാതി !

ഒടുക്കം നാടകം നടക്കേണ്ട ദിവസം ആയപ്പോഴേക്കും സംവിധായകന്റെ ശബ്ദം അടഞ്ഞു.  കാരണം രണ്ടു വരി ഡയലോഗ് പോലും ശരിയായി പഠിക്കാതെ , ഇന്നലെ പറഞ്ഞു കൊടുത്തത് ഇന്ന് ഓര്‍ക്കാതെ ഒക്കെ ആണ് പല നടന്മാരും വന്നിരുന്നത്.  ചുക്ക് കാപ്പിയും കുടിച്ചു തന്റെ  ശബ്ദം ശരിയായാവണേ എന്ന് പ്രാര്‍ഥിക്കാനേ പാവം സംവിധായകന് കഴിഞ്ഞുള്ളൂ.

നാടകം തുടങ്ങാറായി , അതിനുമുന്‍പ്‌ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ അവിടുള്ള സഹോദരിമാര്‍ ഒക്കെ ചേര്‍ന്ന്  ഡാന്‍സ് അവതരിപ്പിച്ചു , കൂടാതെ ഹരിയുടെ വക ഒരു പാട്ടും!  അങ്ങനെ  പരിപാടി കൊഴുത്ത്  വരുന്നു.

സീമ നാടകം കാണാന്‍ നേരത്തെ വന്നു, പക്ഷെ മുന്‍ നിരയില്‍ ഒന്നും ഇരിക്കാന്‍ പ്പോയില്ല. അവള്‍ ആരെയോ കാത്തിരിപ്പാണ്.  സൈഡില്‍ ഒതുങ്ങി നിന്ന് ദേവേട്ടന്റെ വരവും കാത്തു അവള്‍ നിന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു .  അതാ ദേവേട്ടന്‍ .... അവള്‍ ദൂരത്തു നിന്ന് തന്നെ അയാളെ കണ്ടു - ദേവനും .   ദേവന്‍ അവളെ ആന്ഗ്യം കാണിച്ചു അടുത്തുള്ള മാവിന്‍ ചുവട്ടിലേക്ക്‌ വിളിച്ചു.  അവള്‍ വിളി കേട്ടു.

"ദേവേട്ടന്‍ വൈകിയല്ലോ ? ഞാന്‍ എത്ര നേരം ആയെന്നോ കാത്തു നില്‍ക്കുന്നെ "  അവള്‍ പരിഭവപ്പെട്ടു.

"എടീ , ബാലേട്ടന്റെ കണ്ണ് വെട്ടിച്ചുവേണ്ടേ വരാന്‍ , എട്ടന് അല്ലേലും ഇപ്പോള്‍ ചില സംശയം ഒക്കെ തോന്നി തുടങ്ങി യിട്ടുണ്ട്.  ചിലപ്പോള്‍ ബാലേട്ടനും നാടകം കാണാന്‍ വരും "

"ഈ ദേവേട്ടന്‍ എന്നും ഇങ്ങിനെയാ..... ഇങ്ങനെ ഏട്ടനെ പേടിച്ചു നടക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. "

"എടീ നിനക്കറിയില്ല.... ഏട്ടന്‍ എങ്ങിനെയാ എന്നെ വളര്‍ത്തിയതെന്നു . എനിക്കെന്റെ അച്ഛന്റെ സ്ഥാനത്താണ് ഏട്ടന്‍ ."

"എന്ന് വെച്ച് നമ്മുടെ കാര്യം ഏട്ടനോട് പറയണ്ടേ .... ഇങ്ങനെ എത്രനാള്‍ ഒളിച്ചു നടക്കും ... ഇപ്പോഴാണെങ്കില്‍  ദേവേട്ടന് ജോലിയും കിട്ടിയില്ലേ ?   അത് പോട്ടെ എന്നാണു ജോലിക്ക് ജോയിന്‍ ചെയ്യണ്ടത് ?"

"നാളെ ,  ഏതായാല്ലും കുറച്ചു കാലം കൂടി നമുക്കിങ്ങനെ കഴിയാം.... സന്ദര്‍ഭം വരുമ്പോള്‍ ഞാന്‍ തന്നെ എല്ലാം ഏട്ടനോട് പറയും, പക്ഷെ ഏട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ ? "

"സമ്മതിച്ചില്ലെങ്കില്‍ ?  ഇല്ലെങ്കില്‍ ഒളിചോടണം ... അല്ല പിന്നെ "

"അതോക്കെ നമുക്ക് പിന്നീട് ആലോചിക്കാം " ദേ ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്  .  നീ പോയി സ്ത്രീകളുടെ സൈഡില്‍ പോയി ഇരിക്കൂ... നാടകം കഴിഞ്ഞിട്ട് നമുക്ക് കാണാം.  അല്ലേല്‍ വേണ്ട... നാളെ ഞാന്‍ അമ്പലത്തില്‍  പോകുന്നുണ്ട് ... രാവിലെ.... നീ അവിടെ വാ. "

"ഓ .. ഒരി പേടി തൊണ്ടാന്‍ !  ആണായാല്‍ ഇത്തിരീ ധൈര്യം ഒക്കെ വേണം ... ഞാന്‍ പോയെക്കാമേ .... "

"കൂട്ടുകാരെ നിങ്ങള്‍ക്കു നന്ദി" തകൃതിയായി നടക്കുന്നു.  തബല സുനി ആവശ്യത്തിനും അനാവശ്യത്തിനും തബല കൊട്ടിക്കൊണ്ടേയിരുന്നു.   മുപ്പതു രൂപയുടെ കൊട്ട് കൊട്ടിയല്ലേ പറ്റൂ.. അല്ലേല്‍ കമ്മിറ്റിക്കാര് കൈവെക്കും!

കുഞ്ഞമ്മാവന്‍ (സന്തോഷ്‌) എല്ലാവരെയും അനുഗ്രഹിക്കുന്നതോടെ നാടകം പര്യവസാനിച്ചു.  പരിപാടി വിചാരിച്ചതിലും ഘംഭീരമായി ... കുറെ കഷണം വയറുകള്‍ കൂട്ടിച്ചേര്‍ത്തു കറന്റു കണ്ണക്ഷന്‍  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യുറ്റ് ആയി വയറെല്ലാം കത്തി നശിച്ചതൊഴിച്ചു !  ഒടുവില്‍ മുന്‍‌കൂര്‍ കരുതിയിരുന്ന റാന്തല്‍ വെളിച്ചത്തില്‍ നാടകം ശുഭകരമായി നടന്നു.                                                               _._

ഡിന്നര്‍ ... ഡിന്നര്‍ .... കാന്റീന്‍ ജീവനക്കാരന്‍ രാത്രി ഭക്ഷണവുമായി എത്തി.  അയാളുടെ ശബ്ദം കേട്ട് ബാലാന്‍ കഥ പറയല്‍ നിറുത്തി ഒന്ന്  ദീര്‍ഖശ്വാസം വലിച്ചു. "പഴയകാലം ഓര്‍ക്കുമ്പോള്‍ , ചെറുതും വലുതും ആയ ഓരോ സംഭവങ്ങള്‍ .... എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു.  അതൊക്കെ പോട്ടെ എന്താ നിങ്ങളുടെ പേര് " ബാലന്‍ സഹയാത്രികനോട് ചോദിച്ചു. "

എല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകുകയായിരുന്ന  സഹയാത്രികന്‍ പറഞ്ഞു .... "ചന്ദ്രന്‍ , ഞാന്‍ ആലപ്പുഴയില്‍ നിന്നാണ്.   നിങ്ങളുടെ നാടിനെ ക്കുറിച്ച് കേള്‍ക്കാന്‍ നല്ല രസം ഉണ്ട്.  അപ്പോള്‍ ദേവന്‍ ചേട്ടന്റെ അനിയന്‍ ആണ്.   ബാക്കി കൂടെ കേള്‍ക്കാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.  പറയൂ കേള്‍ക്കട്ടെ ...."

(തുടരും)

വിനോദ് ചിറയില്‍ 

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, September 08, 2012

Saturday, September 08, 2012 4

ഒറ്റയ്ക്ക്


ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങു പോകുന്നു മൗനമായ്.

ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്‍റെ തീമുന തീണ്ടാതെ-
മിഴിവിരിക്കാതിരിക്കെയീ-
പ്പാട്ടിന്‍റെ മനമുരുക്കി കിതച്ചിതിന്നെന്തിനായ്‌

പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിതകോറിച്ച ജീവന്‍റെ നേരുകള്‍
കരുണയിറ്റാത്ത കാലത്തിലേക്കുള്ള
കനവുചൂടുന്ന വാക്കിന്‍റെ വീറുകള്‍

പകുതിപോലും പകര്‍ന്നില്ല ജന്മമേ
ഇരുവഴിക്കു പിരിഞ്ഞൊരു സ്വപ്നമേ
അരികലുണ്ടയിരുന്നല്ലോ ജീവിത-
ജ്വലിത സൗഭഗം ചൂടിയ സത്യമേ.........!

ശ്രീദേവി കെ. ലാല്‍ 
Email : sreedeviklal@yahoo.com

Friday, September 07, 2012

Friday, September 07, 2012 4

മൌന നൊമ്പരം - 1

ഡിന്നര്‍ .... ഡിന്നര്‍ ... സര്‍ ,  ഇവിടെ എന്താണ്  രാത്രി കഴിക്കാന്‍ ?
ഉച്ചയൂണ് കഴിഞ്ഞു ചെറിയ മയക്കത്തിലായിരുന്ന ബാലന്‍ കാന്റീന്‍ ജീവനക്കാരന്റെ ശബ്ദം കേട്ട്  മെല്ലെ ഉണര്‍ന്നു.

"സാറിനെന്താ രാത്രി കഴിക്കാന്‍ ?  ചോറ്, ചപ്പാത്തി , ബിരിയാണി, പൊറോട്ട ....."

"ചപ്പാത്തി ,  ചപ്പാത്തി മതി"

"ശരി, നമ്പര്‍ 26- ഇല്‍ ചപ്പാത്തി... ഉം .... പ്രാതല്‍ , ഉച്ചയൂണ് , ഡിന്നര്‍ ,  ആകെ നൂറ്റി നാല്പതു രൂപ .  കാന്റീന്‍ ജീവനക്കാരന്‍ മനസ്സില്‍ കണക്കു കൂട്ടിയിട്ടു പറഞ്ഞു... "സാറേ നൂറ്റി നാല്പതു രൂപയായി. "

140 രൂപ !   രാവിലെ ഇത്തിരി ഉപ്പുമാവും ഒരു വടയും, ഉച്ചക്കൊരു ഊണ്, രാത്രി കൈവെള്ളയുടെ വലിപ്പത്തിലുള്ള നാല് ചപ്പാത്തി ! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്ന് നില്‍ക്കും ? രാവിലെ എല്ലാത്തിന്റെയും കൂടെ ഒരു വട ഉണ്ടാകും.... തണുത്തു - രുചിയില്ലാത്ത .... ഉപ്പുമാ വട, സാമ്പാര്‍ വട, ഇടലി വട...  ഈ വടയെന്താ ഇതിന്റെയൊക്കെ കൂടപ്പിറപ്പാണോ ?  കാന്റീന്‍ കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ഉപ്പുതൊട്ട് കര്‍പ്പൂരം വരെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

ബാലന്‍ ആത്മഗതം പറഞ്ഞു കൊണ്ടു കീശയില്‍ നിന്നും 140 രൂപ എടുത്തു കൊടുത്തു.  വിലയിത്തിരി കൂടുതലാണെന്ന് പറയാന്‍ തുനിഞ്ഞെങ്കിലും പറഞ്ഞതിങ്ങനെയാണ്.

"ചപ്പാത്തിക്ക് ഒരു പപ്പടത്തിന്റെ വലിപ്പം എങ്കിലും കാണണേ .."

"അത് ഞാനുറപ്പ് തരുന്നു... പിന്നെ പപ്പടത്തിനു പ്രത്യകിച്ചു അളവൊന്നും  ഇല്ലല്ലോ..?"  ഒരു ചെറു പുഞ്ചിരിയോടെ കാന്റീന്‍ ജീവനക്കാരന്‍ പറഞ്ഞു.

ഏതായാലും ആ തമാശ ബാലനിഷ്ടപ്പെട്ടു.  അല്ലെങ്കിലും ഇവരെന്തു ചെയ്യാനാ ?.  അവരുടെ മുതലാളി പറയുന്നത് പോലെ അവര്‍ ചെയ്യുന്നു.  മുതലാളി മാരോ ചെറുത്‌ മുതല്‍ വലുത് വരെ നേതാക്കന്മാരുടെ കീശ വീര്‍പ്പിച്ചു, പിന്നെ മന്ത്രിമാര്‍ക്കും റെയില്‍വേ അധികാരികള്‍ക്കും ലക്ഷങ്ങള്‍ വാരിക്കൊടുത്തു എടുത്ത കരാര്‍ അല്ലെ.  കരാറു തീരും മുന്‍പ് മുതലും പലിശയും  അയാള്‍ക്ക്‌ ഈടാക്കണം !  അതിനിവിടെ പൊതുജനം എന്ന "കഴുതകള്‍ " ഉണ്ടല്ലോ.

തന്റെ ചിന്തകള്‍ കാട് കേറുന്നോ  ?  ബാലന്‍ സ്വയം ചോദിച്ചു.   എന്തു ചെയ്യാന .... കാട്ടിലെ തടി, തേവരുടെ ആന.... വലിയെടാ...വലി.  കുറഞ്ഞത്‌ ഇത്തിരി വൃത്തിയും ശുചിത്വവും ഉള്ള ആഹാരം കിട്ടിയാല്‍ മതിയായിരുന്നു!

ബാലന്‍ ജനലിനിടയിലൂടെ ദൂരെ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളിലേക്ക്‌ കണ്ണോടിച്ചു.  മലനിരകള്‍ പുറകോട്ടു നീങ്ങുകയാണോ ? അതോ തീവണ്ടി മുന്നോട്ടു പോവുകയാണോ ?   തീവണ്ടിയുടെ കട കടാ ശബ്ദം തന്റെ കാതുകളില്‍ കുശലം പറയുകയാണോ എന്ന് ബാലന് തോന്നി.  മലയുടെ താഴ്വരകളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ അയാളുടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയേകി.  ഇടവിട്ട്‌ ഇടവിട്ട്‌ കൊച്ചു അരുവികളും തൊട്ടു ചേര്‍ന്ന്,  നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന നെല്പാടങ്ങളും!   ഇതൊക്കെ കാണുമ്പോള്‍ തന്റെ ഗ്രാമവും അവിടുത്തെ ചെറു പുഴയും, വയലുകളും, ചെറു തോടുകളും ബാലന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.  

"എന്താ ചേട്ടാ... പകല്‍ കിനാവ്‌ കാണുകയാണോ ?"  അടുത്തിരിക്കുന്ന പൊക്കം കുറഞ്ഞു തടിച്ചിരിക്കുന്ന ഒരാള്‍ ചോദിച്ചു.

അയാളുടെ വിളികേട്ട്  ബാലന്‍ ചിന്തയില്‍  നിന്നുണര്‍ന്നു.

"ഏയ്... ഞാനീ ... പാടങ്ങളും, കുന്നുകളും ഒക്കെ നോക്കി രസിക്കുകയായിരുന്നു."

"ശരിയാണ്, എത്ര സുന്ദരമാണിവിടം!  കിലോ മീറ്ററുകളോളം  നീണ്ടു നില്‍ക്കുന്ന കൃഷി ഭൂമി.  അരിയും, ഗോതമ്പും, കടുകും അങ്ങനെ എന്തൊക്കെ കൃഷികള്‍!  നമ്മുടെ നാട്ടില്‍ എവിടെയാണ് കൃഷി സ്ഥലം ? ആര്‍ക്കാണ് ഇതിനൊക്കെ വേണ്ടി മിനക്കെടാന്‍ സമയം ?  ആളുകള്‍ വീടുവെക്കാന്‍ സ്ഥലം ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്.  എന്താണ് കൃഷി എന്ന് നമ്മുടെ നാട്ടുകാര്‍ ഇവിടെ വന്നു കണ്ടു പഠിക്കണം ."

"അതിനു നമ്മുടെ നാട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.  ഒന്നാമത് സ്ഥലം ഇല്ല, ഇനി ഉള്ള സ്ഥലത്താണെങ്കില്‍   കൃഷി ചെയ്യാന്‍ വേണ്ട ആധുനിക സജീകരണങ്ങള്‍ ഇല്ല.   ഇവിടെ ട്രാക്ടറും, കുഴല്‍ക്കിണരും ഇല്ലാത്ത ഒരൊറ്റ കൃഷിക്കാരന്‍ പോലും ഇല്ല.  അതിനു വേണ്ട സഹായങ്ങള്‍ ഇവിടുത്തെ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു.  നാട്ടില്‍ മഴ വന്നാലല്ലേ "നെല്ല്" കിളിര്‍ക്കൂ."

" നമ്മുടെ സര്‍ക്കാരിന് തമ്മില്‍ പോര് കഴിഞ്ഞു സമയം വേണ്ടേ... നാട്ടുകാരുടെ കാര്യം നോക്കാന്‍ ! അതൊക്കെ പൊട്ടെ .  ഞാന്‍ വണ്ടിയില്‍ കയറിയത് മുതല്‍ ചേട്ടനെ  ശ്രദ്ധിക്കുകയാണ്.  ചേട്ടന്‍ ഇപ്പോഴും വലിയ ചിന്തയില്‍ ആണ്.   എന്തോ ഒരു ദുഃഖം ചേട്ടനെ വേട്ടയാടുന്നുണ്ട്‌.  ചേട്ടന്‍ എവിടെ നിന്ന് വരുന്നു ?  എവിടെയാ നാട് ?"

"ഞാന്‍ കണ്ണൂരില്‍ ഉള്ള പട്ടുവം എന്നാ ഗ്രാമത്തിലാണ്.   കുറച്ചു കാലം ഹരിദ്വാറില്‍ ആയിരുന്നു.  ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നു. "

"ഹരിദ്വാറിലോ?  അവിടെയെന്താ... ജോലി ചെയ്യുകയാണോ ?"

"അല്ല ... ഞാന്‍ ചെറിയ ഒരു തീര്‍ഥാടനത്തില്‍ ആണ്.  വടക്കേ ഇന്ത്യയിലെ ഒട്ടു മുക്കാല്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു."

"അത് ശരി..... "

കുറച്ചു നേരം മൌനമായി ആലോചിച്ചിട്ട് അയാള്‍ വീണ്ടും ചോദിച്ചു.  " ചേട്ടന് വിഷമം ആകില്ലെങ്കില്‍ ചോദിക്കട്ടെ .... എന്താണ് ചേട്ടന്‍ അടക്കി വെച്ചിരിക്കുന്ന ദുഃഖം ... പൊതുവേ പറഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ളിലുള്ള  ദുഃഖം വേറൊരാളോട് പറയുമ്പോള്‍ മനസ്സിന് ഇത്തിരി ശാന്തി കിട്ടും എന്ന്  , എനിക്ക് ചേട്ടന്റെ ദുഃഖം എന്താണെന്നറിയാന്‍ ആഗ്രഹം ഉണ്ട്. "

ഇത്തിരി നേരം ചിന്തിച്ച ശേഷം ബാലന്‍ പറഞ്ഞു....  "ശരിയാണ്.... തന്റെ വിഷമം വേറൊരാളോട് പറഞ്ഞാല്‍ കുറച്ചു ആശ്വാസം കിട്ടും.  നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറയാം.... എന്റെ കഥ....."

ബാലന്‍ ഒരു ദീര്‍ഖ ശ്വാസം വലിച്ചു കൊണ്ടു പറയാന്‍ തുടങ്ങി.

 ഞാന്‍ ബാലന്‍ ... ദൈവം എല്ലാം കനിഞ്ഞു  നല്‍കിയ സുന്ദരമായ പട്ടുവം ഗ്രാമത്തില്‍ ആണെന്റെ  ജനനം.   എങ്ങും തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും,  അതിര്‍ത്തിയില്‍ ശാന്തമായൊഴുകുന്ന  പുഴ...... രണ്ടു വശത്തായി മനോഹരമായ എഴോം, ചെറുകുന്നു  - ഗ്രാമങ്ങള്‍ ..... അങ്ങനെ ഗ്രാമം പോലെ എന്റെ ജീവിതവും സുന്ദരമായിരുന്നു.   അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയെങ്കിലും ദുഃഖം അറിയാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌.  അമ്മയും എന്റെ അനിയനും ... ഞങ്ങള്‍  കൊച്ചു കൊച്ചു ദുഖവും സന്തോഷവും പങ്കിട്ടു ജീവിച്ചു.                                           (തുടരും)

വിനോദ് ചിറയില്‍
(ഈ കഥയുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)