ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്,
ജീവിതത്തെ ലോകത്തിന്റെ മുന്നിലേക്ക് കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ .
ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!!
ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍
വിദ്യതന്നാഴിക്കരയിലൂടെ
അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ-
രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍ ...!
അക്ഷരമക്കങ്ങള്‍ എഞ്ചുവടി
കഥകള്‍ കവിതകള്‍ ശീലുകളും
ഭാഷയും ശാസ്ത്രവുമെന്നുവേണ്ട
സര്‍വതുമെന്നില്‍ പകര്‍ന്നുതന്നു
ഛന്ദസ്സില്ലാത്തോരെന്‍ ജീവിതത്തെ
ചന്തത്തില്‍ തേച്ചുമിനുക്കിത്തന്നു
ചിന്തയും വിദ്യയും പാവുകൂട്ടീ -
ട്ടെന്തെന്തു ചിത്രങ്ങള്‍ കോറിയിട്ടു
കുട്ടിക്കഥകള്‍ പറഞ്ഞുതന്നും
തൊട്ടുതലോടിയും ശാസിച്ചിട്ടും
കുട്ടികള്‍ ഞങ്ങളെ നേര്‍വഴികള്‍
വെട്ടിത്തെളിക്കുവാന്‍ ശീലിപ്പിച്ചു
ഇന്നുമാബാലപാഠങ്ങളെന്നില്‍
മിന്നിത്തിളങ്ങിക്കിടപ്പതുണ്ട്
എന്നുമെന്‍ മാര്‍ഗ്ഗദീപങ്ങളാകാന്‍
വണ്ണമവയ്ക്കു കരുത്തുമുണ്ട്
എങ്കിലും നിങ്ങള്‍തന്‍ ലാളനയില്‍
പ്രോത്സാഹനാര്‍ഥമാം ശാസ്സനയില്‍
വീണ്ടുമിരിക്കാനുള്ളാശയുമായ്
ആദരമായിരമര്‍പ്പിക്കുന്നു ...!
മോഹനന്‍ വി.
ന്യൂ ഡെല്‍ഹി
Facebook