Saturday, October 13, 2012

മുല്ലയുടെ പ്രസംഗം

മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക !  എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു .

"മുല്ലാ .... അടുത്ത ഗ്രാമ സഭയില്‍ താങ്കള്‍ പ്രസംഗിക്കണം .  താങ്കളുടെ പ്രസംഗ പ്രാവീണ്യം  കാട്ടാനുള്ള നല്ല അവസരം ആണിത് ."

തന്നെ കുടുക്കാനുള്ള വഴിയുമായാണ്  ഇവര്‍ വന്നിരിക്കുന്നതെന്ന്  മുല്ലയ്ക്ക് മനസ്സിലായി.  പക്ഷെ വയ്യാ എന്ന്  പറയാന്‍ പറ്റില്ലല്ലോ ? അതൊരു കുറച്ചില്‍ അല്ലേ . ശരി എന്നാല്‍ അങ്ങിനെ ആയിക്കൊള്ളട്ടെ.  മുല്ല മറുപടി  പറഞ്ഞു .

മുല്ല പ്രസംഗവേദിയില്‍ എത്തി.  എന്താണ് പറയേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല.  ഒടുവില്‍ മുല്ല ചോദിച്ചു -  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

"ഇല്ലാ.." കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് പോലും അറിയാത്ത ഒരാള്‍ക്കൂട്ടത്തിനുവേണ്ടി പ്രസംഗിക്കാന്‍  ഞാന്‍ തയ്യാറല്ല. "   ഇത്രയും പറഞ്ഞുകൊണ്ട്  മുല്ല വേദിയില്‍ നിന്നും ഇറങ്ങി പ്പോയി.

നാട്ടുകാര്‍ നിരാശരായി , പക്ഷെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ , അടുത്ത തവണയും അവര്‍  മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചു.

ഇത്തവണയും മുല്ല തന്റെ ചോദ്യം ആവര്‍ത്തിച്ചു.  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

ഇത്തവണ കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു  -  "അറിയാം...."

"ശരി.... ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക്  അറിയാവുന്നത് കൊണ്ട് വീണ്ടും അത് പറഞ്ഞു ഞാന്‍ നിങ്ങളുടെ സമയം പാഴാക്കുന്നില്ല.  " ഇത്രയും പറഞ്ഞു മുല്ല വേദി വിട്ടു.

നാട്ടുകാര്‍ വീണ്ടും നിരാശരായി.  പക്ഷെ ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു മുല്ലയെ  വീണ്ടും വിളിച്ചു. 

ഗത്യന്തരം ഇല്ലാതെ മുല്ല അടുത്ത തവണയും പ്രസംഗിക്കാന്‍ എത്തി  തന്റെ പതിവ് ചോദ്യം ആവര്‍ത്തിച്ചു .

"ഞാന്‍ എന്താണ്  സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

പക്ഷെ ഇത്തവണ ജനങ്ങള്‍ തയാറെടുപ്പോടെ യാണ് വന്നിരുന്നത് .  കാണികളില്‍ പകുതിപേര്‍  "അറിയാം" എന്നും പകുതി പേര്‍ "അറിയില്ലാ"എന്നും പറഞ്ഞു.
"അപ്പോള്‍ പകുതി പേര്‍ക്ക് ഞാന്‍ പറയാന്‍ പോകുന്നത് അറിയാം , പകുതി പേര്‍ക്ക് അറിയില്ല , അതുകൊണ്ട് അറിയുന്നവര്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക " ഇത്രയും പറഞ്ഞുകൊണ്ട് മുല്ല സ്ഥലം കാലിയാക്കി.

പിന്നൊരിക്കലും നാട്ടുകാര്‍ മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചിട്ടില്ല.  

4 comments:

  1. ha ha..aadyam njanonnu njettiittaa, njaneppala prasamgikkaan poyathennorthth...

    ReplyDelete
  2. അല്ലേലും, 'മുല്ല' എന്ന് പേരുള്ള എല്ലാരും കുനുഷ്ടു ബുദ്ധിക്കാരാ ......

    ReplyDelete
  3. "മുല്ല" യുടെ പ്രസംഗം എന്ന് കേട്ടപ്പോ ഓടി വന്നതാ, ഇപ്പോഴാ മനസിലായത്, ആ "മുല്ല" അല്ല ഈ "മുല്ല" എന്ന്... പറ്റിച്ചു!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.