Thursday, February 14, 2019

Thursday, February 14, 2019 0

മൌന നൊമ്പരം-2

രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന നാടകം  "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന്  പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു.  പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ  വാചകം ആണിത്.  പോസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു വെള്ള കടലാസില്‍ സ്കെച്ച് പേന കൊണ്ടു എഴുതി വച്ചിരിക്കുന്നു!

രാഷ്ട്രീയ നിറത്തിന്റെ പേരില്‍ ഭിന്നിച്ചു പലപല പേരില്‍ നാടകം കളിക്കുന്ന കലാസമിതികളില്‍ അവസരം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന  നാടകം ആണിത്.  പലരും യൂപി സ്കൂളില്‍ പഠിക്കുന്നവര്‍ .

നാടക റിഹേര്‍സലും പിരിവും തകൃതിയായി നടക്കുന്നു. ഇടമൂട് ഏരിയ മുഴുവന്‍ അടക്കി പിരിച്ചു.  അതിനിടെ ബോംബേയില്‍ (ഇന്നത്തെ മുംബായ് ) ഉള്ള ഒരാള്‍ നാട്ടില്‍ വന്നു.  പിരിവുകാര്‍ അവിടെയും ചെന്നു .  സന്തോഷത്തോടെ അയാള്‍ പിടക്കുന്ന രണ്ടു രൂപയുടെ നോട്ട് എടുത്തു കൊടുത്തു.. പിരിവുകാരുടെ കണ്ണ് തള്ളിപ്പോയി!  കാരണം അതുവരെ മറ്റുള്ളവരില്‍ നിന്നും കിട്ടിയത് അമ്പത് പൈസയും കൂടിയാല്‍ ഒരു രൂപയും ആയിരുന്നു. അങ്ങനെ ആകെ പിരിവ്  അറുപതു രൂപ.  നാടക ദിവസം അടുക്കാറായി.  സ്റ്റേജ് നു വേണ്ടി കര്‍ട്ടന്‍ ബുക്ക്  ചെയ്തു - രൂപാ ഇരുപതു അതിനായി.  ഓര്‍സ്ട്ര  എന്ന് പറയാന്‍ ഒന്നും ഇല്ല.  നാട്ടില്‍ ഒരു തബലക്കാരന്‍ ഉണ്ട് . അവരുടെ മകനും തബല അറിയാം .  എന്നാല്‍ അയാളെ വിളിക്കാം. അങ്ങനെ തബല സുനിയുടെ അടുത്ത് ചെന്നു.  മുപ്പതു രൂപയില്‍ അഞ്ചു പൈസ കുറക്കാന്‍ അയാള്‍ തയ്യാറായില്ല.  ഇരുപതും മുപ്പതും - അമ്പത് , ആകെ പിരിഞ്ഞത് അറുപതു രൂപ.  ഇനി ബാക്കി പത്തു രൂപാ കൊണ്ടു  വേണം ബാക്കി ചിലവുകള്‍ നിര്‍വഹിക്കാന്‍ !  അങ്ങനെ മനസ്സില്ലാ മനസ്സോടെ മുപ്പതു രൂപയ്ക്ക് തബല ബുക്ക് ചെയ്തു - തബല സുനിയേ മനസ്സില്‍ പ്രാകി കൊണ്ടു!

ഒരു ഭാഗത്ത്‌ റിഹേര്‍സല്‍ തകൃതിയായ് നടക്കുന്നു.  ഇതിനിടെ പ്രധാന നടനായ പ്രമോദിന്റെ അമ്മ  സംവിധായകനോട് ഒരു പരാതി പറഞ്ഞു.   എന്നാലും എന്റെ വിനോദേ  .. എന്റെ മോന് ഇത്രയും ഡയലോഗ് എന്തിനാണ് കൊടുത്തത്.  അത് മുഴുവന്‍ എങ്ങിനെയാണ് അവന്‍ പഠിക്കുക .  കുറച്ചു ഡയലോഗ് എന്തായാലും കുറക്കണം.  എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ എന്ന് സംവിധായകനും പറഞ്ഞു.   അഞ്ചു മിനിറ്റ് കൊണ്ടു എഴുതി, അഞ്ചു പേരെ വച്ച്,  കേവലം അഞ്ചു മിനിട്ട് നേരം ഉള്ള നാടകത്തിന്റെ ഡയലോഗിനെ കുറിച്ചായിരുന്നു ഈ പരാതി !

ഒടുക്കം നാടകം നടക്കേണ്ട ദിവസം ആയപ്പോഴേക്കും സംവിധായകന്റെ ശബ്ദം അടഞ്ഞു.  കാരണം രണ്ടു വരി ഡയലോഗ് പോലും ശരിയായി പഠിക്കാതെ , ഇന്നലെ പറഞ്ഞു കൊടുത്തത് ഇന്ന് ഓര്‍ക്കാതെ ഒക്കെ ആണ് പല നടന്മാരും വന്നിരുന്നത്.  ചുക്ക് കാപ്പിയും കുടിച്ചു തന്റെ  ശബ്ദം ശരിയായാവണേ എന്ന് പ്രാര്‍ഥിക്കാനേ പാവം സംവിധായകന് കഴിഞ്ഞുള്ളൂ.

നാടകം തുടങ്ങാറായി , അതിനുമുന്‍പ്‌ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ അവിടുള്ള സഹോദരിമാര്‍ ഒക്കെ ചേര്‍ന്ന്  ഡാന്‍സ് അവതരിപ്പിച്ചു , കൂടാതെ ഹരിയുടെ വക ഒരു പാട്ടും!  അങ്ങനെ  പരിപാടി കൊഴുത്ത്  വരുന്നു.

സീമ നാടകം കാണാന്‍ നേരത്തെ വന്നു, പക്ഷെ മുന്‍ നിരയില്‍ ഒന്നും ഇരിക്കാന്‍ പ്പോയില്ല. അവള്‍ ആരെയോ കാത്തിരിപ്പാണ്.  സൈഡില്‍ ഒതുങ്ങി നിന്ന് ദേവേട്ടന്റെ വരവും കാത്തു അവള്‍ നിന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു .  അതാ ദേവേട്ടന്‍ .... അവള്‍ ദൂരത്തു നിന്ന് തന്നെ അയാളെ കണ്ടു - ദേവനും .   ദേവന്‍ അവളെ ആന്ഗ്യം കാണിച്ചു അടുത്തുള്ള മാവിന്‍ ചുവട്ടിലേക്ക്‌ വിളിച്ചു.  അവള്‍ വിളി കേട്ടു.

"ദേവേട്ടന്‍ വൈകിയല്ലോ ? ഞാന്‍ എത്ര നേരം ആയെന്നോ കാത്തു നില്‍ക്കുന്നെ "  അവള്‍ പരിഭവപ്പെട്ടു.

"എടീ , ബാലേട്ടന്റെ കണ്ണ് വെട്ടിച്ചുവേണ്ടേ വരാന്‍ , എട്ടന് അല്ലേലും ഇപ്പോള്‍ ചില സംശയം ഒക്കെ തോന്നി തുടങ്ങി യിട്ടുണ്ട്.  ചിലപ്പോള്‍ ബാലേട്ടനും നാടകം കാണാന്‍ വരും "

"ഈ ദേവേട്ടന്‍ എന്നും ഇങ്ങിനെയാ..... ഇങ്ങനെ ഏട്ടനെ പേടിച്ചു നടക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. "

"എടീ നിനക്കറിയില്ല.... ഏട്ടന്‍ എങ്ങിനെയാ എന്നെ വളര്‍ത്തിയതെന്നു . എനിക്കെന്റെ അച്ഛന്റെ സ്ഥാനത്താണ് ഏട്ടന്‍ ."

"എന്ന് വെച്ച് നമ്മുടെ കാര്യം ഏട്ടനോട് പറയണ്ടേ .... ഇങ്ങനെ എത്രനാള്‍ ഒളിച്ചു നടക്കും ... ഇപ്പോഴാണെങ്കില്‍  ദേവേട്ടന് ജോലിയും കിട്ടിയില്ലേ ?   അത് പോട്ടെ എന്നാണു ജോലിക്ക് ജോയിന്‍ ചെയ്യണ്ടത് ?"

"നാളെ ,  ഏതായാല്ലും കുറച്ചു കാലം കൂടി നമുക്കിങ്ങനെ കഴിയാം.... സന്ദര്‍ഭം വരുമ്പോള്‍ ഞാന്‍ തന്നെ എല്ലാം ഏട്ടനോട് പറയും, പക്ഷെ ഏട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ ? "

"സമ്മതിച്ചില്ലെങ്കില്‍ ?  ഇല്ലെങ്കില്‍ ഒളിചോടണം ... അല്ല പിന്നെ "

"അതോക്കെ നമുക്ക് പിന്നീട് ആലോചിക്കാം " ദേ ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്  .  നീ പോയി സ്ത്രീകളുടെ സൈഡില്‍ പോയി ഇരിക്കൂ... നാടകം കഴിഞ്ഞിട്ട് നമുക്ക് കാണാം.  അല്ലേല്‍ വേണ്ട... നാളെ ഞാന്‍ അമ്പലത്തില്‍  പോകുന്നുണ്ട് ... രാവിലെ.... നീ അവിടെ വാ. "

"ഓ .. ഒരി പേടി തൊണ്ടാന്‍ !  ആണായാല്‍ ഇത്തിരീ ധൈര്യം ഒക്കെ വേണം ... ഞാന്‍ പോയെക്കാമേ .... "

"കൂട്ടുകാരെ നിങ്ങള്‍ക്കു നന്ദി" തകൃതിയായി നടക്കുന്നു.  തബല സുനി ആവശ്യത്തിനും അനാവശ്യത്തിനും തബല കൊട്ടിക്കൊണ്ടേയിരുന്നു.   മുപ്പതു രൂപയുടെ കൊട്ട് കൊട്ടിയല്ലേ പറ്റൂ.. അല്ലേല്‍ കമ്മിറ്റിക്കാര് കൈവെക്കും!

കുഞ്ഞമ്മാവന്‍ (സന്തോഷ്‌) എല്ലാവരെയും അനുഗ്രഹിക്കുന്നതോടെ നാടകം പര്യവസാനിച്ചു.  പരിപാടി വിചാരിച്ചതിലും ഘംഭീരമായി ... കുറെ കഷണം വയറുകള്‍ കൂട്ടിച്ചേര്‍ത്തു കറന്റു കണ്ണക്ഷന്‍  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യുറ്റ് ആയി വയറെല്ലാം കത്തി നശിച്ചതൊഴിച്ചു !  ഒടുവില്‍ മുന്‍‌കൂര്‍ കരുതിയിരുന്ന റാന്തല്‍ വെളിച്ചത്തില്‍ നാടകം ശുഭകരമായി നടന്നു.                                                               _._

ഡിന്നര്‍ ... ഡിന്നര്‍ .... കാന്റീന്‍ ജീവനക്കാരന്‍ രാത്രി ഭക്ഷണവുമായി എത്തി.  അയാളുടെ ശബ്ദം കേട്ട് ബാലാന്‍ കഥ പറയല്‍ നിറുത്തി ഒന്ന്  ദീര്‍ഖശ്വാസം വലിച്ചു. "പഴയകാലം ഓര്‍ക്കുമ്പോള്‍ , ചെറുതും വലുതും ആയ ഓരോ സംഭവങ്ങള്‍ .... എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു.  അതൊക്കെ പോട്ടെ എന്താ നിങ്ങളുടെ പേര് " ബാലന്‍ സഹയാത്രികനോട് ചോദിച്ചു. "

എല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകുകയായിരുന്ന  സഹയാത്രികന്‍ പറഞ്ഞു .... "ചന്ദ്രന്‍ , ഞാന്‍ ആലപ്പുഴയില്‍ നിന്നാണ്.   നിങ്ങളുടെ നാടിനെ ക്കുറിച്ച് കേള്‍ക്കാന്‍ നല്ല രസം ഉണ്ട്.  അപ്പോള്‍ ദേവന്‍ ചേട്ടന്റെ അനിയന്‍ ആണ്.   ബാക്കി കൂടെ കേള്‍ക്കാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.  പറയൂ കേള്‍ക്കട്ടെ ...."

(തുടരും)

വിനോദ് ചിറയില്‍ 

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക