Thursday, June 07, 2012

കേരളം എങ്ങോട്ട് ?

മെയ്‌ 4 : പ്രബുദ്ധരെന്നും, സാക്ഷരതയില്‍ മുന്‍പില്‍
നില്‍ക്കുന്നവരെന്നും അഭിമാനിക്കുന്ന നാമുള്‍പ്പെടുന്ന എല്ലാ കേരളീയര്‍ക്കും അപമാനകരമായ കറുത്ത ദിവസം. രാഷ്ട്രീയ എതിരാളികള്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പച്ചയായ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ദിവസം. ഒരു
മനുഷ്യന്റെ ശിരസ്സില്‍ 51 വെട്ടുകള്‍ വെട്ടാന്‍ കാട്ടാളന്‍മാര്‍ക്കല്ലാതെ മനുഷ്യനായി പിറന്ന ആര്‍ക്കും തന്നെ കഴിയുമെന്ന് തോന്നുന്നില്ല. മനുഷ്യ
രൂപത്തില്‍ നടക്കുന്ന ഇവര്‍ ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലാണ് ഒരു ജീവനെ ഇല്ലാതാക്കിയത് ? ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു പൌരന്റെ മൌലിക അവകാശങ്ങളില്‍ പെടുന്നതാണ് ആരാധനാ സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും. ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ 
വിശ്വസിക്കുന്നതിനും അതിനുവേണ്ടി പ്രവര്തിക്കുന്നതിനുമുള്ള സ്വതന്ത്രം ഓരോ പൌരനുമുണ്ട്.  കൊലപാതക രാഷ്ട്രീയം തുടരണമോ എന്ന് ഓരോ പ്രവര്‍ത്തകനും സ്വയം ചോദിക്കേണ്ടതുണ്ട്. ഒന്ചിയത്തെ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകുവാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്തിക്കെണ്ടതുണ്ട് . രാഷ്ട്രീയ കൊലപാതകത്തെ 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കേസില്‍പെടുത്തി പരമാവധി ശിക്ഷ ലഭിക്കത്തക്ക വിധത്തില്‍ നമ്മുടെ ശിക്ഷാ നിയമം ഭേദഗതി ചെയ്യണം വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലാത്തവരെയാണ് കേവലം ആശയപരമായ അകല്‍ച്ചയില്‍ കൊന്നൊടുക്കുന്നത്. മാനം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി ഒരു സ്ത്രീക്ക് ഒരു സ്ത്രീലമ്പടനെ അറിഞ്ഞോ അറിയാതെയോ സ്വയരക്ഷക്കുവേണ്ടി കൊല്ലേണ്ടി വന്നാല്‍ അവളെയും ഒരു കൊലപാതകിയായി കാണുന്ന ഈ സമൂഹത്തില്‍
രാഷ്ട്രീയ കൊലപാതകികള്‍ക്കു ആരാണ് വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തികൊടുക്കുന്നത്? രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ എങ്ങനെയാണു ഭരണം മാറുമ്പോള്‍ കുറ്റവിമുക്തര്‍ ആവുന്നത് ? കൊലപാതകികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയുന്ന പാര്‍ട്ടികളെ കൊടിയുടെ നിറമോ വലിപ്പമോ നോക്കാതെ
ജനങ്ങള്‍ ബഹിഷ്കരിക്കുകയാണ് വേണ്ടത്.  ടി പി ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്റെ ശിരസ്സിലേറ്റ ഓരോ വെട്ടും രാഷ്ട്രീയ കേരളത്തിന്റെ നെറുകയിലാണ് പതിച്ചത്. അദ്ധേഹത്തിന്റെ ചോര വീണത്‌ സാംസ്‌കാരിക കേരളത്തിന്റെ, പ്രബുദ്ധ
കേരളത്തിന്റെ, മുഖത്തേക്കാണ്‌.

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പാര്‍ട്ടിയുടെ ഉന്നതന്‍ പ്രസംഗത്തിനിടയില്‍ 13 പേരെ പട്ടിക തയ്യാറാക്കി അതില്‍ മൂന്നു പേരെ വെടിവെച്ചും കുത്തിയും തല്ലിയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. പാര്‍ടിക്കുവേണ്ടി സമഗ്ര
സംഭാവനകളെ മുന്‍ നിര്‍ത്തി 'പദ്മ വിഭൂഷന്‍ ' ബഹുമതിക്കുവേണ്ടി ശുപാര്‍ശ നല്‍കേണ്ടിയതായിരുന്നു. കുറഞ്ഞ പക്ഷം സ്വന്തം പാര്‍ടിയില്‍ നിന്നും ഒരു 'പരമ വീര ചക്രം' എങ്കിലും നല്‍കി ആദരിക്കേണ്ടിയിരുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഈ സമൂഹത്തിനു മുന്‍പില്‍ ഈ ചെന്നായ്ക്കള്‍ ഇതും ഇതിലപ്പുറവും പറയും. അത് കേട്ട് ഒരു പക്ഷെ നമ്മളില്‍ പലരും കൈ കൊട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ പ്രവണത മാറി ഇങ്ങനെയുള്ള ആദരണീയരെ
പ്രസംഗ വേദികളില്‍ തന്നെ കല്ലെറിയാന്‍ എന്ന് നമ്മള്‍ തയ്യാറാകുന്നുവോ, അന്നേ നമ്മള്‍ പ്രബുദ്ധ കേരളത്തിലെ യഥാര്‍ത്ഥ ജനങ്ങള്‍ ആവുകയുള്ളൂ.

ഇതിനിടയില്‍ നമുക്ക് അഭിമാനിക്കാന്‍ മറ്റൊരു വാര്‍ത്ത‍ കൂടി; ഇന്ത്യന്‍ പീനല്‍ കോഡ് (IPC) അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഒന്നാം സ്ഥാനം നമ്മുടെ കൊച്ചു കേരളത്തിന്‌. നിരക്ക് 2010 ല്‍ 424.1 ആയിരുന്നു. ഒരു ലക്ഷം വരുന്ന ജനസംഖ്യയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ നിരക്കാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്
കുറ്റകൃത്യങ്ങളുടെ ദേശിയ ശരാശരി 187.6 ആണ് 2009 നെക്കാളും 2010 ല്‍ കുറ്റകൃത്യ നിരക്ക് 0 .3 ശതമാനം കുറഞ്ഞപ്പോളാണ്‌ കുറ്റകൃത്യ നിരക്കില്‍ കേരളം ഒന്നാമതെത്തിയത് . കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പക്ഷെ അറിഞ്ഞ ലക്ഷണമില്ല, അറിഞ്ഞിരുന്നുവെങ്കില്‍ കുറഞ്ഞ പക്ഷം അണികള്‍ക്ക് മിറായി വിതരണം എങ്കിലും നടത്തിയേനെ. സ്വാമി വിവേകാനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിച്ചു, ഒരു
പക്ഷെ ഇന്ന് അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തെ 'നരഭോജികളുടെ താവളം' എന്ന് വിളിച്ചേനെ. അഹിംസാ വാദിയായ ഗാന്ധിജി ഇന്നുണ്ടയിരുന്നുവെങ്കില്‍ അദ്ദേഹം ഒരുപക്ഷെ ഈ കാപാലികരെയൊക്കെ
തല്ലിക്കൊന്നു സ്വയം കുത്തി മരിച്ചേനെ. ഓരോ പ്രവര്‍ത്തകനും ഒന്ന് മനസ്സിലാക്കേണ്ടതുണ്ട് ഏതു പാര്‍ടിക്കുവേണ്ടി ചാവാനും കൊല്ലാനും നടന്നാലും നഷ്ടം സ്വന്തം കുടുംബത്തിനു മാത്രമാണ് , ഏതു പാര്‍ടിക്കുവേണ്ടി മരിച്ചാലും ഒരു റീത്തോ സ്മാരകമോ സ്വന്തം പേരില്‍ കിട്ടിയേക്കാം രക്തസാക്ഷികളുടെ കുടുംബത്തെ പിന്നീട് ഒരു പാര്‍ട്ടിയും തിരിഞ്ഞു
നോക്കില്ല.

ഒരു രാഷ്ട്രീയ എതിരാളിയെ പോലും വകവരുത്താത്ത ഏത് രാഷ്ട്രീയ പാര്‍ടിയുണ്ട് കേരളത്തില്‍ ? അഴിമതിയില്‍ ചീഞ്ഞു നാറാത്ത ഏത് പാര്‍ടിയുണ്ട് ഇന്ത്യയില്‍ ? ഇങ്ങനെയൊക്കെ നോക്കിയാല്‍ നാം ആര്‍ക്കുവേണ്ടിയാണ് വോട്ട് ചെയ്യേണ്ടത് ? ഞാനോ നിങ്ങളോ വോട്ട് ചെയ്തില്ലെങ്കിലും ആരെങ്കിലുമൊക്കെ ജയിക്കുകയും തോല്‍ക്കുകയുമൊക്കെ ചെയ്യും എങ്കിലും ആത്മാര്‍ത്ഥതയോടെ എന്നെങ്കിലും ഒരു നല്ല പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ നമുക്ക് കഴിയുമോ ?
ബക്കറ്റ്‌ പിരിവും, പാര്‍ട്ടി ഫണ്ടിലെക്കും നാം നല്‍കുന്ന ഓരോ രൂപയും നമ്മളില്‍ ഒരുവന്റെ ജീവന് വിലയിടുന്ന കൊട്ടേഷന്‍ സംഘത്തിലേക്കും പോകുന്നില്ലെന്ന് പറയുവാനാകുമോ ?

കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ബീഹാറിനെയും യു പി യെയും പിന്തള്ളി കേരളം ഇങ്ങനെ മുന്‍പോട്ടു പോവുകയാണെങ്കില്‍ കേരളീയരെന്നു അഭിമാനത്തോടെ പറഞ്ഞിരുന്ന ഞാനുള്‍പ്പെടുന്ന പ്രവാസികള്‍ മുഖം മറച്ചു ഞാന്‍ ഇന്ത്യയിലേ
അല്ല ജനിച്ചത്‌ വല്ല ചൈനയിലോ ബര്‍മ്മയിലോ ആണെന്ന് പറയേണ്ടി വരുന്ന ദിവസവും വിദൂരമല്ല.

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ-
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"

എന്ന് കവി പാടിയത്‌ നമ്മള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം എങ്കിലേ രാഷ്ട്രീയ കേരളം ഇന്നത്തെ അവസ്ഥയില്‍ നിന്നും മുക്തി നേടുകയുള്ളു അതുവരെ നമുക്ക് പറയേണ്ടിവരും "ഏയ്‌ .... ഞാന്‍ ഈ നാട്ടുകാരനേ അല്ല !!!!!"


സാജന്‍ ഡല്‍ഹി 

3 comments:

  1. ധാര്‍മികരോഷം തിളയ്ക്കുന്നു അല്ലേ? സമകാലികമായ സംഭവങ്ങള്‍ കണ്ടാല്‍ നിഷ്പക്ഷരുടെ എല്ലാം രക്തം തിളയ്ക്കും.

    ReplyDelete
  2. പ്രതികരണം മനസ്സിൽ നിന്നും തന്നെ.

    ReplyDelete
  3. ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് സംസാരിച്ച്, പ്രതികരിച്ച് പ്രതികരിച്ച്, എഴുതി എഴുതി , വീണ്ടും പ്രതികരിച്ച് പ്രതികരിച്ച് , ചിന്തിച്ച് ചിന്തിച്ച് വീണ്ടും വീണ്ടും പ്രതികരിച്ച് പ്രതികരിച്ച് എന്‍റെ കൈയ്യില്‍ ഇനി തിളപ്പിക്കാന്‍ ചോര ഇല്ലാതായിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ മറ്റാര്‍ക്കോ വേണമെങ്കില്‍ അന്‍പതല്ല നൂറു തവണ വെട്ടി നുറുക്കാന്‍ പാകത്തിലുള്ള വെറും മാംസ പിണ്ഡം മാത്രം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.