Wednesday, March 04, 2015

Wednesday, March 04, 2015 2

ബീഫ് ഫ്രൈ

ബീഫ് ഇപ്പോൾ ഒരു ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ .  ബീഫു പ്രേമികൾക്കായ് ഇതാ ഒരുഗ്രൻ റെസീപി.  പരീക്ഷിച്ചു അഭിപ്രായം പറയാൻ മറക്കരുതേ.

ആവശ്യ മുള്ള സാധനം 

ബീഫ് - 1 കിലോ
സവാള വലുത് - 3 എണ്ണം
കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍
മീറ്റ്‌ മസാല - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി  - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
ഇഞ്ചി  -  ആവശ്യത്തിനു
വെളുത്തുള്ളി - ആവശ്യത്തിനു
പച്ച മുളകു - 5 എണ്ണം (ആവശ്യത്തിനു)
വെളിച്ചെണ്ണ - 3-4 ടേബിൾ സ്പൂണ്‍  
കറിവേപ്പില - ആവശ്യത്തിനു
കറുവാപ്പട്ട - ആവശ്യത്തിനു
പെരും ജീരകം - ആവശ്യത്തിനു
ഏലക്ക - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

ആദ്യം വെളിച്ചെണ്ണ ചൂടാക്കി അതിൽ കുറച്ചു കടുക് പൊട്ടിക്കുക . അതിനു ശേഷം ഏകദേശം 3/4 ഭാഗം  വെളുത്തുള്ളി, ഇഞ്ചി, സവാള, കുറച്ചു കറിവേപ്പില, പച്ചമുളക് , കുറച്ചു ഉപ്പു  എന്നിവ ഇട്ടു ഏകദേശം 6-7 മിനിറ്റ് വഴറ്റുക .  തുടർന്ന് കാശ്മീരി ചില്ലി, മഞ്ഞൾ പൊടി , ഒരു ടേബിൾ സ്പൂണ്‍ കുരുമുളക് എന്നിവ ഇട്ടു വീണ്ടും നല്ലവണ്ണം വഴറ്റുക .  ഇതിന്റെ കൂടെ  മീറ്റ് മസാല  ചേർക്കുക , ഉടനെ തന്നെ കഷണങ്ങൾ ആക്കി വെച്ച ബീഫ്  ഇടുക . ബീഫിൽ മസാല പിടിക്കുന്നത്‌ വരെ 3-4 മിനുട്ട് വഴറ്റുക .  ഇതിൽ ഏകദേശം 400 മി.ലി. വെള്ളം ചേർത്ത് തീയുടെ ഫ്ലൈം കുറച്ചു വെച്ച് അരമണിക്കൂർ വേവിക്കുക.

തീ അണച്ച് വേറൊരു ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്  ശേഷം ഉള്ള കടുക് പൊട്ടിക്കുക.  തുടർന്ന്  ഏലക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില , പെരും ജീരകം , കരുവാപ്പട്ട എന്നിവ ചേർത്ത്  ചെറുതായി ചൂടാക്കുക.   മിശ്രിതത്തെ ചെറുതായൊന്നു ഇടിച്ചു ചതയ്ക്കുക എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബീഫു മായി മിക്സ്‌ ചെയ്യുക.

ബീഫിനെ ഇളം ഫ്ലൈമിൽ ചെറുതായി ഇളക്കി വേവിക്കുക .  വെള്ളം ആവശ്യത്തിനു വറ്റിയ ശേഷം വാങ്ങി വെക്കുക .  കൊതിയൂറും ബീഫ് ഫ്രൈ റെഡി .


ശ്രീകാന്ത്  
   

Monday, March 02, 2015

Monday, March 02, 2015 0

മറുപുറം

ബോളിവൂഡിലെ ഖാൻ മാരുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന്  സന്യാസിനി യായ ബീ ജെ പീ നേതാവ് .

പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം ?





എ എ പി യിൽ കേജ്രിവാൾ - യോഗേന്ദ്ര യാദവ് പക്ഷങ്ങൾ തുറന്ന പോരിനു.

പുത്തരിയിൽ കല്ല്‌ കടിയോ ?




ആറു സംസ്ഥാനങ്ങളിലെ PCC അധ്യക്ഷൻ മാർക്ക് മാറ്റം .

മച്ചി പശുവിനെ തൊഴുത്ത്  മാറ്റി കെട്ടിയിട്ടു ഫലം ഉണ്ടാവുമോ ?



ഞാനിപ്പോഴും ടീനേജ്‌ കാരി - ശ്വേതാ മേനോൻ .

"കന്യക"  ആണെന്ന് പറയാത്തത് ഭാഗ്യം .


വിനോദ്  ചിറയിൽ 

Sunday, March 01, 2015

Sunday, March 01, 2015 3

സൈറൺ


രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ... അയാൾ മനസിൽ കുറിച്ചിട്ടുഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്ഒരു  പക്ഷെ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നുഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം... ? എത്ര വിചിത്രമായിരിക്കുന്നുഅതിനു ജീവനുണ്ടായിരുന്നെങ്കിൽ!? എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊള്ളെണ്ട അവസ്ഥ.   ഏകാന്തത എത്ര ഭീകരമായിരിക്കും..!.   രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു  കൊണ്ടിരുന്നു.  പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.  മണിക്കൂറുകൾ കാതോർത്തിരുന്നു.  ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചുപക്ഷെ കേട്ടില്ലഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നിമനസ്അസ്വസ്ഥമായിഅസുഖം കൂടിഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.  സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.  കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട്ആംബുലൻസ്  നിലവിളിച്ച് പാഞ്ഞുപാതി വഴിയിലെങ്ങൊ അതും നിന്നു....
വിനീഷ് കമ്മിളി  

Saturday, February 28, 2015

Saturday, February 28, 2015 6

ബാല്യം


ഞാന്‍ ഒറ്റമോള്‍ ആയിരുന്നു അതിനാല്‍ അവധി ദിവസങ്ങളില്‍ അമ്മ എന്നെ  പപ്പയുടെ തറവാട്ടില്‍ കൊണ്ടുചെന്നാക്കും. അങ്ങനെ എനിക്ക് ആറു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ പപ്പവീട്ടില്‍ തനിയെ പോകാന്‍ തുടങ്ങി. ആ യാത്ര  നല്ലരസമാണ്. മലയോര ഗ്രാമമാണ്‌ ഞങ്ങളുടേത്.  പാടങ്ങളും, ചെറിയ തോടും, മരപ്പാലവും എല്ലാം കടന്നു വേണം പോകാന്‍.  രാവിലെ 6,7 മണിക്കാണ് യാത്ര.   നല്ല മഞ്ഞുള്ള പ്രഭാതങ്ങള്‍ ആയിരിക്കും മിക്കപ്പോഴും . പോകാന്‍   നേരം, അമ്മ ഒരു ഷാള്‍ കൊണ്ടുപുതപ്പിച്ചു അതിന്റെ രണ്ടറ്റവും എന്റെ കയ്യില്‍ തരും.  അത് ഇറുക്കി പിടിച്ചാണ് നടത്തം. പാട വരമ്പത്തുകൂടെ പതിയെ നടന്നുപോകുമ്പോള്‍ കിന്നാരം പറയാൻ  പുൽത്തുമ്പുകളും  മഞ്ഞുതുള്ളികളും നെല്ക്കതിരുകളും വരും.  നമുക്കതെങ്ങും നോട്ടമില്ലാ. എങ്ങനെയും തറവാട് എത്തണം. അവര്‍ കരുതുന്നുണ്ടാവും... മൂടിപ്പുതച്ചു കിടന്നുറങ്ങേണ്ട നേരത്ത് ഈ കുട്ടി  എങ്ങോട്ടാണ് പോകുന്നത്  ? തറവാട്ടില്‍ ചെന്നിട്ടു അപ്രത്തമ്മേ ഞാന്‍ വന്നൂന്ന് ഉറക്കെ വിളിക്കും.  അത് ഒരു അറിയിപ്പ് ആണ്. പപ്പയുടെ തറവാടും ഞങ്ങളുടെ ബന്ധുക്കളും അടുത്തടുത്ത് താമസിക്കുന്നു. പപ്പയുടെ അമ്മയെ ആണ് അപ്രത്തമ്മ എന്ന് വിളിക്കുന്നത്‌.  എന്റെ അറിയിപ്പ് കേള്‍ക്കുമ്പോഴേക്കും എന്റെ അമ്മായിയുടെയും പേരപ്പന്മാരുടെയും കുട്ടികള്‍ വീടിനു പുറത്തേക്കിറങ്ങി വരും.

ഞാന്‍ ചെന്നാൽ  അപ്പോള്‍ തുടങ്ങി പലതരം കളികള്‍ ആണ്.  ഞങ്ങള്‍ 7 പെണ്‍കുട്ടികള്‍ ആണ്. ഏറ്റവും മുതിര്‍ന്ന ആള്‍,  ആറാം ക്ലാസ്സില്‍ പഠിക്കുന്ന  ചേച്ചിയാണ് ടീം ലീഡര്‍ - കം - റഫറി.  ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിക്കുന്നതും ചേച്ചിയാണ്.  ഞങ്ങള്‍ക്ക് ഒന്നുരണ്ടു പേരമരമുണ്ട് .   ഒരു ദിവസം പപ്പയുടെ അനിയന്‍ പേരയുടെ ചുവട്ടില്‍ നിന്നു അമ്മയോട് പറയുവ പേരക്കയെല്ലാം വവ്വാല്‍ കടിച്ചു,  ഒരെണ്ണം പോലും നല്ലതില്ലല്ലോന്നു. അമ്മ പറഞ്ഞു 7 വവ്വാലാ  ഉള്ളതെന്ന് . എന്താണെന്ന്  വച്ചാൽ  പേരക്ക മൂത്തോന്നു അറിയാന്‍ ഞങ്ങള്‍ കടിച്ചു നോക്കും. പൊട്ടു പേരക്ക പറിക്കരുതെന്നു പറഞ്ഞിട്ടുണ്ട്.  കൂട്ടത്തില്‍ അറിഞ്ഞോ അറിയാതയോ ഞാന്‍ ആണ് കുഴപ്പക്കാരി.

ഹോസ്പിറ്റല്‍ കളിയാണ് പിന്നെ ഉള്ളത്.  ഒരിക്കല്‍ ഞാന്‍ രോഗിയും കൂട്ടത്തിലൊരാള്‍ ഡോക്ടറും.  കണ്ണിനു അസുഖമാണ്  രോഗിക്ക് , പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞപോലെ കണ്ണു അടച്ചു  ഞാന്‍ കിടന്നു.  ഡോക്ടര്‍ കണ്ണില്‍ മരുന്നോഴിച്ചു.  പിന്നെടെന്താണുണ്ടായതോന്നും എനിക്കോര്‍മയില്ല. ആരൊക്കയോ എന്നെ എടുത്തു ശരിക്കുമുള്ള ആശുപത്രിയില്‍ കൊണ്ട് പോയി. കണ്ണില്‍ കളിച്ചപ്പോള്‍ ഒഴിച്ച മരുന്ന് എന്താന്നു അറിയേണ്ടേ ?  അരിച്ചു വച്ചിരുന്ന മണല്‍,  കുപ്പിയുടെ അടപ്പിലാക്കി അതാണ്‌ കളി ഡോക്ടര്‍ എന്റെ കണ്ണില്‍ ഇട്ടതു.

പിന്നീടൊരിക്കല്‍  കൂട്ടത്തില്‍ ഉള്ള, എനിക്ക് നേരെ മൂത്ത ചേച്ചിയുടെ  ഒരു കമ്മല്‍ കളിക്കിടയില്‍ ചാടിപ്പോയി.   എല്ലാവരും ഒരുമിച്ചു നോക്കീട്ടും കിട്ടിയില്ല. വീട്ടുലറിഞ്ഞാല്‍ ഉള്ള പുകിലോര്‍ത്തിരുന്നപ്പോള്‍ എനിക്കൊരു ഐഡിയ തോന്നി.  ഞാന്‍ ചേച്ചിയുടെ മറ്റേ കമ്മല്‍ ഊരി മേടിച്ചു ഉള്ളംകൈയ്യില്‍ വച്ചു, എന്നിട്ട് കണ്ണടച്ച്  പ്രാര്‍ത്ഥിച്ചു . ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ബാക്കി ആറു പേരും എന്റെ ചുറ്റും കണ്ണടച്ച് കൈ കൂപ്പി നില്‍ക്കുന്നു.  അപ്പൊ പിന്നെ കുറെ മന്ത്രങ്ങളും കൂടി അങ്ങ് ചൊല്ലി. ഓം ഹ്രീം കുട്ടിചാത്ത അങ്ങനെ കുറേ.  എന്തായാലും ആളാകാന്‍ പറ്റിയ അവസരമാണല്ലോ  വിട്ടുകൊടുത്തില്ല.  എല്ലാവരോടും കണ്ണു തുറക്കാന്‍ പറഞ്ഞു. എന്നിട്ട് എന്നെ ശ്രദ്ധിക്കു, ഞാന്‍ ഈ കമ്മല്‍ എടുത്ത് ഏറിയും നിങ്ങള്‍ അവിടെ പോയി നന്നായി നോക്കണം അപ്പോൾ  അവിടെ നിന്നു കാണാതായ കമ്മലും എറിഞ്ഞ  കമ്മലും തിരിച്ചു കിട്ടുമെന്നും  പറഞ്ഞു ഞാന്‍ ആ കമ്മല്‍ എറിഞ്ഞു .... ആരുടെയോ ഭാഗ്യത്തിന് ആ രണ്ടു കമ്മലും തിരിച്ചു കിട്ടി. 

ഈ സംഭവങ്ങള്‍ എന്റെ  കസിന്‍ കഴിഞ്ഞ ക്രിസ്മസ്സിനു എല്ലാവരും കൂടിയപ്പോള്‍ പറഞ്ഞു.... ഇത് കേട്ട എന്റെ ഭര്‍ത്താവ്  അവരോടു അപ്പോൾ  ഈ അസുഖം നേരത്തെ ഉണ്ടല്ലേ  ?

 ബാല്യത്തില്‍ നടക്കുന്ന സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോള്‍ ..... ഒരിക്കൽ  കൂടി തിരികെ കിട്ടാത്ത ബാല്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .... അന്നുള്ളപോലേ സാഹോദര്യവും സന്തോഷവും ലാളനയും ....കിട്ടിയിരുന്നെങ്കില്‍ ... എന്റെ മോള്‍ക്ക്‌ നഷടമാകുന്ന ഇത്തരം അവസരങ്ങള്‍ , ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുന്ന അവളുടെ ബാല്യം.... മണ്ണപ്പം ചുട്ടും കണ്ണിമാങ്ങാ പെറുക്കിയും ഐസ് സൈക്കിളിനു പുറകെ ഓടിയും ദൂരദര്‍ശനിലെ നാലു മണി സിനിമക്കുള്ള കാത്തിരിപ്പിന്റെ സുഖം.... ഇതെല്ലാം എന്റെ മോള്‍ക്ക്‌ നഷ്ടം...


ദിൽന സാബു 

Friday, February 13, 2015

Friday, February 13, 2015 3

ഹൃദയപൂർവ്വം ഡൽഹിക്ക്



ഫെബ്രുവരി  10 ഇന്ത്യയിലെ ജനങ്ങളെ വരവേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ്.  കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ  വെച്ച് പരസ്പരം നോക്കി.  ചിലർ  സ്വപ്നമാണോ അതോ യാഥാർത്ഥ്യം  ആണോ എന്നറിയാൻ നുള്ളി നോക്കി.  അല്ല, സ്വപ്നം അല്ല .  സംഗതി നേരാണ്.

രാജ്യത്തെ വലിയ രണ്ടു ദേശീയ പാർട്ടികളെ നിലം പറ്റിച്ചു , അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിച്ചെടുത്തു.  തിരഞ്ഞെടുപ്പ് വേളകളിൽ ഒന്നും പ്രകടമാകാതിരുന്ന, ആരും പ്രതീക്ഷിക്കാത്ത ഒരു വിജയം ആയിരുന്നു ഇത്.  ലോകസഭാ തിരഞ്ഞെടുപ്പിൽ നാമാവശേഷമായ ആം ആദ്മി പാർട്ടി ശക്ത മായ ഒരു തിരിച്ചു വരവാണ് ഡൽഹിയിൽ കാഴ്ച വെച്ചത്.

പുതിയ സർക്കാരിന്റെ മുൻപിൽ വെല്ലു വിളികൾ ഏറെയാണ്‌.  തിരഞ്ഞെടുപ്പുവേളയിൽ പല സുന്ദര മോഹന വാഗ്ദാനങ്ങൾ ആണ് ആപ് ദെൽഹിക്കാർക്കു കൊടുത്തത്.  അതെല്ലാം നടപ്പിലാക്കണ മെങ്കിൽ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും.  മാസത്തിൽ 20000 ലിറ്റർ ഫ്രീ വെള്ളം , വൈദ്യുതി നിരക്ക് പകുതിയായി കുറക്കൽ, സ്വതന്ത്ര ഏജൻസിയെ കൊണ്ട് വൈദ്യതി കമ്പനി കളുടെ ആഡിറ്റ്,   ഫ്രീ വൈഫൈ , 10 -  15  ലക്ഷം CCTV  ക്യാമറ, സ്ത്രീ സുരക്ഷ, 500 പുതിയ ഗവണ്മെന്റ് സ്കൂളുകൾ , 20 പുതിയ കോളേജുകൾ,   എല്ലാ DTC ബസ്സുകളിലും ഹോം ഗാർഡ് , സ്ത്രീ സുരക്ഷക്കായി മൊബൈലിൽ സുരക്ഷ  ബട്ടണ്‍,  ജനലോക്പാൽ ബിൽ , ഡൽഹിക്ക് പൂർണ സംസ്ഥാന പദവി , 2 ലക്ഷം പൊതു ശൌചാലയം,  എട്ടുലക്ഷം പുതിയ ജോലി അവസരങ്ങൾ , വിലക്കയറ്റ നിയന്ത്രണം അങ്ങിനെ ഒരു വലിയ നിര തന്നെ ഉണ്ട്.  ലിസ്റ്റിൽ വിട്ടുപോയ ഒന്നുണ്ട് - കോമ്മണ്‍ വെൽത്ത് ഗെയിംസ് അഴിമതി അന്വേഷണം - അതിവിടെ ഓർമ്മ പ്പെടുത്തുന്നു.

എല്ലാം നിശ്ചയ ദാർഡ്യം ഉണ്ടെങ്കിൽ ചെയ്യാൻ പറ്റുന്നതെ  ഉള്ളൂ.  പക്ഷെ പൂര്ണ സംസ്ഥാന പദവിയും , സ്ത്രീ സുരക്ഷയും നടപ്പിലാക്കാൻ എത്ര കണ്ടു വിജയിക്കും എന്ന്  കാത്തിരുന്നു കാണേണ്ടി വരും.

ഏതായാലും പുത്തൻ പ്രതീക്ഷകളുമായാണ്  ഡൽഹി നിവാസികൾ .  ഡൽഹിയിൽ വിദ്യാഭ്യാസം , റൂം വാടക, നിത്യോപയോഗ സാധനങ്ങൾ , ചികിത്സ , വൈദ്യതി , വെള്ളം അങ്ങിനെ എല്ലാത്തിനും ചുട്ടു പൊള്ളുന്ന വിലയാണ് .  ഇതിനൊക്കെ ഒരു സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ .

സാധാരണക്കാരന്റെ പേരിൽ , സാധാരണക്കാരൻ ആയി, സാധാരണക്കാരുടെ വോട്ടു നേടി ജയിച്ച സാധാരണക്കാരാൻ , സാധാരണ ക്കാര്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ .

വിനോദ് ഡൽഹി