Saturday, January 09, 2016

Saturday, January 09, 2016 8

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ -4

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.   സന്ദർഭത്തിൽ ശ്രീ അജിത്പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു .

TEAM THUMBAPPOO


സർപ്പപൂജകൾ

നൂറും പാലും കൊടുക്കൽ ചടങ്ങ്

നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വര്ഷം തോറും കന്നിമാസത്തിലെ  ആയില്യം നാളിൽ സർപ്പകാവുകളിലെയും  ക്ഷേത്രങ്ങളിലെയും  പ്രധാന ചങ്ങാണിത് .മഞ്ഞൾ പ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി  പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്,തുടങ്ങിയ ചടങ്ങുകളിലും നൂറും പാലും നടത്തുന്നു .



പാമ്പിൻ തുള്ളൽ
  
സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ.കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.
നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ചടങ്ങ് അപൂർവമായി നമ്പൂതിരി  ഗൃഹങ്ങളിലും  കാണാമായിരുന്നു.മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരു തറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട് .

പാമ്പിൻ തുള്ളലിലെ  ആചാര്യൻമാർ  പുള്ളുവൻമാരാണ്.അവരാണ് ദിവസം നിശ്ചയിക്കുന്നതും.മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്.പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു.നിലം മെഴുകി വൃത്തിയാക്കിയ ശേഷം പാമ്പിന്റെ രൂപത്തിൽ കളം വരയ്ക്കുന്നു.അരിപ്പൊടി ,മഞ്ഞൾ ,കരി  മുതലായവയാണ്  കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.

പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതി പാടും.അടുത്ത ഇനം ഗണപതി പൂജയാണ്.പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു.വീട്ടുകാർ കാലത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു.തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരു പൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു.പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ  വരുന്നു.ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു  മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പി ക്കൊണ്ട് കളം മായ്ക്കുകയും ചെയ്യുന്നു.പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കുoപോലാണ്  കലിയിറങ്ങി  സാധാരണ മട്ടിലാകുന്നത്.
സർപ്പബലി
സർപ്പബലിയുടെ ചടങ്ങുകൾക്ക്  പുള്ളുവന്മാർ നിർബന്ധമാണ്. .

അരിപ്പൊടി മഞ്ഞൾ പ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ  കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ ,ധൃതരാഷ്ട്രൻ ,ഗ്ലാവൻ ,അഗചാപൻ ,ശിതി പ്രിഷ്o ൻ ,അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും  ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു .
ഉരുളി കമിഴ്ത്ത്
സന്താന  ലാഭത്തിനായി  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രത്തിൽ  ദമ്പതികൾ  അനുഷ്ഠിക്കുന്ന  ചടങ്ങാണ് ഉരുളി കമിഴ്ത്ത്‌.മണ്ണാറശാലാ  ഇല്ലത്തെ വലിയമ്മയുടെ  സന്നിധിയിൽ  തൊഴുതു  അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കു വയ്ക്കുന്നു .വിശേഷാൽ വഴിപാടു നടത്തിയ ശേഷം വാദ്യ ഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടി ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്  നിലവറയിൽ കൊണ്ട് ചെന്ന് വയ്ക്കുന്നു . ചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ  ഗർഭം  ധരിക്കുമെന്നാണ് വിശ്വാസം.പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളി മലർത്തിയടിക്കുമ്പോൾ   വഴിപാടു പൂർത്തിയാകുകയും  ചെയ്യുന്നു .

             ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷ സർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്ഇന്നുകാണാൻ  കഴിയുന്നത്‌.വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ  സന്തുലിതാവസ്ഥ  നിലനിർത്തുന്നതിലും പ്രകൃതിയുടെ  സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ  താളിലാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പുതു തലമുറയിൽനിന്നു  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വരും തലമുറയിലൂടെ പൂർതിയാകുമൊ എന്ന് നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു.അങ്ങനെയാണെങ്കിൽ  സര്പ്പക്കവുകളും ചരിത്രത്തിൻറെ  ഭാഗമാകും.

ഫ്ലാറ്റുകളും വില്ലകളും കെട്ടിപ്പൊക്കാൻ മത്സരിക്കുന്ന മനുഷ്യൻ കാവുകളെ ഭൂമിക്കടിയിൽ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ്.ഗ്രാമഭംഗി ഇടിച്ചു നിരത്തി പട്ടണങ്ങൾ പൊക്കുമ്പോൾ ആധുനിക ലോകം കെട്ടിപ്പടുതാൻ മത്സരിക്കുകയാണ് വന്കിട റിയൽ എസ്റ്റേറ്റ്കമ്പനികൾ.ഒരു പക്ഷെ പഴയ മനോഹാരിതയിൽ കാവുകളെ സമൂഹത്തിൽ  കാണാൻ കഴിയില്ലെങ്കിലും ഉള്ള സർപ്പക്കാവുകൾ നശിപ്പിക്കാതെ സരംക്ഷിച്ചു ആരാദിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഒരു പക്ഷെ ചരിത്രത്തിനും ഭാവിയില കണക്കു പറയേണ്ടിവരുമെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇനിയും സർപ്പക്കാവുകളിൽ തിരി തെളിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
അവസാനിച്ചു
ലേഖനം തയ്യാറാക്കാൻ , റിസർച്ചിനായി എന്നെ സഹായിച്ച എൻറെ സുഹൃത്തുക്കളായ അജേഷ് ,രാജേഷ് ..എന്നിവർക്കും,മറ്റു വിവരങ്ങൾ നൽകി സഹായിച്ച വക്കത്തു വിളാകം ശ്രീ ദേവി ക്ഷേത്ര ഭാരവാഹികൾക്കും,വക്കം കുളങ്ങര ക്ഷേത്ര ഭാരവാഹികൾക്കും എൻറെ വിനീതമായ നന്ദി അറിയിക്കുന്നു.

അജിത് പി. നായർ 

കീഴാറ്റിങ്ങൽ 

Friday, January 01, 2016

Friday, January 01, 2016 11

ഒരിക്കൽ ഒരു യാത്രയിൽ


ഏതു പോലീസുകാരനും ഒരമളി പറ്റും !

വേനലവധിയിൽ   നാട്ടിൽ പോയ സമയം.   പാസ്സ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട്  കോഴിക്കോട് പാസ്പോർട്ട്‌ ഓഫീസിൽ പോകണം.  ജില്ലാതലങ്ങളിൽ പാസ്സ്പോർട്ട്  ഓഫീസുകൾ ഉണ്ടെങ്കിലും പഴയ കേസുകൾക്ക്‌ മേഘല ഓഫീസ് ആയ കോഴിക്കോട് തന്നെ പോകണം.

രാവിലെ തന്നെ ഉണർന്നു, പെട്ടെന്നു  തയ്യാറായി ബസ്‌ സ്റ്റോപ്പിൽ എത്തി.  മൂന്നു നാല് മണിക്കൂറത്തെ യാത്രയുണ്ട്.  തളിപ്പറമ്പിലെത്തിയാൽ അവിടുന്ന് നേരിട്ട് ബസ്സുണ്ട് കോഴിക്കോട്ടേയ്ക്ക്.  ബസ്സിൽ കയറി ടിക്കെറ്റ് എടുക്കാൻ പേഴ്സ് എടുത്തപ്പോളാണു ശ്രദ്ധിച്ചത്, പേഴ്സിൽ ആകെ 150 രൂപയെ ഉള്ളൂ.  കോഴിക്കോടെയ്ക്ക് എത്ര രൂപയാണ് ബസ് ചാർജ് എന്നറിയില്ല.  എന്തായാലും പത്തറുപതു രൂപയാകും. മുൻപോട്ടു വച്ച കാൽ പുറകോട്ടില്ല.  വരുമ്പോലെ വരട്ടെ.  ഞാൻ യാത്രയായി.   പതിനഞ്ചു രൂപ കൊണ്ട് തളിപ്പറമ്പിൽ എത്തി.   ആദ്യം കണ്ട കോഴിക്കോട് ബസ്സിൽ കയറി.  യാത്ര മാറ്റിവെക്കണോ ? ഇടയ്ക്ക് ഒരു ശങ്കയായി.   

ടിക്കറ്റ്‌ മുറിച്ചു തന്നപ്പോഴേ എന്റെ പകുതി ശ്വാസം പോയി.    85 രൂപ ! മിച്ചം കീശയിൽ ഉള്ളത് 60 രൂപ.  മടക്കയാത്രയ്ക്ക് കാശില്ല!  കണ്ണൂരെത്തിയപ്പോൾ  ചിന്തിച്ചു .... തിരിച്ചു പോയാലോ ? എന്നാൽ മാനോംമര്യാദയോടെ വീട്ടിലെത്താം.  പക്ഷെ എന്തെന്നറിയില്ല മനസ്സ് മുന്നോട്ടു തന്നെ.

കോഴിക്കോട് ബസ്സിറങ്ങി.  ഒരു ചായ കുടിച്ചു.  10 രൂപയോളം പോയി കിട്ടി.  ഉടനെ തന്നെ പാസ്പോർട്ട്‌ ഓഫീസിൽ എത്തി.  അപ്പോഴാണ്‌ അറിയുന്നത് പഴയ റെക്കോഡുകൾ ഉള്ളത് വേറൊരു ഓഫീസിൽ ആണ് - കോഴിക്കോട് തന്നെ.   

ഓട്ടോ പിടിച്ച്  പഴയ ഓഫീസിൽ എത്തി.  20 രൂപ കൂടി പോയിക്കിട്ടി.  എനിക്ക് ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല.  എങ്ങിനെ തിരിച്ചു പോകും ?  ഇപ്പോൾ തന്നെ സമയം ഉച്ചയായി.  കാര്യങ്ങൾ ഒക്കെ ശരിയാക്കി വരുമ്പോൾ വൈകുന്നേരം ആകും.   

പാസ്സ്പോർട്ട് ഓഫീസിൽ കുറച്ചു സമയം എടുത്തെങ്കിലും കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു.  പുറത്തു ഇറങ്ങിയപ്പോൾ നല്ല വിശപ്പ്‌.  ഊണ് കഴിക്കൽ എന്തായാലും നടക്കില്ല.  ഏതായാലും ഒരു ചായ കുടിക്കാം.

നേരം വൈകുന്നേരം ആയി.  ചായ കുടിച്ച വകയിൽ 20 രൂപ കൂടി പോയിക്കിട്ടി.   കണക്കു തെറ്റിയിട്ടില്ല - കൂടെ ഒരു പഴം പൊരിയും ഉണ്ടായിരുന്നു !  

ഇനിയെന്ത് ചെയ്യും ?  കയ്യിൽ ആകെ പത്തുരൂപയുണ്ട്.  അക്കൊണ്ടിൽ നിന്നും പൈസ എടുക്കാമെന്ന് വെച്ചാൽ എ.ടി.എം. കാർഡ് കയ്യിൽ ഇല്ല.  എന്റെ ഒരു അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.  അപ്പോഴാണ്‌ ശ്രദ്ധിച്ചത് - മൊബൈലിന്റെ ചാർജ് തീരാൻ പോകുന്നു.  സുഹൃത്ത് പറഞ്ഞു,  ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്.   

എന്ത് ചെയ്യാൻ ?  ഈ പരിചയം ഇല്ലാത്ത സ്ഥലത്ത് വന്ന് ആര്  കാശ് തരാൻ !   കള്ള വണ്ടി കയറിയാലോ ?  അങ്ങനെയാണേൽ കണ്ണൂര് വരെ തീവണ്ടിയിൽ പോകാം.   അവിടുന്ന് ഓട്ടോ പിടിച്ചാൽ വീട്ടിൽ എത്തിയ ശേഷം കാശ് കൊടുക്കാമല്ലോ !

കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ വന്നു.   ഫോണിന്റെ ചാർജും തീരാറായിരിക്കുന്നു !  ആ സുഹൃത്ത് ഒരു നമ്പർ തന്നു.   പുള്ളിക്ക് പരിചയം ഉള്ള ഒരാൾ കോഴിക്കോട് ഉണ്ട് .  പുള്ളി വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.   ഞാൻ സംസാരിച്ച്, നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്താൽ മതി.

ഞാൻ ആ സുഹൃത്തിന്റെ സുഹൃത്തിനെ വിളിച്ചു.  ഉടൻ തന്നെ എന്റടുത്തു എത്താം എന്ന് അയാൾ  പറഞ്ഞു.   എന്റെ ഭയം ഇപ്പോൾ മൊബൈലിനെ കുറിച്ച്  ആയി.  മൊബൈൽ ഓഫായി കഴിഞ്ഞാൽ പിന്നെ ഒരു പക്ഷെ പുള്ളിക്കെന്നെ കണ്ടുപിടിക്കാൻ കഴിയില്ല.  

അതിനിടെ സുഹൃത്തിന്റെ ഫോണ്‍ വീണ്ടും വന്നു.   ഞാൻ കാര്യങ്ങൾ പറഞ്ഞു , ഉടനെ കാശുമായി അയാൾ വരുന്നുണ്ടെന്നു പറഞ്ഞു.   ഫോണിൽ ചാർജ് കുറവായതിനാൽ ഞാൻ കൂടുതൽ സംസാരിച്ചില്ല.

അങ്ങനെ ഒരു വല്ലാത്ത സ്ഥിതി വിശേഷം. പുറമേ ഒരാശ്വാസം തോന്നിയെങ്കിലും ഉള്ളിൽ  ഭയം തന്നെയായിരുന്നു.  മൊബൈൽ ഓഫായാൽ കാശ് കിട്ടാൻ ബുദ്ധിമുട്ടാണ്. കുറച്ചു കഴിഞ്ഞാൽ നേരം ഇരുട്ടും.  ഇപ്പോൾ പുറപ്പെട്ടാലേ  രാത്രി ഒരു പത്തു മണിക്കെങ്കിലും വീട്ടിലെത്താൻ പറ്റു.  അതുപോലെ കയ്യിൽ 100 രൂപ പോലും ഇല്ലാത്തതിനാൽ, കാശുമായി വരുന്നയാളെ അഭിമുഖീകരിക്കാൻ ഒരു വൈമനസ്യം.   ഒരു പക്ഷെ അയാൾ ചിന്തിക്കുമായിരിക്കും - ഇവനേതു കോത്താഴത്തുകാരനാ !

അയാൾ വരാമെന്ന് പറഞ്ഞിട്ട് നേരം കുറെയായി.   ഉള്ളിൽ  വീണ്ടും ഭയം !  ഒടുവിൽ കള്ളവണ്ടി തന്നെ കയറേണ്ടി വരുമോ ?  പീന്നീടു പിടിക്കപ്പെട്ട്  പോലീസ് ലോക്കപ്പിൽ ആയിരിക്കുമോ ഇന്നത്തെ രാത്രി !   മിനുട്ടുകൾ മണിക്കൂറുപോലെ ഇഴഞ്ഞു   നീങ്ങി.  എന്റെ ഹൃദയമിടിപ്പ്‌ സെക്കന്റ്‌ സൂചിയെ കടത്തിവെട്ടി.  

പക്ഷെ, ഒടുവിൽ, ആരോ ചെയ്ത സുകൃതത്തിന്റെ ഫലമായി അയാൾ വന്നു - ഒരു ദൈവ ദൂതനെ പ്പോലെ !   എനിക്ക് ഒരു ചെറുപുഞ്ചിരിയോടെ കാശു തന്നു.   അയാൾക്ക്‌ നന്ദി പറഞ്ഞ് ഞാൻ മടക്കയാത്രയായി.    (കാശ് പിന്നെ തിരിച്ചു കൊടുത്തു കേട്ടോ ....)

വിനോദ് ചിറയിൽ, ഡൽഹി