Wednesday, January 23, 2013

ശിവകാശിയിലെ നന്‍പര്‍ക്കായി

കൃഷ്ണവര്‍ണ്ണരേ,
ശിവകാശിയിലെ നന്‍പരേ
വര്‍ണ്ണക്കടലാസുകളില്‍പ്പൊതിഞ്ഞ്
നിങ്ങള്‍ ഞങ്ങള്‍ക്കായി നിറച്ചയച്ചിരുന്ന
ഇന്ദ്രജാലങ്ങള്‍
ഞങ്ങളുടെ വിശേഷനാളുകളില്‍
തീ കണ്ടു ഭ്രമിച്ചുണര്‍ന്ന്,
ഞങ്ങളുടെ ഭൂമിയ്ക്കുമേല്‍
വട്ടം ചുഴന്നും തീമഴയായിക്കൂവിയും,
ഞങ്ങളുടെ ആകാശങ്ങള്‍ക്കു കീഴില്‍
നടുങ്ങിയുണര്‍ന്നു ബഹുവര്‍ണ്ണ
തീപ്പൂക്കളായി വിരിഞ്ഞും ആരചിച്ച
ജാലവിദ്യകള്‍ കണ്ട്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ചിരിച്ചിരുന്നു -
നിങ്ങളുടെ ദുഖങ്ങളാണവയെന്നറിയാതെ.....
ചിലപ്പോള്‍ ഞങ്ങളും ചിരിച്ചു.

എന്നാല്‍ ഇക്കഴിഞ്ഞ മദ്ധ്യാഹ്നത്തില്‍,
പൊട്ടിത്തെറിച്ച പടക്കശ്ശാലപ്പരിസരങ്ങളിലേക്കു
ചിതറിവീണ നിങ്ങളുടെ ശരീരഭാഗങ്ങളില്‍
പിളര്‍ന്നുപോയ നിങ്ങളുടെ കരളും
ആമാശയങ്ങളും ദൂരദര്‍ശനക്കാഴ്ചയ്ക്കു
വിധേയമായ നാള്‍മുതല്‍
എനിക്കു ചിരിക്കാനാവില്ല നന്‍പരേ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെളിമ്പറമ്പില്‍
ഒറ്റപ്പെട്ട നിങ്ങളെ പനമ്പായിലും
തുണിപ്പായിലും പൊതിഞ്ഞ്,
മുളന്തണ്ടിന്റെ മഞ്ചലിലേറ്റി
ആതുരാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന    
ദൂരദര്‍ശന ചൊല്ലുകാഴ്ച നടന്നുകൊണ്ടിരിക്കുമ്പോള്‍
കീഴോട്ടിറക്കപ്പെടാനാവാത്ത ഒരു ചെറുതുണ്ടു
ലഡ്ഡു, മരണത്തിന്റെ കയ്പു നല്‍കി
എന്റെ തൊണ്ടയിലിരുന്നു കഴയ്ക്കുകയായിരുന്നു....
വാള്‍മാര്‍ട്ടും റിലയന്‍സും ടെസ്കോയും
ഇന്ത്യയില്‍ പുതിയ പുതിയ ചില്ലറ വ്യാപാര
സങ്കേതങ്ങള്‍ തുറക്കുകയായിരുന്നു....
തീര്‍ച്ചയായും അതു നിങ്ങളെപ്പോലുള്ളവരെ ഉദ്ദ്യേശിച്ചല്ലായിരുന്നു.....

തോമസ്‌  പി.കൊടിയന്‍ 

6 comments:

  1. സ്വയമെരിഞ്ഞ് നിറം വിതറുന്നവര്‌.....


    ശുഭാശംസകള്...........‍

    ReplyDelete
  2. അതൊന്നും നിങ്ങളെ ഉദ്ദേശിച്ചല്ല

    കറക്റ്റ്
    രചന നന്നായിട്ടുണ്ട്

    ReplyDelete

  3. എന്നാല്‍ ഇക്കഴിഞ്ഞ മദ്ധ്യാഹ്നത്തില്‍,
    പൊട്ടിത്തെറിച്ച പടക്കശ്ശാലപ്പരിസരങ്ങളിലേക്കു
    ചിതറിവീണ നിങ്ങളുടെ ശരീരഭാഗങ്ങളില്‍
    പിളര്‍ന്നുപോയ നിങ്ങളുടെ കരളും
    ആമാശയങ്ങളും ദൂരദര്‍ശനക്കാഴ്ചയ്ക്കു
    വിധേയമായ നാള്‍മുതല്‍
    എനിക്കു ചിരിക്കാനാവില്ല നന്‍പരേ..

    പടക്കത്തോടൊപ്പം പലപ്പോഴും പൊട്ടിച്ചിതറുവാന്‍ വിധിക്കപ്പെട്ടവര്‍ .....
    നന്നായിട്ടുണ്ട് !!!!!!!

    ReplyDelete
  4. സൌഗന്ധികത്തിന്റെ കമന്റിനോട് അനുകൂലിയ്ക്കുന്നു

    ReplyDelete
  5. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെളിമ്പറമ്പില്‍
    ഒറ്റപ്പെട്ട നിങ്ങളെ പനമ്പായിലും
    തുണിപ്പായിലും പൊതിഞ്ഞ്,
    മുളന്തണ്ടിന്റെ മഞ്ചലിലേറ്റി
    ആതുരാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന
    ദൂരദര്‍ശന ചൊല്ലുകാഴ്ച

    നന്നായിരിക്കുന്നു

    ReplyDelete
  6. കവിതയിലെ വരികള്‍ക്ക് ഒരു ബൈബ്ലിക്കല്‍ ടച്ചുണ്ട്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.