അതിഥികള്‍ക്കെന്നും ആതിഥേയന്‍
അഗതികള്‍ക്കെന്നും ശരണാലയം
അമൃതൊഴുക്കുന്നൊരു പാല്‍ക്കടല്‍ നീ
പിച്ച ഞാന്‍ വെയ്ക്കവേ നിന്‍ പിഞ്ചുകാലില്‍
നുള്ളിനോവിച്ചെത്ര നിര്‍ദ്ദയം ഞാന്‍
കരഞ്ഞില്ലതെല്ലുംമൊഴിഞ്ഞില്ല നീഅന്നേ നിനക്കെന്നെയെത്രയിഷ്ടം
കിടക്കവേ ഗര്‍ഭത്തില്‍ ഞാനുണ്ണിമാങ്ങപോല്‍
അമ്മ കൊതിതീര്‍ത്ത മാമ്പഴമൊന്ന്
ദൂരേയ്ക്കെറിഞ്ഞ വിത്താകുമോ നീ
അച്ഛനമ്മയ്ക്കെന്നെനല്കിയപോല്‍
വാത്സല്യം കനിവാര്‍ന്നോരമ്മയെപ്പോല്‍
സ്നേഹമാം കാര്‍ക്കശ്യം താതനെപ്പോല്‍
താത്വോപദേശഷങ്ങള്‍ ഗുരുവിനെപ്പോല്‍
വേണ്ടപ്പോളേകുന്നോന്‍ കൂട്ടുകാരന്‍
കാര്‍ക്കശ്യം തത്വോപദേശങ്ങള്‍ നീ
മൌനത്തിലാക്കി സ്നെഹംചൊരിഞ്ഞു
ഏകിനീയിത്രനാളെത്രയെല്ലാം
വേണ്ടതെന്തെന്തെന്നറിഞ്ഞുതന്നെ
തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു നീയെന്‍
ചിത്തത്തില്‍ പൂക്കളമിട്ടു നില്‍പ്പൂ
ചാഞ്ചക്കമാടാന്‍ നീ കൈകള്‍നീട്ടി
വെയിലത്തെനിക്കായി ചൂടെറ്റുനീ
മഴയത്തു മുത്തുക്കുട നിവര്‍ത്തി
കാറ്റത്ത് ചാഞ്ഞെനിക്കഭയമേകി
കുളിര്‍തെന്നലാലെന്നെ തൊട്ടിലാട്ടി
മുറ്റത്ത് തളിരിനാല്‍ പട്ടുനീര്‍ത്തി
മാമ്പഴം തിന്നെന്റെ പശിയാറ്റി ഞാന്‍
ഇലകള്‍ കരിച്ചെന്റെ കുളിരാറ്റി ഞാന്‍
പഴുത്തിലകൊണ്ടുഞ്ഞാന്‍ പല്ലുതേച്ചു
പുഴുത്തപല്ലും പൂപോല്‍ മണത്തു
കുയിലുകള്‍ തളിരുണ്ട് പാട്ടുപാടി
ഊഞ്ഞാലിലാടിയണ്ണാറക്കണ്ണന്‍
ശലഭങ്ങള്‍ തേന്‍കുടിച്ചുന്മത്തരായ്
വേച്ചുവേച്ചെങ്ങോ പറന്നുപോയി
പതംഗങ്ങള്‍ തേന്‍കുടിക്കുന്ന കണ്ടാല്‍
പലവര്‍ണ്ണപുഷ്പങ്ങളൊത്തപോലെ
രാപ്പകല്‍ മുറ്റത്ത് കുടനിവര്‍ത്തി
നില്‍ക്കുന്ന നീയോരനല്‍പ്പനല്ലോ
ഒരുമണ്ണ്‍, ഒരുവെള്ളം, ഒരുവായു നമ്മള്‍ക്ക്
എന്തുണ്ട് നമ്മളിലന്യമായി
ജീവികള്‍തന്‍ ഗണത്തില്‍പ്പെടുന്നോര്‍
നമ്മളെന്നെന്നും ഒന്നുതന്നെ
ഒരിക്കല്‍ ഞാനെങ്ങൊ പറന്നിടാനായ്
എല്ലാരുമന്ത്യമായ് യാത്രചൊല്കെ
നീമാത്രമേകില്ലെനിക്ക് യാത്ര
നീയുമെന്‍ സഹയാത്രികനായിടും
ആദ്യം ജനിച്ചു ഞാനെന്നിരിക്കെ
എനിയ്ക്കല്ലോ മരണത്തിലാദ്യ ഊഴം
എന്നന്ത്യമല്ലോ നിന്‍ മരണമണി
ഇപ്പഴേനിന്‍ നല്‍പ്പിനൊക്കെ നന്ദി
തലങ്ങും വിലങ്ങും ശവക്കുഴിയില്‍
എനിക്കു താങ്ങാകാന്‍ മരിക്കുന്നു നീ
ഒരു മണ്ണിലൊരു ചാരമാകവേ നാം
വീണ്ടുമൊന്നാകുന്നൊരാത്മാവുപോല്‍
നന്ദകുമാര്‍ വള്ളിക്കാവ്
ഒരു മണ്ണിലൊരു ചാരമാകവേ നാം
ReplyDeleteവീണ്ടുമൊന്നാകുന്നൊരാത്മാവുപോല്‍
THAAAAAAAAAAAANKS...
നല്ല വരികള്‍
ReplyDeleteനല്ല ആശയം