Wednesday, January 23, 2013

Wednesday, January 23, 2013 6

ശിവകാശിയിലെ നന്‍പര്‍ക്കായി

കൃഷ്ണവര്‍ണ്ണരേ,
ശിവകാശിയിലെ നന്‍പരേ
വര്‍ണ്ണക്കടലാസുകളില്‍പ്പൊതിഞ്ഞ്
നിങ്ങള്‍ ഞങ്ങള്‍ക്കായി നിറച്ചയച്ചിരുന്ന
ഇന്ദ്രജാലങ്ങള്‍
ഞങ്ങളുടെ വിശേഷനാളുകളില്‍
തീ കണ്ടു ഭ്രമിച്ചുണര്‍ന്ന്,
ഞങ്ങളുടെ ഭൂമിയ്ക്കുമേല്‍
വട്ടം ചുഴന്നും തീമഴയായിക്കൂവിയും,
ഞങ്ങളുടെ ആകാശങ്ങള്‍ക്കു കീഴില്‍
നടുങ്ങിയുണര്‍ന്നു ബഹുവര്‍ണ്ണ
തീപ്പൂക്കളായി വിരിഞ്ഞും ആരചിച്ച
ജാലവിദ്യകള്‍ കണ്ട്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ചിരിച്ചിരുന്നു -
നിങ്ങളുടെ ദുഖങ്ങളാണവയെന്നറിയാതെ.....
ചിലപ്പോള്‍ ഞങ്ങളും ചിരിച്ചു.

എന്നാല്‍ ഇക്കഴിഞ്ഞ മദ്ധ്യാഹ്നത്തില്‍,
പൊട്ടിത്തെറിച്ച പടക്കശ്ശാലപ്പരിസരങ്ങളിലേക്കു
ചിതറിവീണ നിങ്ങളുടെ ശരീരഭാഗങ്ങളില്‍
പിളര്‍ന്നുപോയ നിങ്ങളുടെ കരളും
ആമാശയങ്ങളും ദൂരദര്‍ശനക്കാഴ്ചയ്ക്കു
വിധേയമായ നാള്‍മുതല്‍
എനിക്കു ചിരിക്കാനാവില്ല നന്‍പരേ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെളിമ്പറമ്പില്‍
ഒറ്റപ്പെട്ട നിങ്ങളെ പനമ്പായിലും
തുണിപ്പായിലും പൊതിഞ്ഞ്,
മുളന്തണ്ടിന്റെ മഞ്ചലിലേറ്റി
ആതുരാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന    
ദൂരദര്‍ശന ചൊല്ലുകാഴ്ച നടന്നുകൊണ്ടിരിക്കുമ്പോള്‍
കീഴോട്ടിറക്കപ്പെടാനാവാത്ത ഒരു ചെറുതുണ്ടു
ലഡ്ഡു, മരണത്തിന്റെ കയ്പു നല്‍കി
എന്റെ തൊണ്ടയിലിരുന്നു കഴയ്ക്കുകയായിരുന്നു....
വാള്‍മാര്‍ട്ടും റിലയന്‍സും ടെസ്കോയും
ഇന്ത്യയില്‍ പുതിയ പുതിയ ചില്ലറ വ്യാപാര
സങ്കേതങ്ങള്‍ തുറക്കുകയായിരുന്നു....
തീര്‍ച്ചയായും അതു നിങ്ങളെപ്പോലുള്ളവരെ ഉദ്ദ്യേശിച്ചല്ലായിരുന്നു.....

തോമസ്‌  പി.കൊടിയന്‍ 

Tuesday, October 30, 2012

Tuesday, October 30, 2012 3

സമര്‍പ്പണം

ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്,
ജീവിതത്തെ  ലോകത്തിന്റെ മുന്നിലേക്ക്‌ കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ .
ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!!

ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍ 
വിദ്യതന്നാഴിക്കരയിലൂടെ   
അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ-
രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍ ...!

അക്ഷരമക്കങ്ങള്‍ എഞ്ചുവടി 
കഥകള്‍ കവിതകള്‍ ശീലുകളും 
ഭാഷയും ശാസ്ത്രവുമെന്നുവേണ്ട 
സര്‍വതുമെന്നില്‍ പകര്‍ന്നുതന്നു 

ഛന്ദസ്സില്ലാത്തോരെന്‍ ജീവിതത്തെ 
ചന്തത്തില്‍ തേച്ചുമിനുക്കിത്തന്നു
ചിന്തയും വിദ്യയും പാവുകൂട്ടീ -
ട്ടെന്തെന്തു ചിത്രങ്ങള്‍ കോറിയിട്ടു 

കുട്ടിക്കഥകള്‍ പറഞ്ഞുതന്നും 
തൊട്ടുതലോടിയും ശാസിച്ചിട്ടും 
കുട്ടികള്‍ ഞങ്ങളെ നേര്‍വഴികള്‍ 
വെട്ടിത്തെളിക്കുവാന്‍ ശീലിപ്പിച്ചു 

ഇന്നുമാബാലപാഠങ്ങളെന്നില്‍
മിന്നിത്തിളങ്ങിക്കിടപ്പതുണ്ട് 
എന്നുമെന്‍ മാര്‍ഗ്ഗദീപങ്ങളാകാന്‍
വണ്ണമവയ്ക്കു കരുത്തുമുണ്ട് 

എങ്കിലും നിങ്ങള്‍തന്‍ ലാളനയില്‍ 
പ്രോത്സാഹനാര്‍ഥമാം ശാസ്സനയില്‍ 
വീണ്ടുമിരിക്കാനുള്ളാശയുമായ്
ആദരമായിരമര്‍പ്പിക്കുന്നു ...!

മോഹനന്‍ വി.
ന്യൂ ഡെല്‍ഹി  
Facebook 

  
  

Saturday, October 13, 2012

Saturday, October 13, 2012 4

മുല്ലയുടെ പ്രസംഗം

മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക !  എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു .

"മുല്ലാ .... അടുത്ത ഗ്രാമ സഭയില്‍ താങ്കള്‍ പ്രസംഗിക്കണം .  താങ്കളുടെ പ്രസംഗ പ്രാവീണ്യം  കാട്ടാനുള്ള നല്ല അവസരം ആണിത് ."

തന്നെ കുടുക്കാനുള്ള വഴിയുമായാണ്  ഇവര്‍ വന്നിരിക്കുന്നതെന്ന്  മുല്ലയ്ക്ക് മനസ്സിലായി.  പക്ഷെ വയ്യാ എന്ന്  പറയാന്‍ പറ്റില്ലല്ലോ ? അതൊരു കുറച്ചില്‍ അല്ലേ . ശരി എന്നാല്‍ അങ്ങിനെ ആയിക്കൊള്ളട്ടെ.  മുല്ല മറുപടി  പറഞ്ഞു .

മുല്ല പ്രസംഗവേദിയില്‍ എത്തി.  എന്താണ് പറയേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല.  ഒടുവില്‍ മുല്ല ചോദിച്ചു -  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

"ഇല്ലാ.." കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് പോലും അറിയാത്ത ഒരാള്‍ക്കൂട്ടത്തിനുവേണ്ടി പ്രസംഗിക്കാന്‍  ഞാന്‍ തയ്യാറല്ല. "   ഇത്രയും പറഞ്ഞുകൊണ്ട്  മുല്ല വേദിയില്‍ നിന്നും ഇറങ്ങി പ്പോയി.

നാട്ടുകാര്‍ നിരാശരായി , പക്ഷെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ , അടുത്ത തവണയും അവര്‍  മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചു.

ഇത്തവണയും മുല്ല തന്റെ ചോദ്യം ആവര്‍ത്തിച്ചു.  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

ഇത്തവണ കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു  -  "അറിയാം...."

"ശരി.... ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക്  അറിയാവുന്നത് കൊണ്ട് വീണ്ടും അത് പറഞ്ഞു ഞാന്‍ നിങ്ങളുടെ സമയം പാഴാക്കുന്നില്ല.  " ഇത്രയും പറഞ്ഞു മുല്ല വേദി വിട്ടു.

നാട്ടുകാര്‍ വീണ്ടും നിരാശരായി.  പക്ഷെ ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു മുല്ലയെ  വീണ്ടും വിളിച്ചു. 

ഗത്യന്തരം ഇല്ലാതെ മുല്ല അടുത്ത തവണയും പ്രസംഗിക്കാന്‍ എത്തി  തന്റെ പതിവ് ചോദ്യം ആവര്‍ത്തിച്ചു .

"ഞാന്‍ എന്താണ്  സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

പക്ഷെ ഇത്തവണ ജനങ്ങള്‍ തയാറെടുപ്പോടെ യാണ് വന്നിരുന്നത് .  കാണികളില്‍ പകുതിപേര്‍  "അറിയാം" എന്നും പകുതി പേര്‍ "അറിയില്ലാ"എന്നും പറഞ്ഞു.
"അപ്പോള്‍ പകുതി പേര്‍ക്ക് ഞാന്‍ പറയാന്‍ പോകുന്നത് അറിയാം , പകുതി പേര്‍ക്ക് അറിയില്ല , അതുകൊണ്ട് അറിയുന്നവര്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക " ഇത്രയും പറഞ്ഞുകൊണ്ട് മുല്ല സ്ഥലം കാലിയാക്കി.

പിന്നൊരിക്കലും നാട്ടുകാര്‍ മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചിട്ടില്ല.  

Friday, October 12, 2012

Friday, October 12, 2012 2

ഗ്യാസു പോയാല്‍ ...?

ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ്  UPA -2 എന്ന് അവകാശപ്പെടുന്നു.  മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്.  ഈ അടുത്ത കാലത്തെ  തന്നെ നോക്കാം .   ഡീസല്‍ വില വര്‍ധിപ്പിച്ചു.  അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു.  അതിന്റെ കൂടെ ഡീസല്‍ വില കൂടി കൂടിയതോടെ പച്ചക്കറികള്‍ അടക്കം വില വീണ്ടും ഉയര്‍ന്നു.  ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന പല പച്ചക്കറികള്‍ക്കും ഇപ്പോള്‍ 40 രൂപയും അതിനു മുകളിലും ആണ് (ഡല്‍ഹിയില്‍) .

മോങ്ങാന്‍ നില്‍ക്കുന്ന പട്ടിയുടെ തലയില്‍  തേങ്ങ കൂടി വീണാല്‍ എങ്ങിനെയിരിക്കും - അത് പോലെയാണ് ഇന്ന് ജനങ്ങളുടെ സ്ഥിതി.  ആദ്യം സബ്സിഡി ഉള്ള പാചക വാതകത്തിന്റെ  എണ്ണം വര്‍ഷത്തില്‍ 6 ആയി വെട്ടി ചുരുക്കി , അതിനുശേഷം അതിന്റെ വില 11.42 വര്‍ധിപ്പിച്ചു.

7 മുതല്‍ മുകളിലോട്ട്  എത്ര സിലിണ്ടെര്‍  വേണമെങ്കിലും അതിനു ഇരട്ടിയോളം കാശ് കൊടുക്കണം . ഭരിക്കുന്ന സര്‍ക്കാര്‍ ആണോ ഒരു വീട്ടില്‍ എത്ര ഗ്യാസ് സിലിണ്ടെര്‍ വേണം എന്ന് തീരുമാനിക്കുന്നത് ?  ഇതാണ് സ്ഥിതിയെങ്കില്‍ നാളെ അവര്‍ വേറൊരു നിയമം കൊണ്ട് വരും ... ഒരാള്‍ ഒരു നേരം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ !  

തെറ്റായ സാമ്പത്തിക നീതി മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വലയുമ്പോള്‍ അതിന്റെ ശിക്ഷ ജനങ്ങള്‍ക്ക്‌ നല്‍കുകയാണ് മന്‍മോഹന്‍ ഗവണ്മെന്റ്.   സാധാരണ ജനങ്ങള്‍ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ - നെറികെട്ട ഇത്തരം നേതാക്കന്‍മാര്‍ക്ക് വോട്ടു ചെയ്തു പോയി (നമ്മുടെ സാമ്പത്തിക വിദഗ്ദനായ പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കപ്പെ ടാതെ കുറുക്കു വഴിയിലൂടെ വന്നതാണെങ്കി ലും).  സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട കാശ് മുഴുവനും രാജയും, കല്മാടിയും മറ്റു മന്ത്രിമാരും കൂടി കൈയ്യടക്കി വച്ചിരിക്കുകയല്ലേ !.  അതിനെതിരെ ഒരു വിരല് ഞൊടിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.  പാര്‍ട്ടി പ്രസിഡന്റ്‌  പറയാതെ വല്ലതും കഴിക്കാനും പോലും ഇദ്ദ്യെഹം വായ തുറക്കത്തില്ല .  വായ തുറന്നാല്‍ ഒരേ ഒരു വാക്ക് പുറത്ത് വരും FDI ! കുറച്ചു കൂടി നിര്‍ബന്ധിച്ചാല്‍ പറയും "പണം മരത്തില്‍ കായ്ക്കില്ല " എന്ന്.  ഇദ്ദ്യെഹത്തിനോട് ഇത് തന്നെയാണ് ജനങ്ങള്‍ക്കും പറയാന്‍ ഉള്ളത് ..."പണം ഉണ്ടാക്കുന്ന മരങ്ങള്‍ സാധാരണ ജനങ്ങളുടെ വീട്ടിലും ഇല്ല".  പിന്നെ ഈ അധിക ചിലവിനുള്ള കാശ് ജനങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും ? രാപ്പകല്‍ അദ്ദ്വാനിച്ചു കിട്ടുന്ന നക്കാപിച്ച കൊണ്ട് നേരായ രീതിയില്‍ ഉണ്ടുടുത്ത്  കഴിയാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കാര്‍ പാചക വാതകം വെട്ടി ചുരുക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെയാണ് .  ഇന്ത്യയില്‍ ചെറിയൊരു ശതമാനം മാത്രമേ പാചക വാതകം ഉപയോഗിക്കുന്നുള്ളൂ , അവര്‍ മുഴുവന്‍ പണക്കാരാണ് .  പാവപ്പെട്ടവര്‍ എല്ലാം വിറകു ആണ് ഉപയോഗിക്കുന്നത് .  അതുകൊണ്ട് ഈ തീരുമാനം സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലാ.    ഇതിനു ഒരു ഉത്തരം മാത്രമേ പറയാന്‍ ഉള്ളൂ.  നാട്ടിനെ വീണ്ടും  ശിലായുഗത്തിലേക്ക്‌ നയിക്കുകയാണോ ?

ഇതേ സ്ഥിതി തുടരുകയാനെകില്‍ നാളെ വിറകു ഇന്ത്യയിലെ ജനങ്ങളുടെ ഒരു ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം ആയിരിക്കും.  അങ്ങനെ ഉള്ള ഒരു നാളെ എങ്ങിനെ യിരിക്കും ?  വായിക്കുക  "വിറകു റിപ്പബ്ലിക് "

ദിനംതോറും പുതിയ പുതിയ കുംബകോണങ്ങള്‍ പുറത്ത് വരികയാണ്.  ഇതിനായി ഒരു അവാര്‍ഡ് നിലവിലുണ്ടെങ്കില്‍ അതിനു ഏറ്റവും അര്‍ഹര്‍ UPA സര്‍ക്കാര്‍ ആണ്.  കുറച്ചു കാലം മുന്‍പ് 2G സ്കാം , പിന്നെ കോമ്മണ്‍ വെല്‍ത്ത് കുംഭകോണം അത് കഴിഞ്ഞു കല്‍ക്കരി കുമ്പകോണം .   എല്ലാത്തിലും ഉള്ള നഷ്ടങ്ങള്‍ കൂട്ടാന്‍ നിലവിലുള്ള കാല്‍കുലേറ്റര്‍ മതിയാവില്ല !

ഏതഴിമതി പുറത്ത് വന്നാലും ഉളുപ്പില്ലാതെ അതിനെ ന്യായികരിക്കാന്‍ കുറെ നേതാക്കളും മന്ത്രിമാരും !  ഇതിനിടെ  വേറൊരു സംഭവം പുറത്തു വന്നു.  ഹരിയാനയില്‍ പേരുകേട്ട കെട്ടിട നിര്‍മ്മാക്കള്‍ ആയ DLF കോടിക്കണക്കിനു വരുന്ന ഭൂമി തുച്ചമായ വിലക്ക് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ മരുമകന് നല്‍കി.   കൂടാതെ യാതൊരു ഉറപ്പും ഇല്ലാതെ  കോടിക്കണക്കിനു രൂപയുടെ ലോണും !  അതില്‍ യാതൊരു തെറ്റും ഇല്ല എന്ന് പാടിനടക്കാന്‍ ചെറുതും വലുതുമായ നേതാക്കന്മാരും മന്ത്രിമാരും ! കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഹരിയാണ സര്‍ക്കാരും  DLF-ഉം  തമ്മില്‍ നടന്ന ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ക്ക്‌ ഇതിലും വലിയ ഒരു പ്രമാണം വേണോ ?

അഴിമതിയില്‍ മുങ്ങി കുളിച്ച രാഷ്ട്രീയക്കാര്‍ നന്നാവും എന്ന് പ്രതീക്ഷിച്ചിട്ടു കാര്യം ഒന്നും ഇല്ല. കാരണം നമ്മുടെ സമൂഹം മുഴുവന്‍ അഴിമതിയുടെ കറയില്‍ മുങ്ങിയിരിക്കുകയാണ്.  രാഷ്ട്രം നന്നാവണമെങ്കില്‍ സമൂഹം നന്നാവണം , സമൂഹം നന്നാവണമെങ്കില്‍ കുടുമ്പം നന്നാവണം , കുടുമ്പം നന്നാവണമെങ്കില്‍ വ്യക്തി നന്നാവണം.  സമൂഹത്തില്‍ ഇന്ന് നിലവിലുള്ള അഴിമതികളും അക്രമങ്ങളും നേരെയാകണമെങ്കില്‍ ആദ്യം നമുക്ക് നന്നാകാം.  "ഈ കൂട്ടത്തില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്നാ മഹാദ്വജനം ഓര്‍മ്മയില്ലേ ?  ഈ നാടിനെ നന്നാക്കാന്‍ ഒരു അവതാരം വരും എന്ന് കാത്തിരിക്കാതെ ഈ സമൂഹത്തെ നന്നാക്കാന്‍ ആദ്യം നമുക്ക് നന്നാകം , എങ്കില്‍ ഈ നാടും നന്നാകും.

വിനോദ് ചിറയില്‍  

Wednesday, October 03, 2012

Wednesday, October 03, 2012 3

കടങ്കവിത

"കള്ളച്ചെകുത്താനെ ,
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"

"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"

"ഒരു ക്ലൂ തരുമോ ?"

"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ സ്വപ്നം
പൂവണിഞ്ഞിരിക്കുന്നു, ആരും നിര്‍ബന്ധിക്കാതെ.
ഇവിടെ കള്ളനും പോലീസുമുണ്ട് .
ഡോക്ടര്‍മാരും രോഗികളുമുണ്ട് .
സര്‍ക്കാര്‍ ജോലിക്കാരും സാദാ പൌരന്മാരുമുണ്ട്.
കേരളം ഇവിടെ ശാന്തി തീര്‍ത്ഥം തിരയുകയാണ്.
ഇനിപ്പറയൂ ഞാനെവിടെയാണ്."

"ഓ! നിന്നെയോടുങ്ങാന്‍
നീയിപ്പോഴും .....   ബിവറേജസില്‍ തന്നെയാണല്ലേ ?"

തോമസ്‌ പി.കൊടിയന്‍ 
കൊടിയന്‍ വീട്
ആയക്കാട്‌, ത്രിക്കാരിയൂര്‍ പീ.ഒ.
കോതമംഗലം 686691
ഫോണ്‍ : 9946430050