Wednesday, May 15, 2013

Wednesday, May 15, 2013 4

വന്നൊരാള്‍ മഴയായ് ....


വേഴാമ്പലും പോയ്‌ ...നീലാമ്പലും പോയ്‌...... ...  
ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..
നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?
നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ?

കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...
ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....
സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...
ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...
വാടിയ പൂവുപോൽ...തൂവൽ കൊഴിഞ്ഞപോൾ
കണ്ണുനീർ മുത്തുകൾ മാത്രാമായ് ഗദ്ഗദം ..
അതുകണ്ട സൂര്യൻ കാർമേഘ മുത്തിനു
ഒരു ചുടു ചുംബനം മാത്രമായ്‌ നൽകി ....
ആകാശ പൂമരം പൂത്തു തളിർത്തു പോയ്‌
ഭൂമിയിലായിരം തെളിവാർന്ന തുള്ളിയായ്...
മിന്നലിൻ താളങ്ങൾ കണ്ടു രസിച്ചവൾ...
പൂമഴതുള്ളികൾ മാറോടണച്ചവൾ....
ശാലീനമായവൾ തേടിതിരഞ്ഞോരാൾ....
വന്നുപോയ്‌ ഇനിയെന്നും പാടിപറക്കുവാൻ..
കാത്തിരിപ്പിൻ മഴ പ്രണയമായ് പൂത്തുവോ...?
മനസ്സിൻ മടിയിലെ താമര പൊയ്കയിൽ...!

അജിത്‌ പി നായർ

Tuesday, May 14, 2013

Tuesday, May 14, 2013 4

അക്ഷരക്കൊട്ടാരം ...!

ഓര്‍മ്മകള്‍ ...!

അവയ്ക്ക് അനന്തമായി ...
കാലത്തിന്റെ അതിരുകളില്ലാതെ 
പിന്‍നട  സാധ്യമായിരുന്നെങ്കില്‍ ...!

ചിന്തകള്‍ക്ക് ...
കാണാക്കടലിന്റെ  അഗാധതയോളം 
ഊളിയിട്ടിറങ്ങിചെല്ലാന്‍ 
കെല്പുണ്ടായിരുന്നെങ്കില്‍ ...!

ഭാവനകള്‍ക്ക് ...
ആകാശത്തിന്റെ നീലിമകളിലൂടെ 
ചിറകു വിരിച്ചുല്ലസിച്ച് 
പാറിപ്പറക്കാന്‍  കഴിഞ്ഞിരുന്നെങ്കില്‍ ...!

ആശയങ്ങള്‍ക്ക് ...
തീഷ്ണമായ ജീവല്‍സമസ്യകള്‍ക്ക് 
സാന്ത്വനമേകാനുള്ള  
മറുമരുന്നാകാന്‍  കഴിഞ്ഞിരുന്നെങ്കില്‍ ...!

വാക്കുകള്‍ക്ക് ...
കാരമുള്ളിന്റെ കൂര്‍മ്മതയും 
കാരിരുമ്പിന്റെ കാഠിന്യവും 
കിളിക്കൊഞ്ചലിന്റെ 
ലാളിത്യവുമുണ്ടായിരുന്നെങ്കില്‍ ...!

ബുദ്ധിക്ക് ...
വെള്ളിടിയുടെ മൂര്‍ച്ചയും 
സൌരതേജസ്സിന്റെ പ്രഭയും 
ക്ഷീരപഥങ്ങള്‍ക്കപ്പുറത്തോളം 
വ്യാപ്തിയുമുണ്ടായിരുന്നെങ്കില്‍ ...!

എങ്കില്‍ ...?
എങ്കില്‍ ... ഞാനും 
ആ മലര്‍പ്പൊടിക്കാരനെപ്പോലെ 
പ്രപഞ്ചത്തോളം വലിയൊരു 
അക്ഷരക്കൊട്ടാരമുണ്ടാക്കിയേനെ ...!

മോഹനന്‍  വെളിച്ചംതോടന്‍ 
facebook : https://www.facebook.com/mohanan.velichamthodan

Monday, May 13, 2013

Monday, May 13, 2013 8

തണല്‍ മരങ്ങള്‍

അലയുന്നു ഞാന്‍  വീണ്ടും ;
തണല്‍ മരങ്ങള്‍ തേടി ....
ഓര്‍മ്മയില്‍ എപ്പഴോ
പടര്‍ന്നു പന്തലിച്ച ചിന്തകള്‍
നട്ടതാര് ... അറിയില്ലെന്നോ ?
ചോദിച്ചില്ല -
ആരും പറഞ്ഞതുമില്ല .

വിശ്രമിക്കാനെത്തിയവരും തിരിച്ചറിയുന്നില്ല
അന്യേഷണങ്ങള്‍ തളര്‍ന്നപ്പോഴും
മനസ്സു മന്ത്രിച്ചു ;
ഉത്തരം തരൂ ഈ രാവുതീരും മുമ്പേ
ഭ്രാന്തന്‍ ചിന്തകള്‍ വലിച്ചെറിഞ്ഞപ്പോള്‍
തെറ്റുപറ്റിയില്ലേയെന്നാരോ പറഞ്ഞു .
തണല്‍ മരത്തിന്‍ കീഴെയുറങ്ങാന്‍
വീണ്ടും യാത്രകള്‍
വേണ്ട മടുക്കുന്നു അലച്ചില്‍ എന്നാത്മാവും
ഓര്‍മ്മകള്‍ തണല്‍ മരത്തിന്‍ കീഴെ കുഴിച്ചുമൂടിയപ്പോള്‍
ചെറുതെന്നല്‍ ഒന്നും മിണ്ടാതെ യാത്ര പറഞ്ഞു ....

അജിത്‌ പി. നായര്‍ 

ബ്ലോഗ്‌ : http://www.mazhachinthukal.blogspot.com

Sunday, May 05, 2013

Sunday, May 05, 2013 3

സദ്യ വിശേഷം

സദ്യ വിശേഷം 

കുട്ടാ കുട്ടാ കുട്ടപ്പാ
സദ്യ വിശേഷമിതെന്തുണ്ട്  ?
ഇഞ്ചിപ്പച്ചടി രസമുണ്ടേ
നാരങ്ങാക്കറി മണമുണ്ടേ
സാമ്പാറിന്നിത്തിരി പുളിയുണ്ടേ
അവിയലിനേറെ ഗുണമുണ്ടേ .




പര്‍വതം

അയ്യോ  പര്‍വത ഗിരിരാജാ
എന്തൊരു ചന്തം നിന്നെക്കാണാന്‍ !
അമ്പരചുംബികള്‍ നിന്റെ ശിരസ്സുകള്‍
അമ്പോ എന്തൊരു ഉയരത്തില്‍ !
കാടുകള്‍ അനവധി ഉണ്ടല്ലോ
മാടുകളനവധി കണ്ടല്ലോ
ചന്ദന മരവും പൂന്തേനരുവിയും
തിരുവദനത്തിന്‍ ഭൂഷണമല്ലോ
നദിയും മഴയും നിന്‍ വരദാനം
പര്‍വതമേ നീ എന്നും പൂജ്യന്‍ !




കടല്‍

കടലേ നീയൊരു കനിയല്ലേ
അക്ഷയമായൊരു ഖനിയല്ലേ
മുത്തുകള്‍ ചിപ്പികള്‍ കൂറ്റന്‍ മീനുകള്‍
കക്കകള്‍ പിന്നെ വൈരക്കല്ലുകള്‍
സമ്പന്നതയുടെ പര്യായം നീ
അനവധി നിധിതന്‍ കേദാരം നീ




വിനോദ് ചിറയില്‍ 

Wednesday, May 01, 2013

Wednesday, May 01, 2013 1

ടിന്റുമോന്‍

ഒരിക്കല്‍ ഒരു സുഹൃത്ത് ടിന്റുവിനോട് : നിനക്കറിയാമോ ..... രണ്ടു പാപം ചെയ്തവര്‍ സ്വര്‍ഗത്തില്‍ പോയാല്‍ അവര്‍ക്ക് ഇരുചക്ര വാഹനം കൊടുക്കും.   മൂന്നു പാപം ചെയ്തവര്‍ക്ക് മൂന്നു ചക്രമുള്ള ഓട്ടോറിക്ഷയും .

ടിന്‍റു : അങ്ങിനെയെങ്കില്‍ സ്വര്‍ഗത്തില്‍ പോകുന്നതിനു മുമ്പായി എനിക്ക് ട്രെയിന്‍ ഓടിക്കാന്‍ പഠിക്കണം !


* * *       *      * * *       *       * * *        *      * * *

ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് സിനിമ കാണാന്‍ പോയ ടിന്‍റു മോന്‍ വീട്ടില്‍ മടങ്ങിയെത്തി അച്ഛനോട് :  ഡാഡി ഇനിയൊരിക്കലും ആ നായകന്‍റെ സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു പോവില്ല.

അച്ഛന്‍ : അതെന്താ ?

ടിന്‍റു : വയറ്റിലുള്ള കോഴിവരെ കൂവി !

അച്ഛൻ : ഇപ്പോൾ മനസ്സിലായി അത് ഏതു നായകൻറെ സിനിമയാണെന്ന് !

* * *       *      * * *       *       * * *        *      * * *


ഹെല്‍മറ്റില്ലാതെ രാത്രിയില്‍ ബൈക്കോടിച്ചു വരികയായിരുന്ന ടിന്റുമോനെ തടഞ്ഞുനിര്‍ത്തിയ ഒരു പോലീസുകാരന്‍ : എടോ , ഹെല്‍മറ്റ് എവിടെ ?

ടിന്‍റു : സാറിനെ കണ്ടത് നന്നായി ഞാന്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു.

പോലീസുകാരന്‍ : എന്തിന്  ?

ടിന്‍റു : എന്റെ ഹെല്‍മറ്റ് കളവുപോയ വിവരം പറയാന്‍ !

* * *       *      * * *       *       * * *        *      * * *

ഒരിക്കല്‍ ഒരു കൈനോട്ടക്കാരന്‍ ടിന്റുമോന്റെ കൈനോക്കിപ്പറഞ്ഞു : ഒരുപാടു കാലം പഠിക്കാനുള്ള യോഗം ഈ കൈയില്‍ കാണുന്നു.

ടിന്‍റു : അതെനിക്കറിയാം , കാരണം ഓരോ ക്ലാസ്സിലും ഒരുപാടുകാലം പഠിച്ചാണ് ഞാന്‍ അടുത്ത ക്ലാസ്സില്‍ പോകുന്നത്.  എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്.

കൈനോട്ടാക്കാരന്‍ : എന്തു  കാര്യം ?

ടിന്‍റു : ഇപ്പോഴത്തെ ക്ലാസ്സില്‍ എത്ര കാലം പഠിക്കേണ്ടിവരും ?