Tuesday, May 21, 2013

Tuesday, May 21, 2013 4

മഴയുടെ ചൂളംവിളി...


ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ...
വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്.
കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ
കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ.

വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ...
ദൂരത്തു നിന്നിതാ ഓടിവരുന്നവൾ...
മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം
സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ്

മഴയിൽ പൊതിഞ്ഞൊരാ സുന്ദര രൂപത്തെ
കണ്ടൊരു മാത്രയിൽ പ്രേമം വിരിഞ്ഞുവോ?
മഴത്തുള്ളികൾ ഊർന്നു വീണൊരാ കവിളിൻ മുകളിൾ
ഒരു ചുംബനം നൽകാൻ കൊതിച്ചീടുന്നുവോ ....

നെറ്റിത്തടത്തിലെ കുങ്കുമം മാഞ്ഞുപോയ് ...
ചുണ്ടിലൊരു ചിരി മാത്രം മായാതെ...
മുത്തശ്ശി കഥയിൽ ഞാൻ കേട്ട രാജകുമാരിയോ
അതോ കൃഷ്ണനെ പ്രണയിച്ച രാധയും നീയോ.

ദേവിയെ പ്രണയിച്ച പൂജാരിയെപ്പോൾ
ഞാനും എൻ പ്രണയവും നിന്നെ ക്ഷണിക്കുന്നു...
മഴയുടെ ഓർമ്മയും നിൻ ചിരിയുടെ ഭാവവും
പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല.

ട്രെയിനുകൾ ചൂളം വിളിച്ചിതാ പോകുന്നു..
എൻ കണ്ണുകൾ നിന്നെയും തേടിയിതാ അലയുന്നു...

അജിത്‌ പി നായർ കീഴാറ്റിങ്ങൽ














എന്റെ ബ്ലോഗ്‌ : www.mazhachinthukal.blogspot.com

Monday, May 20, 2013

Monday, May 20, 2013 1

ഈ തോടിന്‍ തീരത്ത് ...

ഇവളെന്റെ പ്രണയിനി
ഹരിതം പുതച്ച സഹ്യന്‍റെ
പച്ചിലചാര്‍ത്തില്‍  നിന്നര്‍ക്കന്റെ
പൊന്കിരണമേറ്റുണര്‍ന്നടര്‍ന്നവള്‍
പണ്ടൊരു പഴമൊഴിയിലെ പലതുള്ളി-
പെരുവള്ളമായിവന്നുചേര്‍ന്നവള്‍
കളകളസ്വരനാദമായെന്റെ
ഹൃദയം കുളിരണിയിച്ചവള്‍
ഇവളെന്റെ കാമിനി .....
ബാല്യത്തില്‍ ഇവളെനിക്കെന്റെ
കൂട്ടുകാരി......
എന്റെ വികൃതികള്‍ക്ക്
കൂട്ടുനിന്നവള്‍ .....
എന്റെ സുഖദുഃഖങ്ങള്‍ക്ക്
തണലായവള്‍ .....
നിറഞ്ഞു തുളുമ്പിയൊഴുകും
ഇവളെന്റെ
യൌവനകാല സിരാഞരമ്പുകള്‍ -
ക്കഗ്നി പകര്‍ന്നു .
ആ തീരത്ത് ഞാനെന്‍റെ
പ്രണയമൊഴുക്കി .....
ചുംബനം പങ്കുവെച്ചു .

പ്രജീഷ്  വേങ്ങ 



Sunday, May 19, 2013

Sunday, May 19, 2013 5

നീയെത്തും നേരത്ത്

ഇത് വെറുമൊരു യാത്രയല്ല..
ആത്മാവ് നീറുന്ന അലയുമീ യാത്ര..

ജീവിച്ചിരിക്കുന്ന പ്രണയമാം യാതന
ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ
അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം
വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ
പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ
മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ...
മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ
ആടിയുലഞ്ഞൊരു സ്വപ്നമായ് വന്നുപോയ്‌ ...
കാത്തു നിൽക്കുന്ന വീഥികൾ മറച്ചുവോ?
സമ്മാനമായൊരു പുഞ്ചിരി തന്നുവോ ...

ഞാൻ ആദ്യമായ് തന്നൊരു പൂമുത്തു മാല നീ
കൈകളിൽ വച്ചപ്പോൾ മുഖമൊന്നു വാടിയോ
പാദസ്വരതിന്റെ കിലുകിലുക്കങ്ങൾ
ആകാശഗംഗയെ പോലും തളർത്തിയോ ...
മഞ്ഞിൻ കണങ്ങൾ പോലെ നിൻ കണ്‍പീലിയിൽ
തേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...

കാലങ്ങൾ ഏറെ കൊഴിഞ്ഞങ്ങു പോകയാൽ
ഒരുമഴക്കാറുപോൾ ഇനിയുമവൾ വന്നീല ..
കാവിലെ മുകിലുകൾ പറയാതെ യാത്രയായ് ..
പാടവരമ്പത്തെ കൊറ്റിയും മാഞ്ഞുപോയ്..
മനസ്സങ്ങു പാതിരാ ലോകത്തു പായുമോ
മോഹിച്ച രാത്രികൾ മാഞ്ഞങ്ങു പോകുമോ..

ഒരു വിഷുക്കണിയായ്...ഒരു പുലർചിരിയായ്..
വീണ്ടും മനസ്സിൻറെ താളം പിടിക്കുവാൻ
നീല നിലാവത്തു ഒരു പൊൻ തൂവലായ്..
വന്നുവോ അവളിന്ന് എൻ മായിക ലോകത്തു....


അജിത് ‌ പി കീഴാറ്റിങ്ങൾ


Saturday, May 18, 2013

Saturday, May 18, 2013 5

പ്രണയത്തിന്‍ മഴച്ചിന്തുകള്‍

കലാലയത്തിൻ വീഥികൾ കരയുന്നുവോ ?

ആ മഴ രാവ്‌ മറക്കുവാനാകാതെ  ...

പിണക്കത്തിലാണോ കാർമേഘ മുത്തുകൾ...
തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ...


ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..
ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ...


മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...
ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ...

മഴപ്പാട്ടുമായെൻ ജീവിത ചിന്തകൾ
ഇടനാഴികളിൽ ഒരു മുത്തം ഓർമ്മയിൽ മാത്രം ...


പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌
പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...


ജീവിത സ്വപ്‌നങ്ങൾ അവൾക്കായ് മാത്രമോ ?
എൻ പ്രണയ മഴയായ് പെയ്തൊഴിയാനായ്..


മയിലഴകിൻ ചിരിവിതറി മഴമുത്തുകൾ ...
നിൻ തളിർ ചുണ്ടുകളിൽ ചിരിമുത്തായ് പടരുമ്പോൾ..


ഒരു നിഴൽ പക്ഷിപോൽ മാറോടണച്ചു നിൻ 
പ്രണയമാം ശലഭമായ് പാറിപ്പറക്കവേ ...


കുളിരുള്ള മഴയത്ത് നിലാവൊന്നു മറഞ്ഞപ്പോൾ 
മനസ്സുകൾ വിതുമ്പിയോ?ഒരു ചുടു നിശ്വാസത്തിനായ്...
മഴച്ചിത്രങ്ങൾ പതിയുന്ന ആകാശ പൊയ്കയിൽ 
വിരുന്നെത്തി ഇന്നു നീ ...എൻ പ്രണയാർദ്ര ദേവതേ........

അജിത്‌ പി നായർ

Wednesday, May 15, 2013

Wednesday, May 15, 2013 4

രാജ്യം കാത്തിരിക്കുന്നതാരെ ...?


രാജ്യം കാത്തിരിക്കുന്നതാരെ ...? ലോക്‌സഭ ഇലക്ഷന്‍ കൌണ്ട് ഡൌണ്:

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ചങ്കിടിപ്പ് ക്കൂടി ക്കൂടി വരുകയാണ്. ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അണിയറയില്‍ പാര്‍ട്ടിക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. കോണ്‍ഗ്രസ്സും ബിജെപിയും മൂന്നാം മുന്നണിയും ബലാബലം മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാകും നടക്കാന്‍ പോകുന്നതെന്ന കാര്യത്തില സംശയമില്ല.


കോണ്‍ഗ്രസ്സിനും ബിജെപ്പിക്കും ഭരിക്കാന്‍ സഖ്യ കക്ഷികളുടെ സഹായം മുമ്പത്തെക്കാളേറെ വേണ്ടി വരുന്നൊരു സമയമായിരിക്കും ഇത്തവണ. രാജ്യം കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ മുങ്ങി ക്കുളിച്ചു നില്‍ക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണു കോണ്‍ഗ്രസ് നേതൃത്വം. സഖ്യകക്ഷികള്‍ പടിയിറങ്ങി പോകുമ്പോഴും ഗവണ്‍മെന്റ് വീഴാതെ നില്ക്കുന്നത് ഉടനൊരു തിരഞ്ഞെടുപ്പ് ഒരു പാര്‍ട്ടിക്കാരും ആഗ്രഹിക്കുന്നില്ല എന്നതിനു തെളിവാണ്.

രാഹുല്‍ ഗാന്ധിയെ മുന്നില് നിര്‍ത്തിയുള്ള ഒരു പടപ്പുറപ്പാടായിരിക്കും കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ പോകുന്നത്. താന്‍ പ്രധാന മന്ത്രി പദത്തിലെക്കില്ല എന്ന് പറയുന്നുവെങ്കിലും അണിയറയില്‍ രാഹുലിനെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് റിപ്പോട്ട് , മറിച്ച്  ബിജെപ്പിക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തി ക്കാണിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപ്പിക്ക്‌സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. പ്രധാന മന്ത്രി കസേരയ്ക്കു താനും ഒരുക്കമാണെന്ന് ഒളിഞ്ഞും മറഞ്ഞും സംസാരിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും മോഡിയെ ഉയര്‍ത്തിയാല്‍ മുന്നണി വിടുമെന്ന സൂചനയുമായി ജെഡി യു വും ബിജെപ്പിക്ക് വരും ദിവസങ്ങളിലും തലവേദന ആകും എന്നതില്‍ തര്‍ക്കമില്ല.

പക്ഷെ ഗുജറാത്ത് വികസനം ചൂണ്ടിക്കാട്ടി ഇന്ത്യയെ മൊത്തം വരുതിയിലാക്കമെന്ന ബിജെപി സ്വപനം കണ്ടുതന്നെ അറിയണം. മാധ്യമങ്ങള്‍ ആഘോഷിക്കുന്ന മോഡി തരംഗം എത്ര കണ്ടു ഫലവത്താകുമെന്ന് ഇപ്പോള്‍ പറയാന്‍ ബിജെപ്പിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ പഴയ രാമക്ഷേത്ര അജണ്ട വീണ്ടും പൊടി തട്ടി എടുത്തത്.

എന്നാല്‍ മോഡിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ്സിനു ശരിക്ക് വിയര്‍പ്പോഴുക്കെണ്ടിവരും.ഗോത്രാ കലാപത്തിന്റെ പാടുകള്‍ വികസന മേന്മയില്‍ കഴുകിക്കളഞ്ഞ ആളാണ് മോഡി.യുവജങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ മോഡിയുടെ പ്രവര്‍ത്തികള്‍ക്കും പ്രസംഗങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ യുവജനങ്ങള്‍ ആണെന്നുള്ളത് മോഡിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ഏതായാലും മുന്നില് നിന്നു നയിക്കാന്‍ മോഡി യുണ്ടാകും എന്നത് ഉറപ്പാണ് .അതിനാണല്ലോ അദേഹത്തെ ബിജെപി പര്‍ലമെന്റ്ററി ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്.

എന്നാല്‍ ന്യുന പക്ഷ വോട്ടുപിടിക്കാന്‍ എന്തു തന്ത്രമാണ് ബിജെപി പയറ്റാന്‍ പോകുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ടിവരും.എങ്കിലും കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് കിട്ടുന്ന ചാട്ടവാറടി ബിജെപിക്ക് വോട്ടുകളായി മാറുമെന്ന കാര്യത്തില സംശയം വേണ്ട. എന്നാല്‍ മോഡി എന്നാ ബ്രാന്‍ഡ് നെയിം ബിജെപ്പിക്ക് ഗുണ മുണ്ടാകാനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ്സിനും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തി മൂന്നാം മുന്നണി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവ് കാത്തിരിക്കുന്നതും അതാണ്.എന്നാല്‍ കാത്തിരിപ്പ് ഇനിയും നീളാനാനു സാധ്യത.നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പറയും പോലെ ചെറു പാര്‍ട്ടികള്‍ വിചാരിച്ചാലും ഭരണം മാറ്റിമറിക്കാന്‍ സാധിക്കും. ഒറീസ്സയിലെ നവീന്‍ പട്‌നായക്കും,തമിഴ്‌നാടില്‍ ജയലളിതയും ബംഗാളില്‍ മമതയും ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തക്കം പാര്ത്തിരിക്കുന്നതും അതിനാണ്.മൂന്നാം മുന്നണി എന്നാശയം അവരും സ്വപ്നം കാണുന്നു.ഏതായാലും 272 എന്നാ മാന്ത്രിക സംഖ്യ ഒരു പാര്‍ട്ടിക്കും കിട്ടില്ല എന്നാ കാര്യം ഉറപ്പാണ്.

ബിജെപിക്ക് 180 കോണ്‍ഗ്രസ്സിനു 140 എന്നിങ്ങനെയാണ് ഈ പാര്‍ട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്ന സീറ്റെന്നാണ് പലസര്‍വേ കളും പറയുന്നത്.അങ്ങനെ വരുമ്പോള്‍ പ്രാദേശിക കക്ഷികള്‍ തീരുമാനിക്കും ആരെ ഭരിക്കാന്‍ വിടണമെന്ന്.

മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്സിനൊപ്പം കൂട്ടുനില്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് താത്പര്യം ഉണ്ടാകില്ല.

അവസരം വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ബിജെപ്പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും.

ബിജെപി ചക്രവര്‍ത്തി മോഡിയോ ,കോണ്‍ഗ്രസ് യുവരാജാവ് രാഹുലോ അതോ മൂന്നാം മുന്നണി പോരാളി മറ്റാരെങ്ങിലുമോ രാജ്യം അവര്‍ക്കായി കാത്തിരിക്കുകയാണ്…

അജിത്‌ പി. നായര്‍